അരിസോണ: കഴിഞ്ഞ ആഗസ്ത് അവസാനത്തിൽ സെഫിർ എന്ന സൗരോർജത്തിൽ പ്രവർത്തിക്കുന്ന ചെറുവിമാനം അരിസോണയിൽ അപ്രതീക്ഷിതമായി തകർന്നുവീണത് 64 വർഷം മുമ്പ് സ്ഥാപിച്ച ഒരു ലോക റെക്കോർഡ് തകർക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു.
അമേരിക്കൻ ആർമി പ്രവർത്തിപ്പിക്കുകയും എയർബസ് നിർമ്മിക്കുകയും ചെയ്ത ആളില്ലാ വിമാനം തകർന്നു വീഴുന്നതിന് മുമ്പ് 64 ദിവസവും 18 മണിക്കൂറും 26 മിനിറ്റും പറന്നു. എക്കാലത്തെയും ദൈർഘ്യമേറിയ തുടർച്ചയായ പറക്കൽ എന്ന റെക്കോർഡ് തകർക്കാൻ വെറും നാല് മണിക്കൂർ മാത്രം ബാക്കി നിൽക്കെയായിരുന്നു ആ വീഴ്ച.
നാല് സീറ്റുള്ള വിമാനത്തിൽ പറന്ന് റോബർട്ട് ടിമ്മും ജോൺ കുക്കും 64 വർഷം മുമ്പ്, 1959 ഫെബ്രുവരി ഏഴിന് ലാസ് വെഗാസിന് മുകളിലൂടെ ആരംഭിച്ച യാത്ര 64 ദിവസവും 22 മണിക്കൂറും 19 മിനിറ്റും ആകാശത്ത് തുടർന്നു. ഈ മുൻകാല റെക്കോർഡ് തകർക്കാൻ കഴിയാതെയാണ് സെഫിർ തകർന്നുവീണത്.
രണ്ട് മാസത്തിലേറെ നീണ്ട യാത്ര കൊണ്ട് വിമാനം പിന്നിട്ടത് 1.5 ലക്ഷം കിലോമീറ്ററാണ്. ആറ് ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ ആരും തകര്‍ക്കാത്ത ഈ റെക്കോര്‍ഡ് നിശ്ചയദാര്‍ഢ്യത്തിന്റെ ഉത്തമ ഉദാഹരണമാണ്.
തുടക്കം ഹോട്ടൽ പ്രചരണാര്‍ത്ഥം
1956 ലാണ് ലാസ് വെഗാസ് സ്ട്രിപ്പിന്റെ തെക്കേ അറ്റത്ത് ഡോക് ബെയ്‌ക് എന്ന വ്യവസായിയുടെ ഉടമസ്ഥതയിൽ ഹസിയന്‍ഡ ഹോട്ടലും കാസിനോയും തുറന്നത്.
ലാസ് വെഗാസിലെ ആദ്യത്തെ കുടുംബാധിഷ്ഠിത റിസോർട്ടുകളിൽ ഒന്നായിരുന്നു ഇത്. ഹോട്ടലിന്റെ പ്രചരണാര്‍ത്ഥം അതിന്റെ ഉടമ ഒരു ജീവനക്കാരന്റെ നിർദ്ദേശം സ്വീകരിച്ചു. ഹോട്ടലിന്റെ പേരുള്ള ഒരു വിമാനം അതിന്റെ വശത്ത് പറത്തുക. അങ്ങനെ അദ്ദേഹം തന്റെ ഹോട്ടലിന്റെ പ്രചരണാര്‍ത്ഥം നടത്തിയ ശ്രമങ്ങളാണ് ഇന്നും നിലനില്‍ക്കുന്ന ഫ്ലൈറ്റ് എന്‍ഡ്യൂറന്‍സ് റെക്കോര്‍ഡില്‍ കലാശിച്ചത്.
ഒരു വിമാനത്തിന് എത്ര സമയം ആകാശത്ത് തുടരാന്‍ കഴിയും അല്ലെങ്കില്‍ വിമാനത്തിന് പറക്കുന്നതിലുള്ള സ്ഥിരത എത്രയാണ് എന്നതിനെ പ്രതിനിധീകരിയ്ക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് ഫ്ലൈറ്റ് എന്‍ഡ്യൂറന്‍സ്.
രണ്ടാം ലോക മഹായുദ്ധത്തില്‍ പൈലറ്റായി പങ്കെടുത്ത റോബര്‍ട്ട് ടിം എന്ന മെക്കാനികിനെ ആണ് തന്റെ മുഖ്യ പൈലറ്റായി ഡോക് ബെയ്‌ക് കണ്ടെത്തിയത്. കേവലം പ്രചരണം ആക്കി മാറ്റാതെ ഫ്ലൈറ്റ് എന്‍ഡ്യുറന്‍സ് റെക്കോര്‍ഡിനുള്ള ശ്രമത്തെ പ്രദേശത്തെ കാന്‍സര്‍ റിസേര്‍ച്ച് ഫൗണ്ടേനുള്ള ഫണ്ട് ശേഖരണത്തിന് കൂടി ബെയ്‌ക് ഉപയോഗിച്ചു.
ധനശേഖരത്തിലേക്ക് സംഭാവന ചെയ്യുന്നവരില്‍ ഫ്ലൈറ്റിന്റെ എന്‍ഡ്യുറന്‍സ് സമയം കൃത്യമായോ ഏറ്റവും അടുത്തോ പ്രവചിക്കുന്ന ആള്‍ക്ക് പതിനായിരം ഡോളര്‍ സമ്മാനവും വാഗ്ദാനം ചെയ്തു. ഒരു ലക്ഷം ഡോളറായിരുന്നു റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിനായി ബെയ്ക് മാറ്റി വച്ച തുക.
ചെസ്ന 172 എന്ന തന്റെ വിമാനം പുനരുദ്ധരിച്ചായിരുന്നു ഈ പ്രത്യേക പരിപാടിയിൽ ടിം പങ്കെടുത്തത്. ഡോക് ബെയ്‌ക്കിന്റെ ഹോട്ടലിന്റെ പേരായ ഹസിയന്‍ഡ എന്ന പേരും വിമാനത്തിന് നല്‍കി. ടിം തന്റെ വിമാനത്തെ പരിഷ്കരിക്കാൻ മാസങ്ങളോളം ചെലവഴിച്ചു. "അത് താരതമ്യേന പുതിയ ഒരു രൂപകൽപ്പനയായിരുന്നു" ഏവിയേഷൻ ചരിത്രകാരനും ഡെയ്‌ടൺ സർവകലാശാലയിലെ പ്രൊഫസറുമായ ജാനറ്റ് ബെഡ്‌നാരെക് പറയുന്നു.
പരിഷ്‌ക്കരണങ്ങളിൽ ഉറങ്ങാൻ ഒരു മെത്ത, വ്യക്തിഗത ശുചിത്വത്തിനായി ഒരു ചെറിയ സ്റ്റീൽ സിങ്ക്, ഭാരം ലാഭിക്കാൻ ഇന്റീരിയർ ഫിറ്റിംഗുകളിൽ ഭൂരിഭാഗവും നീക്കം ചെയ്യൽ, ഒരു അടിസ്ഥാന ഓട്ടോപൈലറ്റ് എന്നിവ ഉൾപ്പെടുന്നു.
എങ്കിലും വിമാനത്തിൽ ഇന്ധനം നിറയ്ക്കാനുള്ള ഒരു മാർഗ്ഗം സൃഷ്ടിക്കുക എന്നതായിരുന്നു പ്രധാന കാര്യമെന്ന് ബെഡ്നാരെക് പറയുന്നു. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്നത് സംബന്ധിച്ച് ധാരാളം പരീക്ഷണങ്ങൾ നടന്നിരുന്നു. എന്നാൽ സെസ്‌ന 172 വിന് വായുവിൽ ഇന്ധനം നിറയ്ക്കാൻ ഒരു മാർഗവുമില്ലാത്തതിനാൽ അവർ ഒരു ട്രക്കിൽ നിന്ന് നിലത്ത് നിറയ്ക്കാൻ കഴിയുന്ന ഒരു അധിക ടാങ്ക് സ്ഥാപിച്ചു.
ഇന്ധനം നിറയ്‌ക്കേണ്ടിവരുമ്പോൾ അവർ താഴേക്ക് വന്ന് വളരെ പതുക്കെ പറക്കും. തുടർന്ന് ട്രക്കിൽ നിന്ന് ഒരു പമ്പ് ഉപയോഗിച്ച് വിമാനത്തിലേക്ക് ഇന്ധനം മാറ്റുകയും ചെയ്യും. അഴിച്ചുപണികള്‍ പൂര്‍ത്തിയായതോടെ കോ പൈലറ്റിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.
റെക്കോർഡിനായുള്ള ശ്രമങ്ങൾ
1957 മുതല്‍ മൂന്നു കോ പൈലറ്റുമാര്‍ക്കൊപ്പം ടിം റെക്കോര്‍ഡിനായുള്ള ശ്രമങ്ങള്‍ നടത്തി. പക്ഷേ ഈ ശ്രമങ്ങളെല്ലാം പരമാവധി നീണ്ടത് 17 മണിക്കൂര്‍ വരെ മാത്രം. യന്ത്രതകരാറും കാലാവസ്ഥയും സഹ പൈലറ്റുമായുള്ള അഭിപ്രായ വ്യത്യസങ്ങളും എല്ലാം ഇതിന് കാരണമായി. പക്ഷേ ശ്രമം ഉപേക്ഷിക്കാന്‍ റോബര്‍ട്ട് ടിമ്മിലെ പോരാട്ട വീര്യം അനുവദിച്ചില്ല.
ഇതിനിടെ 1958 സെപ്റ്റംബറിൽ സെസ്‌ന 172 പറത്തി ജിം ഹെത്തും, ബില്‍ ബെര്‍ക്ക്ഹാര്‍ട്ടും അവരുടെ 50 ദിവസത്തെ പറക്കല്‍ പൂര്‍ത്തിയാക്കി പുതിയ റെക്കോര്‍ ഇട്ടു. ഇതോടെ ഇനിയൊരു റെക്കോര്‍ഡ് സൃഷ്ടിക്കണമെങ്കില്‍ ചുരുങ്ങിയത് 50 ദിവസത്തില്‍ നിന്ന് ഒരു മണിക്കൂറെങ്കിലും കൂടുതല്‍ പറക്കണം എന്ന അവസ്ഥയുണ്ടായി.
ഇതോടെ അടുത്ത ശ്രമത്തിനായി ടിം തന്റെ പുതിയ കോ-പൈലറ്റായി ഒരു വിമാന മെക്കാനിക്ക് കൂടിയായ ജോൺ കുക്കിനെ തിരഞ്ഞെടുത്തു.
ലോക റെക്കോർഡിന്റെ പിറവി
1958 ഡിസംബർ നാലിന് അവർ ലാസ് വെഗാസിലെ മക്കറാൻ എയർപോർട്ടിൽ നിന്ന് പുറപ്പെട്ടു. പിന്നീട് അധികം വൈകാതെ ടിമ്മിനെയും കുക്കിനെയും വഹിച്ച് വിമാനം പറന്നുയര്‍ന്നു. മറ്റെവിടെയെങ്കിലും ആരുമറിയാതെ വിമാനം ഇടയ്ക്ക് പറന്നിറങ്ങുന്നുണ്ടോ എന്നറിയാനായി വിമാനത്തിന്റെ ടയറുകളിൽ വെള്ള പെയിന്റ് അടിച്ചിരുന്നു. ആദ്യം കുറച്ച് ദിവസത്തേക്ക് ലാസ് വെഗാസ് മേഖലയില്‍ തന്നെ പറന്ന വിമാനം വൈകാതെ തെക്ക് ദിശയിലേക്ക് യാത്ര ആരംഭിച്ചു.
ലാസ് വെഗാസിലെ തന്നെ കാഷ്മെന്‍ ഓട്ടോ ഈ ഉദ്യമത്തിനായി വിട്ട് നല്‍കിയ ഫോര്‍ഡ് ട്രക്ക് വിമാനത്തെ റോഡ് മാര്‍ഗം പിന്തുടര്‍ന്നു. ഈ ട്രക്കില്‍ ഘടിപ്പിച്ച ഇന്ധന ടാങ്കില്‍ നിന്നായിരുന്നു ഇന്ധനം നിറയ്ക്കാനുള്ള ഏര്‍പ്പാട് ചെയ്തിരുന്നത്. ദിവസവും രണ്ടു നേരം ദേശീയപാതയുടെ വളവുകളില്ലാത്ത മേഖലയില്‍ വച്ച് പറന്ന് കൊണ്ടിരിക്കുന്ന വിമാനത്തിലേക്ക് ഈ ട്രക്കില്‍ നിന്ന് ഇന്ധനം നിറയ്ക്കുകയാണ് ചെയ്തത്.
പൈലറ്റുമാര്‍ രണ്ടു പേരും നാല് മണിക്കൂര്‍ വീതമുള്ള ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി ചെയ്തത്. യാത്രയുടെ ആദ്യ ആഴ്ചകള്‍ കുഴപ്പമില്ലാതെ പോയി. യാത്ര ആരംഭിച്ച് കുറച്ച് ദിവസത്തിന് ശേഷം ഇരുവരും ക്രിസ്മസും ആകാശത്തിൽ തന്നെ ചിലവഴിച്ചു. നിലയ്ക്കാത്ത എഞ്ചിൻ ശബ്ദവും എയറോഡൈനാമിക് വൈബ്രേഷനുകളും വിശ്രമിക്കുന്ന രാത്രി അസാധ്യമാക്കിയെങ്കിലും ഇരുവരും മാറിമാറി ഉറങ്ങുമായിരുന്നു. ഉറക്കക്കുറവിന്റെ ഫലമായി, 36-ാം ദിവസം, ടിം വിമാനം പറത്തിക്കൊണ്ടിരിക്കെ മയങ്ങിപ്പോയി. വിമാനം 4,000 അടി ഉയരത്തിൽ ഒരു മണിക്കൂറിലധികം പറന്നു. എന്നാൽ വിമാനം ഓട്ടോ പൈലറ്റിലായതിനാല്‍ അപകടം പിണഞ്ഞില്ല.
റെക്കോര്‍ഡിലേക്ക്
യാത്രം ആദ്യഘട്ടം പിന്നിട്ട ശേഷം ജനുവരി ആദ്യവാരത്തോടെ നേരിയ പ്രശ്നങ്ങള്‍ വിമാനത്തില്‍ കണ്ടു തുടങ്ങി. എന്നാല്‍ ഇരുവരും മെക്കാനിക്കുകളാണ് എന്നത് ഗുണം ചെയ്തു. അറ്റകുറ്റപ്പണികള്‍ നടത്തി വിമാനത്തിന്‍റെ യാത്ര വീണ്ടും മുന്നോട്ട് പോയി. എന്നാൽ 39-ാം ദിവസം വിമാനത്തിന്റെ ടാങ്കുകളിലേക്ക് ഇന്ധനം അയച്ച ഇലക്ട്രിക്കൽ പമ്പ് പരാജയപ്പെട്ടു. ഇതോടെ ഈ ജോലിയും സ്വയം ചെയ്യാൻ ഇരുവരും നിർബന്ധിതരാക്കി. 1959 ജനുവരി 23 ന് അവർ റെക്കോർഡ് മറികടന്നപ്പോൾ ക്യാബിൻ ഹീറ്റർ, ഇന്ധന ഗേജ്, ലാൻഡിംഗ് ലൈറ്റുകൾ തുടങ്ങിയവയ്ക്കും സാങ്കേതിക തകരാറുകൾ സംഭവിച്ചിരുന്നു.
എങ്കിലും രണ്ടുപേരും വായുവിൽ തുടരുകയും അവരുടെ പുതിയ റെക്കോർഡ് മറികടക്കുക അസാധ്യമാണെന്ന് ഉറപ്പാക്കാൻ കഴിയുന്നത്ര നേരം വായുവിൽ തുടരുകയും ചെയ്തു. അവർ 15 ദിവസം കൂടി തീവ്രപ്രയത്നം തുടർന്നു. ഒടുവിൽ 1959 ഫെബ്രുവരി ഏഴിന് രണ്ട് മാസവും 150,000 മൈലും നിർത്താതെ പറന്ന് മക്കാരനിൽ അവർ പറന്നിറങ്ങി.
അപ്പോഴേയ്ക്കും വിമാനത്തിന്റെ പരമാവധി ശേഷി പരീക്ഷിക്കപ്പെട്ട് കഴിഞ്ഞിരുന്നു. ടാക്കോമീറ്റര്‍, ആട്ടോപൈലറ്റ്, ബല്ലി ടാങ്ക് ഫ്യൂല്‍ ഗേജ്, വിഞ്ച് ഇങ്ങനെ പ്രവര്‍ത്തന രഹിതമായ യന്ത്രഭാഗങ്ങളുടെ പട്ടിക നീണ്ടുപോകുന്നു. ഒടുവില്‍ ഫെബ്രുവരി ആദ്യമാരത്തിലേക്ക് കടന്നതോടെ സ്പാര്‍ക്ക് പ്ലഗ്ഗുകളും, എൻജിന്‍ കമ്പ്രഷന്‍ ചേംബറും എല്ലാം കാര്‍ബണ്‍ നിറഞ്ഞു. ഇനിയും മുന്നോട്ട് പോയാല്‍ തീ പടരുമെന്ന് വ്യക്തമായതോടെയാണ് യാത്ര അവസാനിപ്പിക്കാന്‍ ഇരുവരും തീരുമാനിച്ചത്.
റെക്കോര്‍ഡ് യാത്രയുടെ അവസാനം
പറന്നിറങ്ങിയ ഇരുവരും ശാരീരികമായി വളരെ മോശം അവസ്ഥയിലായിരുന്നു. 64 ദിവസം അവർ വിമാനത്തിൽ ഇരുന്നതല്ലാതെ എഴുന്നേറ്റ് നിൽക്കുകയോ ശരീരത്തിന് ആവശ്യമായ വ്യായാമം ചെയ്യുകയോ ചെയ്തിരുന്നില്ല. താഴെയിറങ്ങിയ ഇരുവരെയും വിമാനത്തിൽ നിന്ന് പുറത്തേക്ക് എടുത്തുകൊണ്ട് പോകേണ്ടി വന്നു.
ഇറങ്ങിയ ശേഷവും ഏതാനും മണിക്കൂറുകള്‍ നേരത്തേക്ക് പറന്നു കൊണ്ട് തന്നെ ഇരിക്കുന്നതായാണ് അനുഭവപ്പെട്ടതെന്ന് പിന്നീട് റോബര്‍ട്ട് പറഞ്ഞു. ഉറക്കത്തില്‍ പോലും പറന്ന് പോകുന്നതായി അനുഭവപ്പെട്ടിരുന്നു എന്നും റോബര്‍ട്ട് പറയുന്നു. ഈ റെക്കോർഡ് എന്നെങ്കിലും ഒരു സംഘം മറികടക്കുമോ? ഒരു വിമാനം അതിന്റെ പരമാവധി ഉപയോഗം കാണിക്കുന്നതിനായി ഏതെങ്കിലും പുതിയ തരം ഊർജ്ജ സ്രോതസ്സ് കണ്ടെത്തിയാൽ മാത്രമേ അത് സംഭവിക്കൂ എന്ന് ബെഡ്നാരെക് വിശ്വസിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.