'ധവളപത്രം പുറത്തറിക്കണം, മന്ത്രി സ്ഥാനം കിട്ടില്ലെന്ന് കരുതി മിണ്ടാതിരിക്കാന്‍ കഴിയില്ല'; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍

'ധവളപത്രം പുറത്തറിക്കണം, മന്ത്രി സ്ഥാനം കിട്ടില്ലെന്ന് കരുതി മിണ്ടാതിരിക്കാന്‍ കഴിയില്ല'; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍

കൊല്ലം: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനവുമായി ഇടത് എം.എല്‍.എ കെബി ഗണേഷ്‌കുമാര്‍. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം തുറന്നടിച്ചു. സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ജനങ്ങള്‍ എല്ലാം അറിയണമെന്നും അതിനായി ധവള പത്രം പുറത്തിറക്കണമെന്നും ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.

മുന്നണിയില്‍ ആരോഗ്യ പരമായ കൂടിയാലോചനയില്ലെന്നും വികസന രേഖയില്‍ ചര്‍ച്ചയുണ്ടായില്ലെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. വികസന രേഖ എഴുതി എ.കെ.ജി സെന്ററില്‍ ഏല്‍പ്പിച്ചിരുന്നെന്നും പക്ഷെ കാര്യമായ ചര്‍ച്ച നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനം കിട്ടുമെന്ന് ആഗ്രഹിച്ച് ഇരിക്കുകയല്ല താനെന്നും കസേര കിട്ടുമെന്ന് കരുതി ഒന്നും മിണ്ടാതിരിക്കാന്‍ സാധിക്കില്ലായെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇടത് മുന്നണിയിലെ ഉള്‍പ്പോരാണ് ഗണേഷ്‌കുമാറിന്റെ പ്രതികരണത്തോടെ പുറത്തു വന്നിരിക്കുന്നത്. എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തില്‍ കെ.ബി ഗണേഷ് കുമാര്‍ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പല വിഷയങ്ങളും എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം കൂടുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും അത് പുറത്തേക്ക് എങ്ങനെ വരുന്നെന്ന് പറയാന്‍ പറ്റില്ലെന്നുമായിരുന്നു വാര്‍ത്തയെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് ഗണേഷ്‌കുമാര്‍ നല്‍കിയ മറുപടി.

ഘടകകക്ഷി നേതാവെന്ന നിലയില്‍ എല്‍.ഡി.എഫ് യോഗത്തില്‍ പറയേണ്ട കാര്യങ്ങള്‍ പറയുമെന്നും അതാണ് എം.എല്‍.എയുടെ ദൗത്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍പ് ചലച്ചിത്ര അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചും ഗണേഷ് കുമാര്‍ രംഗത്തു വന്നിരുന്നു. ഫെസ്റ്റിവല്‍ നടത്താനും ഫിലിം അവാര്‍ഡ് കൊടുക്കാനുമുള്ള ഓഫീസ് ആയി അക്കാഡമി അധപതിച്ചെന്നായിരുന്നു പരാമര്‍ശം. നിയമസഭ പുസ്തക മേളയില്‍ നടത്തിയ സെമിനാറില്‍ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായിരുന്നു ഗണേഷിന്റെ ഇത്തരത്തിലുള്ള മറുപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.