ഒരു മീറ്റര്‍ അകലെ നിന്നാല്‍ ഏല്‍ക്കുക 17 എക്‌സ്-റേകള്‍ക്കു തുല്യമായ റേഡിയേഷന്‍
പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ജനവാസ മേഖലയില്‍ കാണാതായ, അതീവ അപകടകാരിയായ റേഡിയോ ആക്ടീവ് പദാര്‍ത്ഥമടങ്ങുന്ന ക്യാപ്‌സ്യൂള്‍ ഇനിയും കണ്ടെത്താനായില്ല. ജനുവരി പകുതിയോടെ പില്‍ബാരയിലെ ന്യൂമാനും പെര്‍ത്ത് നഗരത്തിനും മധ്യേ 1,400 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ വച്ച് കാണാതായ ഇത്തിരിക്കുഞ്ഞന്‍ ക്യാപ്‌സ്യൂളിനായി വ്യാപക തെരച്ചിലാണു നടക്കുന്നത്.
രണ്ടാഴ്ചയിലേറെയായി കാണാതായ റേഡിയോ ആക്ടീവ് ക്യാപ്സ്യൂള്‍ ഇനി കണ്ടെത്തുക സാധ്യമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഞായറാഴ്ച സംസ്ഥാനത്തെ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് വിഭാഗം ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന പുതിയ റേഡിയേഷന്‍ ഡിറ്റക്ഷന്‍ ഉപകരണം കൊണ്ടുവന്നു. ഈ ഉപകരണത്തിന്റെ സഹായത്തോടെ ക്യാപ്‌സ്യൂള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.
ജനുവരി 10 ന് പെര്‍ത്തിലേക്ക് റോഡ് മാര്‍ഗമാണ് റേഡിയോ ആക്ടീവ് പദാര്‍ത്ഥം ഉള്‍പ്പെട്ട ട്രക്ക് യാത്ര തിരിച്ചത്. ജനുവരി 16 ന് പെര്‍ത്തിലെത്തിയ ട്രക്കില്‍നിന്ന് സാധനങ്ങള്‍ ഇറക്കി സുരക്ഷിതമായ കേന്ദ്രത്തില്‍ സൂക്ഷിച്ചു. ജനുവരി 25 ന് പാക്കേജ് പൊട്ടിച്ച് പരിശോധന നടത്തിയപ്പോഴാണ് റേഡിയോ ആക്ടീവ് പദാര്‍ത്ഥം അടങ്ങുന്ന ഒരു ക്യാപ്‌സ്യൂള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ക്യാപ്‌സ്യൂളിനുള്ളില്‍ റേഡിയോ ആക്ടീവ് പദാര്‍ത്ഥമായ സീസിയം - 137 ആണുള്ളത്. ഖനന പ്രവര്‍ത്തനങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന വസ്തുവാണ് സീസിയം - 137.
അളവ് തീരെ കുറവാണെങ്കിലും ഉയര്‍ന്ന റേഡിയേഷനുള്ളതിനാല്‍ സീസിയം - 137 തൊടുന്നവര്‍ക്ക് ഗുരുതര രോഗമുണ്ടാകും. അതിനാല്‍ ക്യാപ്‌സ്യൂള്‍ കണ്ടാല്‍ അടുത്തേക്ക് പോകരുതെന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
തികച്ചും അസാധാരണമായ സാഹചര്യമെന്നാണ് റേഡിയേഷന്‍ സര്‍വീസസ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ജനറല്‍ മാനേജര്‍ ലോറന്‍ സ്റ്റീന്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ക്യാപ്‌സ്യൂളിന്റെ ഒരു മീറ്റര്‍ അകലെ നില്‍ക്കുന്ന ഒരാള്‍ക്ക് 17 എക്‌സ്-റേകള്‍ ഒരുമിച്ച് എടുക്കുമ്പോള്‍ ഉണ്ടാകുന്ന റേഡിയേഷനാണു ലഭിക്കുക.
കാണാതായ വസ്തു കൊണ്ട് ആയുധങ്ങള്‍ നിര്‍മ്മിക്കാനാകില്ലെങ്കിലും ഇതില്‍ നിന്നുള്ള റേഡിയേഷന്‍ പൊള്ളലിനും കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും കാരണമാകാമെന്ന് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കുന്നു.
ആറു മില്ലീമീറ്റര്‍ വീതിയും എട്ടു മില്ലീമീറ്റര്‍ ഉയരവും മാത്രമുള്ള ക്യാപ്‌സ്യൂളിനെ ഒരു നാണയത്തിനൊപ്പം താരതമ്യപ്പെടുത്തുന്ന തരത്തിലുള്ള ചിത്രം ഇവര്‍ പുറത്തുവിട്ടിരുന്നു. വെള്ളിയുടെ നിറമുള്ള ക്യാപ്‌സ്യൂള്‍ കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്നും സമ്പര്‍ക്കമുണ്ടായെന്ന് തോന്നിയാല്‍ ഉടന്‍ ഡോക്ടറെ കാണണമെന്നും ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ക്യാപ്‌സ്യൂള്‍ എന്താണെന്നറിയാതെ ആരെങ്കിലും അതെടുത്ത് സൂക്ഷിക്കുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.
സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നും ക്യാപ്‌സ്യൂള്‍ നഷ്ടപ്പെട്ടത് എങ്ങനെയെന്ന് അവലോകനം നടത്തണമെന്നും ഡെപ്യൂട്ടി പ്രീമിയര്‍ റോജര്‍ കുക്ക് പറഞ്ഞു. ഇത് വളരെ അപകടകരമായ മെറ്റീരിയലാണ്. എത്രയും വേഗം ഇത് വീണ്ടെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യാപ്സ്യൂള്‍ കണ്ടാല്‍ കുറഞ്ഞത് അഞ്ച് മീറ്ററെങ്കിലും മാറി നില്‍ക്കാനും അഗ്‌നിശമനസേനാ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും അധികാരികള്‍ വീണ്ടും അഭ്യര്‍ത്ഥിച്ചു.
എന്താണ് സീസിയം 137 ?
അണുസ്‌ഫോടനങ്ങളിലും ആണവ റിയാക്ടറുകളിലുമാണ് സീസിയം 137 ഉണ്ടാകുന്നത്. സീസിയത്തിന്റെ മിക്ക സംയുക്തങ്ങളും ജലത്തില്‍ ലയിക്കും എന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നു. അങ്ങനെ ജലത്തില്‍കൂടി വളരെ വേഗം പല സ്ഥലങ്ങളിലും ഇത് എത്തും.
ആണവ വിസ്ഫോടനങ്ങളുടെയും ചെര്‍ണോബിലില്‍ സംഭവിച്ചതു പോലെയുള്ള ആണവ ദുരന്തങ്ങളുടെയുമെല്ലാം ഫലമായി സൃഷ്ടിക്കപ്പെടുന്ന ഇവ ദീര്‍ഘദൂരം വായുവിലൂടെയും സഞ്ചരിക്കും. മൃദുകലകളില്‍ ബീറ്റ ഗാമ രശ്മികള്‍ ഏല്‍ക്കുന്നത് അര്‍ബുദത്തിനു കാരണമാവാം.
ഭൂമിയില്‍ ഉള്ള സീസിയം 137 മുഴുവന്‍ മനുഷ്യ നിര്‍മിതമാണ്. അര്‍ധായുസ് 30 വര്‍ഷമാണെങ്കിലും മനുഷ്യരുടെ ഒന്നിലധികം തലമുറകളെ കുഴപ്പത്തിലാക്കാന്‍ ഇതിനു കഴിയും. അതേസമയം പല പ്രായോഗിക ഉപയോഗങ്ങളും ഇതിനുണ്ട്. റേഡിയേഷന്‍ തെറാപ്പിയില്‍ ഇത് ഉപയോഗിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26