പുടിന്‍ തനിക്കെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

പുടിന്‍ തനിക്കെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: തനിക്കെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഭീഷണി മുഴക്കിയിരുന്നതായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച ഉക്രെയ്ന്‍ അധിനിവേശത്തിനു തൊട്ടുമുമ്പായിരുന്നു ഭീഷണി.

ഫെബ്രുവരി 24ന് ഉക്രെയ്‌നിലേക്ക് റഷ്യന്‍ സൈന്യത്തെ അയയ്ക്കുന്നതിനു മുമ്പ് ലഭിച്ച ഫോണ്‍ കോളിലാണ് പുടിന്‍ തനിക്കെതിരേ ഭീഷണി സന്ദേശം ഉയര്‍ത്തിയതെന്നും പുടിന്‍ വേഴ്‌സസ് ദ വെസ്റ്റ് എന്ന പേരിലുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററിയില്‍ ബോറിസ് ജോണ്‍സണ്‍ വെളിപ്പെടുത്തി.

'ബോറിസ്, എനിക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ ആഗ്രഹമില്ല. എന്നാല്‍ ഒരു മിസൈല്‍ ഉപയോഗിച്ച്, അതിന് ഒരു മിനിറ്റ് മാത്രമേ എടുക്കൂ' എന്ന് സുദീര്‍ഘമായ ഫോണ്‍ സംഭാഷണത്തിനിടെ പുടിന്‍ പറഞ്ഞതായി ജോണ്‍സണ്‍ വെളിപ്പെടുത്തി. ശാന്തമായ സ്വരത്തിലായിരുന്നു ഭീഷണി. റഷ്യയെ ചര്‍ച്ചയ്ക്ക് എത്തിക്കാനുള്ള എന്റെ ശ്രമങ്ങളെ അദ്ദേഹം കളിയാക്കുകയായിരുന്നുവെന്നും ബോറിസ് പറഞ്ഞു. പുടിനെ കുറിച്ചുള്ള മറ്റു വിവരങ്ങളും ബോറിസ് വെളിപ്പെടുത്തുന്നുണ്ട്.

ലോകനേതാക്കള്‍ റഷ്യയെ ഉക്രെയ്ന്‍ അധിനിവേശത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്ന സമയം കൂടിയായിരുന്നു അത്.

2014ലെ റഷ്യയുടെ ക്രീമിയ അധിനിവേശം മുതല്‍ ഉക്രെയ്ന്‍ വരെയുള്ള കാര്യങ്ങളും ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്. സംഘര്‍ഷത്തിലേക്ക് നീങ്ങിയാല്‍ പുടിന്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ബോറിസ് ജോണ്‍സണ്‍ പറയുന്നുണ്ട്.

ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയെ ശക്തമായി പിന്തുണച്ച നേതാക്കളില്‍ ഒരാളായിരുന്നു ബോറിസ് ജോണ്‍സണ്‍. ഉക്രെയ്ന്‍ അധിനിവേശത്തിനു മുന്‍പുള്ള വര്‍ഷങ്ങളില്‍ പുടിനും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ഭിന്നതയാണ് ബിബിസി ഡോക്യുമെന്ററിയില്‍ പറയുന്നത്. റഷ്യയുടെ ആക്രമണത്തിന് മുന്‍പ് നാറ്റോയില്‍ ചേരാനുള്ള തന്റെ വിഫലമായ അഭിലാഷങ്ങളെക്കുറിച്ച് സെലന്‍സ്‌കി പറയുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിയെ റഷ്യന്‍ പ്രസിഡന്റ് നേരിട്ട് ഭീഷണിപ്പെടുത്തുന്നത് അസാധാരണമാണെന്ന് മുന്‍ സായുധ സേനാ മന്ത്രി മാര്‍ക്ക് ഫ്രാങ്കോയിസ് അഭിപ്രായപ്പെട്ടു.

പുടിന്‍ ഒരു വിദേശ നേതാവിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇതാദ്യമായല്ലെന്ന് ബ്രിട്ടീഷ് മുന്‍ ആര്‍മി ഓഫീസര്‍ കേണല്‍ റിച്ചാര്‍ഡ് കെംപ് പറഞ്ഞു. അവരെ പരീക്ഷിക്കുകയും സമനില തെറ്റിക്കുകയും മേല്‍ക്കൈ നേടുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ രീതിയാണ്. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താനും വിദേശ നേതാക്കളുമായുള്ള മുഖാമുഖമോ ഫോണിലൂടെയോ പതിവ് അന്താരാഷ്ട്ര ചര്‍ച്ചകളിലോ പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ പറയാനും പുടിന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും കെംപ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.