തിരുവനന്തപുരം: കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇന്നലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കിയതായി അടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രസ് മീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തള്ളിയാണ് അടൂരിന്റെ രാജി പ്രഖ്യാപനം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനം ശങ്കര്‍ മോഹന്‍ രാജിവയ്ച്ചതിന് പിന്നാലെയാണ് അടൂരിന്റെ രാജി. ശങ്കര്‍ മോഹനെ പിന്തുണച്ചുകൊണ്ടായിരുന്നു രാജി വിവരം അടൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ശങ്കര്‍ മോഹനോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവര്‍ത്തന പരിചയമോ ഉള്ള ഒരു വ്യക്തി ഇന്ത്യയിലില്ല. അത്തരമൊരു പ്രമുഖനെ വിളിച്ചു വരുത്തി അപമാനിച്ച് പടിയിറക്കിവിട്ടുവെന്ന് അടൂര്‍ ആരോപിച്ചു.
ദളിതരായ ശുചീകരണ തൊഴിലാളികളെ നിര്‍ബന്ധിച്ച് അടിമപ്പണി ചെയ്യിച്ചിരുന്നുവെന്ന ആരോപണം പച്ചക്കള്ളമാണെന്നും അവര്‍ പട്ടികജാതിക്കാരല്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
അടൂരിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. മുഖ്യമന്ത്രിയടക്കം അടൂരിനെ പിന്തുണച്ച് പിന്നാലെ രംഗത്തു വരികയും ചെയ്തു. എന്നാല്‍ ഇതിന് വഴങ്ങാതെയാണ് അടൂര്‍ രാജി പ്രഖ്യാപിച്ചത്.
അതേസമയം അടൂര്‍ ഗോപാലകൃഷ്ണന്റെ രാജിയില്‍ പ്രതികരണവുമായി ഇന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രംഗത്തെത്തി. അടൂരിന്റേത് പ്രതിഷേധ രാജിയെങ്കില്‍ അതിനുള്ള കാരണം കാണുന്നില്ല. അടൂരിന്റെ കൂടി സമ്മതത്തോടെയാണ് അന്വേഷണ കമ്മീഷനെ വച്ചത്. വിദ്യാര്‍ത്ഥികളെ
വിശ്വാസത്തിലെടുക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. അടൂര്‍ പറഞ്ഞവയില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷിക്കും. വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ആശങ്ക വേണ്ടെന്നും ചലച്ചിത്ര മേഖലയില്‍ വൈദഗ്ധ്യം ഉള്ളവര്‍ വേറെയും ഉണ്ടല്ലോയെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ അഭിമാന സ്ഥാപനത്തിന് അനുയോജ്യരെയാണ് ചുമതല ഏല്‍പ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ സമരം തുടങ്ങിയ അന്ന് മുതല്‍ സര്‍ക്കാര്‍ ഇടപെട്ടത് വസ്തു നിഷ്ഠമായിട്ടാണ്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ സഹകരിക്കാന്‍ ഡയറക്ടര്‍ തയ്യാറായിരുന്നില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം രണ്ടാമത് രണ്ട് വിദഗ്ധരെ അന്വേഷണ കമ്മീഷനായി നിശ്ചയിച്ചു. റിപ്പോര്‍ട്ടിന്‍ മേലുള്ള കാര്യങ്ങള്‍ മനസിലാക്കി വരും മുന്‍പെയാണ് ശങ്കര്‍ മോഹന്റെ രാജി. സര്‍ക്കാര്‍ ആരോടും ഒഴിഞ്ഞ് പോകാന്‍ നിര്‍ദേശിച്ചിട്ടില്ല. അടൂര്‍ കേരളത്തിന്റെ അഭിമാനമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ ആരേയും താഴ്ത്തിക്കെട്ടാനായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.