വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ റേഡിയോ ആക്ടീവ് കാപ്‌സ്യൂള്‍ കണ്ടെത്തി; സുരക്ഷിത സ്ഥാനത്തേക്കു മാറ്റും

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ റേഡിയോ ആക്ടീവ് കാപ്‌സ്യൂള്‍ കണ്ടെത്തി; സുരക്ഷിത സ്ഥാനത്തേക്കു മാറ്റും

പെര്‍ത്ത്: ഒരാഴ്ച്ചയിലേറെ നീണ്ട ആശങ്കകള്‍ക്കും തെരച്ചിലിനുമൊടുവില്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന് ആ വാര്‍ത്തയെത്തി. മനുഷ്യശരീരത്തിന് ഹാനികരമായ, മാരക വികിരണ ശേഷിയുള്ള റേഡിയോ ആക്ടീവ് ക്യാപ്സ്യൂള്‍ വിപുലമായ തെരച്ചിലിനൊടുവില്‍ കണ്ടെത്തി. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്പ് ഖനിയില്‍ നിന്ന് 1400 കിലോമീറ്റര്‍ അകലെയുള്ള പെര്‍ത്ത് നഗരത്തിലെ സ്റ്റോറിലേക്കുള്ള യാത്രയ്ക്കിടെ ട്രക്കില്‍നിന്നാണു ക്യാപ്സ്യൂള്‍ കളഞ്ഞുപോയത്. ഇന്ന് രാവിലെ ന്യൂമാനിന് സമീപമാണ് കണ്ടെത്തിയതെന്ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ എമര്‍ജന്‍സി സര്‍വീസസ് മന്ത്രി സ്റ്റീഫന്‍ ഡോസണ്‍ പറഞ്ഞു.

രാജ്യത്തെ ആണവ സുരക്ഷാ വകുപ്പും (ഓസ്ട്രേലിയന്‍ ന്യൂക്ലിയര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഓര്‍ഗനൈസേഷനും) ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് വകുപ്പും ആയിരത്തിലേറെ കിലോമീറ്ററില്‍ നടത്തിയ തെരച്ചിലിലാണ് ക്യാപ്സ്യൂള്‍ കണ്ടെത്തിയത്. ഓസ്‌ട്രേലിയന്‍ സൈന്യവും വിവിധ പൊലീസ് ഏജന്‍സികളും തിരച്ചിലില്‍ പങ്കാളികളാണ്.

ന്യൂമാനിലെ റോഡിന്റെ വശത്ത് നിന്ന് രണ്ട് മീറ്റര്‍ അകലെയാണ് ക്യാപ്സ്യൂള്‍ കണ്ടെത്തിയതെന്ന് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് കമ്മീഷണര്‍ ഡാരന്‍ ക്ലെം പറഞ്ഞു.

ആണവ വികിരണ വസ്തുക്കള്‍ കണ്ടെത്താനുള്ള ഡിറ്റക്ടറുകള്‍ ഘടിപ്പിച്ച വാഹനം ഉപയോഗിച്ചു്
ഗ്രേറ്റ് നോര്‍ത്തേണ്‍ ഹൈവേയിലൂടെ നടത്തിയ തെരച്ചിലിലാണ് ക്യാപ്സ്യൂള്‍ കണ്ടെത്തിയത്.

ന്യൂമാനില്‍നിന്ന് പെര്‍ത്തിലേക്കുള്ള ദൂരമായ 1400 കിലോമീറ്ററില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണു സര്‍ക്കാര്‍ നല്‍കിയിരുന്നത്.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ക്യാപ്സ്യൂളിന് ചുറ്റും 20 മീറ്റര്‍ ഹോട്ട് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാപ്‌സ്യൂള്‍ ഒരു ലെഡ് കണ്ടെയ്നറില്‍ സ്ഥാപിക്കും.

ക്യാപ്സ്യൂള്‍ ന്യൂമാനിലെ ഒരു സുരക്ഷിത സ്ഥലത്തേക്കു മാറ്റും. തുടര്‍ന്ന് അത് പരിശോധനയ്ക്കു വിധേയമാക്കും. കാപ്സ്യൂള്‍ ചോര്‍ന്നതിന് സാധ്യതയില്ലാത്ത സാഹചര്യത്തില്‍ അപകടത്തിനു സാധ്യതയില്ലെന്നും കമ്മീഷണര്‍ ക്ലെം പറഞ്ഞു.

ജനുവരി 11 നും ജനുവരി 16 നും ഇടയിലാണ് ക്യാപ്സ്യൂള്‍ കാണാതായത്. എന്നാല്‍ കാണാതായത് റിപ്പോര്‍ട്ട് ചെയ്തത് ഏറെ വൈകിയാണ്.

ആറു മില്ലീമീറ്റര്‍ വീതിയും എട്ടു മില്ലീമീറ്റര്‍ ഉയരുമുള്ള ക്യാപ്സ്യൂളില്‍നിന്നുള്ള റേഡിയേഷന്‍ മണിക്കൂറില്‍ 17 എക്സ്-റേകള്‍ക്ക് തുല്യമാണ്. ഇരുമ്പയിരിന്റെ സാന്ദ്രത കണക്കാക്കാനുപയോഗിക്കുന്ന ഉപകരണത്തിന്റെ ചെറിയ ഭാഗമാണ് നഷ്ടപ്പെട്ട കാപ്സ്യൂള്‍.

ക്യാപ്സ്യൂള്‍ ട്രക്കില്‍ നിന്ന് വീണ ശേഷം അത് എങ്ങോട്ടും നീങ്ങിയതായി തോന്നുന്നില്ലെന്നും ആര്‍ക്കും പരിക്കേല്‍ക്കാതിരുന്നത് സന്തോഷകരമാണെന്നും സംസ്ഥാന ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആന്‍ഡി റോബര്‍ട്ട്സണ്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.