ഡ്രൈവര്‍ മദ്യപിച്ചാലും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി

ഡ്രൈവര്‍ മദ്യപിച്ചാലും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഡ്രൈവർ മദ്യപിച്ചിരുന്നെന്ന കാരണത്താൽ വാഹനമിടിച്ച് പരിക്കേറ്റയാൾക്ക് തേർഡ് പാർട്ടി ഇൻഷ്വറൻസ് നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. പോളിസി സർട്ടിഫിക്കറ്റിലെ വ്യവസ്ഥകൾ പ്രകാരം മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെങ്കിലും അപകടത്തിന്‌ ഇരയാകുന്നയാൾക്ക്‌ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥരാണെന്ന്​ ജസ്റ്റിസ്​ സോഫി തോമസ്​ വ്യക്​തമാക്കി.

തേർഡ് പാർട്ടിക്ക് കൈമാറുന്ന ഇൻഷ്വറൻസ് തുക പിന്നീട് വാഹന ഉടമയിൽ നിന്നും ഡ്രൈവറിൽ നിന്നും കമ്പനിക്ക് ഈടാക്കാമെന്നും ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവിൽ പറയുന്നു. മഞ്ചേരി മോട്ടോർ ആക്‌സിഡന്‍റ്​സ്​ ക്ലെയിം ട്രൈബ്യൂണൽ (എം.എ.സി.ടി) നൽകിയ നഷ്ടപരിഹാരത്തുക കുറഞ്ഞു പോയതായി ചൂണ്ടിക്കാട്ടി നിലമ്പൂർ നടുവക്കാട്‌ മുഹമ്മദ്‌ റാഷിദ്‌ നൽകിയ അപ്പീൽ ഹരജിയിലാണ്‌ ഉത്തരവ്​. 

2013 ഡിസംബർ 19 ന് മലപ്പുറത്തായിരുന്നു അപകടം. നിലമ്പൂർ സ്വദേശി ഇ.കെ. ഗിരിവാസൻ മദ്യപിച്ച് ഓടിച്ച കാറിടിച്ചാണ് റഷീദിന് പരിക്കേറ്റത്. 2.40 ലക്ഷം രൂപയാണ് ട്രൈബ്യൂണൽ വിധിച്ചത്. കാർ ഡ്രൈവർ മദ്യപിച്ചതിനാൽ തേർഡ് പാർട്ടി ഇൻഷ്വറൻസ് നൽകാൻ തങ്ങൾക്ക് ബാദ്ധ്യതയില്ലെന്നും ഇതു പോളിസി വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു നാഷണൽ ഇൻഷ്വറൻസ് കമ്പനിയുടെ വാദം.

ഡ്രൈവർ മദ്യപിച്ചിരുന്നോയെന്ന് തേർഡ് പാർട്ടിക്ക് അറിയാനാവില്ലെന്നും ആ നിലയ്ക്ക് ഇൻഷ്വറൻസ് തുക നിഷേധിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇൻഷ്വറൻസ് തുക 39,000 രൂപ വർദ്ധിപ്പിച്ച ഹൈക്കോടതി ഈ തുക ഏഴു ശതമാനം പലിശ സഹിതം രണ്ടു മാസത്തിനകം ഹർജിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകണമെന്നും നിർദ്ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.