നിങ്ങളുടെ വേദന എന്റെ വേദനയാണ്: ക്രൂരപീഡനത്തിന് ഇരയാകുന്ന കോംഗോയിലെ ജനങ്ങളെ ആശ്വസിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

നിങ്ങളുടെ വേദന എന്റെ വേദനയാണ്: ക്രൂരപീഡനത്തിന് ഇരയാകുന്ന കോംഗോയിലെ ജനങ്ങളെ  ആശ്വസിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

കിൻഷാസ(കോംഗോ): കാലങ്ങളായി തീവ്രവാദികളുടെ ക്രൂരപീഡനത്തിന് ഇരയാകുന്ന കോംഗോയിലെ ജനങ്ങളോട്, അവർക്കെതിരായി "മനുഷ്യത്വരഹിതമായ അക്രമം" നടത്തിയവരോട് ക്ഷമിക്കുകയും അവരുടെ മനസാന്തരത്തിനായി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ.

ഒരു ദശലക്ഷം ആളുകൾ പങ്കെടുത്ത വിശുദ്ധ കുർബാന അർപ്പിച്ച ശേഷം മാർപ്പാപ്പ അവരിൽ ചിലർ അനുഭവിച്ച ക്രൂരതകൾ നേരിട്ട് കേൾക്കുകയും ചെയ്തു. കൗമാരക്കാരിയായ ഒരു പെൺകുട്ടി മാസങ്ങളോളം “മൃഗത്തെപ്പോലെ ബലാത്സംഗം ചെയ്യപ്പെട്ട” സംഭവവും അച്ഛന്റെ തലയറുത്തത് നോക്കിനിൽക്കേണ്ടി വന്ന യുവാവിന്റെ ദയനീയതയും നരഭോജനത്തിന് നിർബന്ധിതയായ ഒരു മുൻ ലൈംഗിക അടിമയുടെ അവസ്ഥയും അവരിൽ നിന്ന് കേട്ടറിഞ്ഞ പാപ്പ ദുഖാർത്ഥനായി.

ധാതു സമ്പന്നമായ ഒരു പ്രദേശത്തെ ആക്രമണങ്ങളിലൂടെ തീവ്രവാദി സംഘങ്ങൾ കൈവശപ്പെടുത്താൻ ശ്രമിക്കുകയും 5 ദശലക്ഷത്തിലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് ഓടിപ്പോകാൻ നിർബന്ധിതരാക്കുകയും ചെയ്ത കോംഗോയുടെ ഏറ്റവും അക്രമാസക്തമായ കിഴക്കൻ പ്രദേശങ്ങളിൽ നിന്നും വർഷങ്ങളായി തങ്ങൾ അനുഭവിക്കുന്ന ഭയാനകമായ അക്രമത്തെക്കുറിച്ച് മാർപ്പാപ്പയോട് പറയാൻ ആളുകൾ ഒഴുകിയെത്തിയിരുന്നു.


ഓരോ ഇരകളും തങ്ങളുടെ ജീവിതകഥകൾ പറയാൻ മുന്നോട്ട് വരുമ്പോഴും ഫ്രാൻസിസ് പാപ്പ നിശബ്ദനായി ഇരുന്നു. ഓരോരുത്തരും തങ്ങളുടെ വേദനയുടെ പ്രതീകമായി കൊണ്ടുവന്ന വസ്തുക്കൾ ക്രൂശിതരൂപത്തിന്റെ ചുവട്ടിൽ അർപ്പിക്കുന്നത് അവൻ നിരീക്ഷിച്ചു. അവരെ അംഗഭംഗം വരുത്താനും പ്രിയപ്പെട്ടവരെ കൊലപ്പെടുത്തനും അക്രമകാരികൾ ഉപയോഗിച്ചിരുന്ന വെട്ടുകത്തി, അവർ ബലാത്സംഗം ചെയ്യപ്പെട്ട വൈക്കോൽ പായ അങ്ങനെ തങ്ങളുടെ ഹൃദയത്തെയും ശരീരത്തെയും കീറിമുറിച്ച പലതും മാർപ്പാപ്പയെ സന്ദർശിക്കാൻ എത്തിയവർ കൈയിൽ കരുതിയിരുന്നു.

ഒടുവിൽ അനുഗ്രഹത്തിനായി അവർ മാർപ്പാപ്പയുടെ മുന്നിൽ മുട്ടുകുത്തിയപ്പോൾ, ഫ്രാൻസിസ് പാപ്പ അലിവോടെ തന്റെ കൈ അവരുടെ തലയിലോ അല്ലെങ്കിൽ അംഗഭംഗം വന്ന അവയവങ്ങളിലോ വെച്ചുകൊണ്ട് പ്രാർത്ഥിച്ചു. “നിങ്ങളുടെ കണ്ണുനീർ എന്റെ കണ്ണുനീർ ആകുന്നു,നിങ്ങളുടെ വേദന എന്റെ വേദനയാണ്” എന്ന് മാർപ്പാപ്പ അവരോട് പറഞ്ഞു.

“ഗ്രാമങ്ങൾ കത്തിച്ചതിലും മറ്റ് അക്രമങ്ങളിൽ ദു:ഖിക്കുന്നതോ അല്ലെങ്കിൽ കുടിയിറക്കപ്പെടുന്നതോ ആയ എല്ലാ കുടുംബങ്ങളോടും ലൈംഗികാതിക്രമത്തെ അതിജീവിച്ചവരോടും പരിക്കേറ്റ ഓരോ കുട്ടിയോടും മുതിർന്നവരോടും ഞാൻ പറയുന്നു, ഞാൻ നിങ്ങളോടൊപ്പമുണ്ട്. ദൈവത്തിന്റെ കരുതൽ എനിക്ക് നിങ്ങളിലേക്ക് കൊണ്ടുവരണം" ഫ്രാൻസിസ് പാപ്പ വിശദീകരിച്ചു.

കിൻഷാസയിലെ വത്തിക്കാൻ എംബസിയിൽ നടന്ന സൗഹൃദ കൂടിക്കാഴ്ചയിൽ തന്റെ ആട്ടിൻകൂട്ടത്തെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ഇടയന്റെ അസാധാരണ നിമിഷമായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ യു.എൻ സമാധാന പരിപാലന പ്രവർത്തന മേഖലകളിൽ ഒന്നായിട്ടും1990 കളുടെ തുടക്കം മുതൽ കിഴക്കൻ കോംഗോ അക്രമത്തിൽ മുങ്ങിയിരിക്കുകയാണ്. ധാതു സമ്പന്നമായ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി തീവ്രവാദികളും സൈന്യവും തമ്മിൽ മത്സരിക്കുമ്പോൾ ഇടയിൽ ഞെരിഞ്ഞമരുന്നത് സാധാരണക്കാരുടെ ജീവിതങ്ങളാണ്.

ആളുകൾ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതുപോലെ ഒട്ടേറെ അക്രമത്തിനും മരണത്തിനും കാരണമാകുന്ന ഈ വാണിജ്യം തഴച്ചുവളരുമ്പോൾ എന്തൊരു അപവാദവും എന്തൊരു കാപട്യവുമാണെന്ന് കോംഗോയുടെ കിഴക്ക് ചൂഷണം ചെയ്യുന്ന വിദേശ ശക്തികളെയും ചൂഷണ വ്യവസായങ്ങളെയും കുറിച്ച് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു. അക്രമങ്ങൾ "മതിയാക്കാനും" പാപ്പ ആഹ്വാനം ചെയ്തു.


രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലെ വടക്കൻ കിവു സന്ദർശിക്കാൻ മാർപ്പാപ്പ ആദ്യം പദ്ധതിയിട്ടിരുന്നുവെങ്കിലും ഭീകരവാദികൾ കഴിഞ്ഞ വർഷം ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് യാത്ര ജൂലൈയിലേക്ക് മാറ്റിവച്ചിരുന്നു.

എന്നാൽ യാത്ര പുനക്രമീകരിച്ചതിന് ശേഷവും 5.7 ദശലക്ഷം ആളുകളെ അവരുടെ വീടുകൾ വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരായ പോരാട്ടത്തെത്തുടർന്ന് വത്തിക്കാൻ ഈ സന്ദർശനം റദ്ദാക്കി. വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇതിനകം 26.4 ദശലക്ഷം ആളുകൾ പട്ടിണി നേരിടുന്ന കോംഗോയിൽ മാനുഷിക പ്രതിസന്ധി അതിരൂക്ഷമാണ്. വത്തിക്കാൻ കണക്കുകൾ അനുസരിച്ച് കോംഗോയിലെ 105 ദശലക്ഷം ജനങ്ങളിൽ പകുതിയും കത്തോലിക്കരാണ്.

അതേസമയം യാത്ര റദ്ദാക്കിയതിനാൽ കിഴക്കൻ നിവാസികൾ ഫ്രാൻസിസ് മാർപ്പാപ്പയുടെ അരിക്കിലേക്കെത്തുകയും അവരുടെ ഹൃദയഭേദകമായ സാക്ഷ്യം പങ്കുവെക്കുകയും ചെയ്തു.

കിവു പ്രവിശ്യയിലെ ബെനി എന്ന പ്രദേശത്ത് നിന്നുള്ള ലാഡിസ്ലാസ് കാംബലെ കോംബി എന്ന യുവാവ് ഫ്രാൻസിസ് മർപ്പാപ്പയോട്, സൈനിക യൂണിഫോമിലുള്ള ആളുകൾ തന്റെ പിതാവിനെ ശിരഛേദം ചെയ്യുകയും തല ഒരു കൊട്ടയിൽ വയ്ക്കുകയും തുടർന്ന് അമ്മയെ ബലമായി കടത്തികൊണ്ട് പോകുകയും ചെയ്ത ദയനീയ സംഭവം വിവരിച്ചു.

“രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. ഇത്തരം ഒരു ദുഷ്ടത മനുഷ്യരോട് എങ്ങനെ പ്രവർത്തിക്കാൻ കഴിയുന്നു. മൃഗങ്ങൾക്ക് സമാനമായ ക്രൂരത മനസ്സിലാക്കാൻ തന്നെ പ്രയാസമാണ്" യുവാവ് കൂട്ടിച്ചേർത്തു.

മാർപ്പാപ്പയെ സന്ദർശിക്കാനെത്തിയവരിൽ 17 കാരിയായ ബിജൗക്സ് മകുമ്പി കമലയും ഉണ്ടായിരുന്നു. 2020 ൽ വടക്കൻ കിവു പ്രവിശ്യയിലെ വാലികലെയിൽ വെള്ളമെടുക്കാൻ പോയപ്പോൾ തീവ്രവാദികൾ അവളെ തട്ടിക്കൊണ്ടുപോയി. പിന്നീട് 19 മാസത്തിന് ശേഷമാണ് അവൾ രക്ഷപ്പെടുന്നത്. അതുവരെ അവർ "ഒരു മൃഗത്തെപ്പോലെ" തന്നെ ദിവസവും ബലാത്സംഗം ചെയ്തതായി അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു.


"അവിടെ അലറി നിലവിളിച്ചിട്ട് കാര്യമില്ലായിരുന്നു. കാരണം ആർക്കും എന്റെ ശബ്ദം കേൾക്കാനോ എന്നെ രക്ഷിക്കാനോ കഴിയുമായിരുന്നില്ല" അവൾ പറഞ്ഞു. "അച്ഛൻ ആരെന്നറിയാത്ത" ഇരട്ട പെൺകുട്ടികൾക്ക് താൻ ജന്മം നൽകി. കത്തോലിക്കാ സഭ നൽകുന്ന സേവനങ്ങളിലൂടെ ആശ്വാസം കണ്ടെത്തിയാണ് താൻ നിലവിൽ അതിജീവനം സാധ്യമാക്കുന്നതെന്നും കമല കൂട്ടിച്ചേർത്തു.

തെക്കൻ കിവു പ്രവിശ്യയിലെ ബുക്കാവുവിനടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നുള്ള എമൽഡ എംകർഹുംഗുലു എന്ന യുവതിയും മാർപ്പാപ്പയെ സന്ദർശിച്ചിരുന്നു. 2005 ൽ തന്റെ ഗ്രാമത്തിൽ അതിക്രമിച്ചുകയറിയ ആയുധധാരികളാൽ 16-ാം വയസിൽ അവരെ തട്ടികൊണ്ട് പോയി. തുടർന്ന് മൂന്ന് മാസത്തോളം ലൈംഗിക അടിമയായി സൂക്ഷിച്ചിരുന്നതായി അവർ പറഞ്ഞു.

താൻ ദിവസവും ബലാത്സംഗം ചെയ്യപ്പെടുകയായിരുന്നുവെന്ന് എംകർഹുംഗുലു പറഞ്ഞു. ദിവസേന അഞ്ച് മുതൽ 10 വരെ ആളുകൾ തന്നെ ഉപദ്രവിച്ചു. മാത്രമല്ല തങ്ങൾ കൊന്ന മനുഷ്യരുടെ മാംസവും മൃഗങ്ങളുടെ മാംസവും ചോളത്തിന്റെ ഒരു കൂട്ടിനൊപ്പം കലർത്തി ഭക്ഷിക്കാൻ ബന്ദികളാക്കിയവരെ നിർബന്ധിക്കുകയും ചെയ്തിരുന്നു.


“അതായിരുന്നു എല്ലാ ദിവസവും ഞങ്ങളുടെ ഭക്ഷണം. ആരു വിസമ്മതിച്ചാലും അവർ ശിരഛേദം ചെയ്യുകയും അവരെ ഞങ്ങൾക്ക് ഭക്ഷണമായി നൽകുകയും ചെയ്യുമായിരുന്നു.” ഒടുവിൽ ഒരു ദിവസം വെള്ളമെടുക്കാൻ പോകുമ്പോൾ അവൾ ഓടിരക്ഷപ്പെട്ടുവെന്നും എംകർഹുംഗുലു പറഞ്ഞു.

നിർബന്ധിത നരഭോജനം വ്യാപകമായതായി അറിയില്ലെങ്കിലും, കിഴക്കൻ കോംഗോയുടെ ചില ഭാഗങ്ങളിൽ 2000 ത്തിന്റെ തുടക്കത്തിൽ നിർബന്ധിത നരഭോജനം യുദ്ധത്തിനുള്ള ആയുധമായി ഉപയോഗിച്ചതെന്ന് ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ ഗ്രൂപ്പുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതിനിടെ ഡെസിരെ ധെത്‌സിന എന്ന വ്യക്തി മാസങ്ങൾക്ക് മുമ്പ് തയ്യാറാക്കിയ ഒരു പ്രസ്താവന ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് മുൻപാകെ ഉറക്കെ വായിക്കപ്പെട്ടു. “ഞാൻ ആ ക്രൂരത കണ്ടു, ആളുകളെ ഇറച്ചിക്കടയിലെ മാംസം പോലെ കൊത്തിയെടുക്കുന്നു. സ്ത്രീകളുടെ കുടൽ മുറിച്ചുമാറ്റപ്പെട്ടു, പുരുഷന്മാർ ശിരഛേദം ചെയ്യപ്പെട്ടു" എന്ന് ആ പ്രസ്താവനയിൽ രേഖപ്പെടുത്തിയിരുന്നു.

2022 ഫെബ്രുവരി ഒന്നിന് കോംഗോയുടെ വടക്കുകിഴക്കൻ അതിർത്തിയായ ഉഗാണ്ടയുമായുള്ള ഇറ്റൂരി പ്രവിശ്യയിലെ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കുള്ള ക്യാമ്പിൽ നടന്ന ആക്രമണത്തെ അതിജീവിച്ച ശേഷം ധെത്‌സിന അപ്രത്യക്ഷയായിരുന്നു.

തുടർന്ന് ഫ്രാൻസിസ് പാപ്പ അക്രമത്തെ അപലപിക്കുകയും സമാധാനവും അനുരഞ്ജനവും ഉണ്ടാകാൻ പ്രാർത്ഥിക്കുകയും ചെയ്തു. ഓരോരുത്തരുടെയും വേദന നന്മയ്ക്കായി ഉപയോഗിക്കാനും കോംഗോയിലെ ഇരകളോട് പാപ്പ അഭ്യർത്ഥിച്ചു. തന്നെ ഒറ്റിക്കൊടുത്തവരോട് ക്ഷമിച്ച യേശുക്രിസ്തുവിന്റെ ഉദാഹരണം ഉദ്ധരിച്ചുകൊണ്ട് "അവൻ തന്റെ മുറിവുകൾ അവരെ കാണിച്ചു, കാരണം മുറിവുകളിൽ നിന്നാണ് ക്ഷമ ജനിക്കുന്നത്" എന്ന് മാർപ്പാപ്പ പറഞ്ഞു

“നമ്മുടെ മുറിവുകളിൽ വെറുപ്പിന്റെ പാടുകൾ അവശേഷിപ്പിക്കാതെ, മറ്റുള്ളവർക്ക് ഇടം നൽകാനും അവരുടെ ബലഹീനതകൾ അംഗീകരിക്കാനുമുള്ള മാർഗമായി മാറുമ്പോഴാണ് ക്ഷമ ജനിക്കുന്നത്. നമ്മുടെ ബലഹീനത ഒരു അവസരമായി മാറുന്നു, എന്നാൽ ക്ഷമ സമാധാനത്തിലേക്കുള്ള പാതയായി മാറുന്നു" പാപ്പ കൂട്ടിച്ചേർത്തു.

കോംഗോയില്‍ മാര്‍പ്പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തത് ദശലക്ഷത്തിലധികം വിശ്വാസികള്‍; മുറിവേറ്റ മനസുകള്‍ക്ക് ആശ്വാസമായി പാപ്പയുടെ സന്ദേശം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.