കിന്‍സാഷ: സമാധാന സന്ദേശവുമായി കോംഗോയിലെത്തിയ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്ത് ദശലക്ഷത്തിലധികം വിശ്വാസികള്‍. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാന നഗരിയായ കിന്‍ഷാസയിലുള്ള എന്‍ ഡോളോ എയര്‍പോര്‍ട്ടിലെ എയര്‍ഫീല്‍ഡില്‍ പ്രത്യേകം ഒരുക്കിയ ബലിവേദിയിലാണ് മാര്‍പ്പാപ്പ കുര്‍ബാന അര്‍പ്പിച്ചത്. പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ വലിയ ആഹ്‌ളാദത്തോടെയാണ് വിശ്വാസികള്‍ പാപ്പയെ സ്വീകരിച്ചത്.
31-ന് രാത്രി കുമ്പസാരത്തോടെ നടത്തിയ പ്രാര്‍ത്ഥനാ ജാഗരണത്തിലും നിരവധി കത്തോലിക്ക വിശ്വാസികള്‍ പങ്കെടുത്തു. ദൂരെ നിന്ന് വന്ന നിരവധി പേര്‍ ബുധനാഴ്ച്ച രാവിലെ നടന്ന കുര്‍ബാനയില്‍ പങ്കെടുക്കാന്‍ രാത്രി മുഴുവന്‍ വിമാനത്താവളത്തില്‍ തങ്ങി.
പ്രാദേശിക സമയം രാവിലെ 9.30 ന് വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആളുകള്‍ ഒത്തുകൂടി മാര്‍പാപ്പയുടെ വരവിനായി കാത്തിരിക്കുകയും നൃത്തം ചെയ്യുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.
കോംഗോയില്‍ മാര്‍പ്പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍
105 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള കോംഗോയില്‍ 52 ദശലക്ഷത്തിലധികം കത്തോലിക്കരുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായ ഫ്രഞ്ചിലും കോംഗോയുടെ ചില ഭാഗങ്ങളിലും മധ്യ ആഫ്രിക്കയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ സംസാരിക്കുന്ന ഭാഷയിലും ഫ്രാന്‍സിസ് മാര്‍പാപ്പ കുര്‍ബാന അര്‍പ്പിച്ചു.
യേശുവിനൊപ്പം തിന്മ ഒരിക്കലും ജയിക്കില്ലെന്നും തിന്മയ്ക്ക് ഒരിക്കലും അവസാന വാക്ക് ഇല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കുര്‍ബാന മധ്യേ ഓര്‍മിപ്പിച്ചു. 'ആത്യന്തികമായി അവിടുത്തെ സമാധാനം വിജയിക്കുന്നു. തത്ഫലമായി, നാം ഒരിക്കലും ദുഃഖത്തിന് വഴങ്ങരുത്. മാരകവാദം നമ്മെ പിടികൂടാന്‍ അനുവദിക്കരുത്. നമുക്ക് ചുറ്റും ആ അന്തരീക്ഷമാണെങ്കിലും നാം അങ്ങനെ ആകരുത് - പാപ്പ തുടര്‍ന്നു
കോംഗോയുടെ കിഴക്കന്‍ ഭാഗത്തുണ്ടായ ആക്രമണങ്ങള്‍ മൂലം 5.5 ദശലക്ഷത്തിലധികം ആളുകളാണ് അവരുടെ വീടുകളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടത്. അക്രമത്തിന് ഇരയായവരുമായും പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരുമായും ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും.
ഫ്രാന്‍സിസ് പാപ്പ കിന്‍ഷാസയില്‍ പ്രസിഡന്റ് ഫെലിക്സ് ഷിസെക്കെദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
'അക്രമവും യുദ്ധവും മൂലം നിരാശ പൂണ്ട ഒരു ലോകത്ത്, ക്രൈസ്തവര്‍ യേശുവിനെപ്പോലെ ആയിരിക്കണം' - ഫ്രാന്‍സിസ് പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. യേശു ഒരിക്കല്‍ കൂടി ശിഷ്യന്മാരോട് പറഞ്ഞു... നിങ്ങള്‍ക്കു സമാധാനം! സമാധാനത്തിന്റെ ഈ സന്ദേശം സ്വന്തമാക്കാനും ലോകത്തിനു മുന്നില്‍ അത് പ്രഖ്യാപിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.
'കുറ്റബോധവും സങ്കടവും നമ്മെ കീഴടക്കുമ്പോള്‍, കാര്യങ്ങള്‍ ശരിയായി നടക്കാത്തപ്പോള്‍, എവിടെയാണ് നോക്കേണ്ടതെന്ന് നമുക്കറിയാം: അനന്തമായ സ്‌നേഹത്താല്‍ നമ്മോട് ക്ഷമിക്കാന്‍ എപ്പോഴും തയ്യാറായിരിക്കുന്ന യേശുവിന്റെ മുറിവുകളിലേക്ക് നമുക്കു നോക്കാം'.
'കര്‍ത്താവ് നമ്മെ അത്ഭുതപ്പെടുത്തുന്നു. വീഴുമ്പോള്‍ അവിടുന്ന് നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്നു. അടിത്തട്ടില്‍നിന്ന് നമ്മെ ഉയര്‍ത്തുന്നു. ഈ രാജ്യത്തിന്റെ, ജനതയുടെ മുറിവുകള്‍ അവിടുത്തേയ്ക്കറിയാം, വിദ്വേഷവും ആക്രമണങ്ങളും തുടര്‍ച്ചയായി വേട്ടയാടുന്നുവെന്ന് അവിടുത്തേയ്ക്കറിയാം'.
'യേശു നിങ്ങളോടൊപ്പം വേദനിക്കുന്നു. നിങ്ങള്‍ ഉള്ളില്‍ വഹിക്കുന്ന മുറിവുകള്‍ അവിടുന്ന് കാണുന്നു, നിങ്ങളെ ആശ്വസിപ്പിക്കാനും സുഖപ്പെടുത്താനും അവിടുന്ന് ആഗ്രഹിക്കുന്നു; യേശുന്റെ മുറിവേറ്റ ഹൃദയം നിനക്കായി സമര്‍പ്പിക്കുന്നു. ദൈവം യെശയ്യാ പ്രവാചകനിലൂടെ പറഞ്ഞ വാക്കുകള്‍ ഇന്ന് നിങ്ങളുടെ ഹൃദയത്തോട് അവിടുന്ന് ആവര്‍ത്തിക്കുന്നു. 'ഞാന്‍ അവരെ സുഖപ്പെടുത്തും; ഞാന്‍ അവരെ നയിക്കുകയും അവര്‍ക്ക് ആശ്വാസത്തോടെ പ്രതിഫലം നല്‍കുകയും ചെയ്യും' - പരിശുദ്ധ പിതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസം കോംഗോയിലെത്തിയ ഫ്രാന്‍സിസ് പാപ്പയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയിലെ 'എന്‍ജിലി' അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ പാപ്പയെ പ്രധാനമന്ത്രി ജീന്‍ മൈക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വീകരിച്ചത്. പാപ്പയെ അഭിവാദ്യം ചെയ്യാന്‍ വിമാനത്താവള പരിസരത്തും വലിയ ജനകൂട്ടമുണ്ടായിരുന്നു. പരമ്പരാഗത വേഷത്തിലെത്തിയ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും പാപ്പയ്ക്ക് പൂച്ചെണ്ടും പതാകയും നല്‍കി സ്വീകരിച്ചു.
എന്‍ ഡോളോ എയര്‍പോര്‍ട്ടില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ വസതിയിലേക്കുള്ള അഞ്ച് മൈല്‍ റോഡിന് ഇരുവശവും ആയിരക്കണക്കിന് ജനങ്ങള്‍ പതാകകള്‍ വീശി ആഹ്ലാദ പ്രകടനം നടത്തി. നയതന്ത്രജ്ഞര്‍, സിവില്‍ സമൂഹത്തിന്റെ പ്രതിനിധികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്‍പ് ഫ്രാന്‍സിസ് പാപ്പ, പ്രസിഡന്റ് ഫെലിക്‌സ് ഷികെഡിയുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തി.
കിന്‍സാഷയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ പലൈസ് ഡി ലാ നേഷനിലെ പൂന്തോട്ടത്തില്‍ വച്ചു നല്‍കിയ സന്ദേശത്തില്‍ കോംഗോയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള തന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
'ആഫ്രിക്കയെ വെറുതെ വിടുക! ആഫ്രിക്കയെ ശ്വാസം മുട്ടിക്കുന്നത് നിര്‍ത്തുക. ഈ ഭൂഖണ്ഡം ഉരിഞ്ഞെടുക്കാനുള്ള ഖനിയോ, കൊള്ളയടിക്കാനുള്ള ഭൂപ്രദേശമോ അല്ല. നൂറ്റാണ്ടുകളായി തദ്ദേശവാസികള്‍ക്ക് ദോഷകരമായി സംഭവിച്ച വിനാശകരമായ കാര്യങ്ങള്‍ ലോകം അംഗീകരിക്കട്ടെ. ഈ രാജ്യത്തെയും ഈ ഭൂഖണ്ഡത്തെയും മറക്കരുത്' - പാപ്പാ നിറഞ്ഞ കയ്യടികള്‍ക്കു മധ്യേ പറഞ്ഞു.
'കോംഗോ ജനതയെ രാജ്യത്തെ ശിഥിലമാക്കാനുള്ള നിന്ദ്യമായ ശ്രമങ്ങള്‍ക്കെതിരെ നിങ്ങളുടെ അന്തസും പ്രാദേശിക സമഗ്രതയും കാത്തുസൂക്ഷിക്കാന്‍ നിങ്ങള്‍ പോരാടുമ്പോള്‍, യേശുവിന്റെ നാമത്തില്‍, അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും തീര്‍ത്ഥാടകനായി ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു' പാപ്പാ പറഞ്ഞു.
പതിറ്റാണ്ടുകളായി ഈ രാജ്യത്തെ അടയാളപ്പെടുത്തിയ രക്തച്ചൊരിച്ചിലിനോട് നമുക്ക് പൊരുത്തപ്പെടാന്‍ കഴിയില്ല. ഇത് ദശലക്ഷക്കണക്കിന് മരണങ്ങള്‍ക്ക് കാരണമാവുകയും ഇന്നും അത് തുടരുകയും ചെയ്യുന്നു എന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു. നാളുകളായി തുടരുന്ന ആക്രമണം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും പാപ്പാ നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.