അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഇന്ത്യന്‍ വംശജ നിക്കി ഹേലി മത്സരിക്കുമെന്ന് റിപ്പോർട്ട്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഇന്ത്യന്‍ വംശജ നിക്കി ഹേലി മത്സരിക്കുമെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: ഇന്ത്യൻ വംശജയും മുൻ കരോലിന ഗവർണറുമായ നിക്കി ഹേലി അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. ഡോണൾഡ് ട്രംപിനെതിരായ പ്രചാരണത്തിന് ഈ മാസം 51 കാരിയായ നിക്കി ഹേലി തുടക്കം കുറിക്കുമെന്നാണ് വിവരം. ഫെബ്രുവരി പതിനഞ്ചിന് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിക്കി ഹേലിയെ പ്രഖ്യാപിക്കും.

2024 നവംബറിലെ തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കാനിരിക്കെയാണ് നിക്കി ഹേലിയുടെ രംഗപ്രവേശം. ട്രംപ് മത്സരിക്കുകയാണെങ്കില്‍ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് മുമ്പ് നിക്കി ഹേലി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പ്രഖ്യാപനം തിരുത്തുകയായിരുന്നു.

2017 മുതൽ ഒരു വർഷക്കാലം ട്രംപിന് കീഴിൽ ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ അംബാസഡറായിരുന്നു നിക്കി ഹേലി. നേതൃത്വത്തിൽ പുതിയ തലമുറ വരേണ്ട സമയമായി എന്നും അമേരിക്ക പുതിയ പാതയെ പറ്റി ചിന്തിക്കാൻ സമയമായി എന്നുമാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ അവർ പറഞ്ഞത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന 80 കാരനായ പ്രസിഡന്റായ ജോ ബൈഡന് മറ്റൊരു ഊഴം നൽകരുതെന്നും നിക്കി ഹേലി വ്യക്തമാക്കിയിരുന്നു.

നിംറത നിക്കി രാന്ധവ എന്ന നിക്കി ഹേലിയുടെ മാതാപിതാക്കൾ ഇന്ത്യൻ പഞ്ചാബി സിഖ് വിഭാഗക്കാരാണ്. പഞ്ചാബിലെ അമൃത്സറിൽ നിന്ന് 1960 കളിൽ കാനഡയിലേക്കും തുടർന്ന് അമേരിക്കയിലെ സൗത്ത് കരോലീനയിലേക്ക് കുടിയേറിയവരാണ് അച്ഛൻ അജിത് സിംഗ് രാന്ധവയും അമ്മ രാജ് കൗറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.