കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ സംസ്ഥാന ബജറ്റ് ഇന്ന്; നികുതി വര്‍ധനക്ക് സാധ്യത

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ സംസ്ഥാന ബജറ്റ് ഇന്ന്; നികുതി വര്‍ധനക്ക് സാധ്യത

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. പ്രതീക്ഷകൾ ഏറെയാണെങ്കിലും ബജറ്റിൽ നികുതി വര്‍ധനക്കുള്ള സാധ്യതയാണ് ഏവരെയും ആശങ്കപ്പെടുത്തുന്നത്.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ നികുതി ഭാരം കൂടി അടിച്ചേൽ‌പ്പിക്കുമോ എന്നത് ജനങ്ങളുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. ഭൂമിയുടെ ന്യായവില, ഭൂനികുതി, ഫീസുകൾ, പിഴത്തുക, മോട്ടർ വാഹന നികുതി തുടങ്ങിയവ വർധിക്കുമെന്നാണ് കരുതുന്നത്. 

നികുതിയേതര വിഭാഗങ്ങളിൽ പരിഷ്കാരങ്ങൾ വരുത്തി വരുമാനം കൂട്ടാനും ഡിജിറ്റൽ സംവിധാനങ്ങൾ വഴി കൂടുതൽ നികുതി പിരിച്ചെടുക്കാനും കടം വാങ്ങാനുമൊക്കെയാണ് ബജറ്റിൽ ലക്ഷ്യമിടുന്നത്. അതോടൊപ്പം, വിദ്യാഭ്യാസ, വ്യവസായ, അടിസ്ഥാന സൗകര്യ, സേവന മേഖലകളിലും ജനക്ഷേമത്തിനും പുതിയ പദ്ധതികളുമുണ്ടാവും.

കെട്ടിട നികുതി, ഭൂനികുതി പരിഷ്കരണം, ക്ഷേമ പെൻഷനുകളിൽ നൂറ് രൂപയുടെ വർദ്ധന, ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക തീർക്കൽ, വന്യജീവി പ്രശ്നം പരിഹരിക്കാൻ കൂടുതൽ തുക, പ്രൊഫഷണൽ ട്രാക്സ് സ്ളാബ് പരിഷ്കരണം വ്യവസായങ്ങൾക്കും സംരംഭങ്ങൾക്കും കൂടുതൽ സഹായം തുടങ്ങി നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ടാകും. 

സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീ–പുരുഷ തുല്യതയ്ക്കും പ്രാധാന്യം നൽകുന്ന ഒട്ടേറെ പദ്ധതികളും ബജറ്റിൽ പ്രതീക്ഷിക്കുന്നു. ഇന്ധനത്തിനൊപ്പം പുതിയ സെസ് ഏർപ്പെടുത്തണമെന്ന ശുപാർശ ധനവകുപ്പിനു ലഭിച്ചിരുന്നെങ്കിലും ജനരോഷം ഭയന്ന് നടപ്പാക്കാനുള്ള സാധ്യത കുറവാണ്.

കേന്ദ്രത്തിൽ നിന്ന് കിട്ടിക്കൊണ്ടിരുന്ന തുകയിൽ 25,000 കോടിയെങ്കിലും അടുത്ത വർഷം കുറവു വരുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഇതു നികത്തുന്നതിന് പരമാവധി വരുമാനം ബജറ്റിൽ ഉറപ്പാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.