ഇന്ധന സെസില്‍ ബുധനാഴ്ച ഇളവ് പ്രഖ്യാപിച്ചേക്കും; വ്യാഴാഴ്ച പ്രഖ്യാപിച്ച യുഡിഎഫ് സമരം ചൊവ്വാഴ്ചത്തേക്ക് മാറ്റി

ഇന്ധന സെസില്‍ ബുധനാഴ്ച ഇളവ് പ്രഖ്യാപിച്ചേക്കും; വ്യാഴാഴ്ച പ്രഖ്യാപിച്ച യുഡിഎഫ് സമരം ചൊവ്വാഴ്ചത്തേക്ക് മാറ്റി

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ചുമത്തിയുള്ള ബജറ്റ് നിര്‍ദേശം പിൻവലിക്കാൻ എൽഡിഎഫിൽ പുനരാലോചന. ശക്തമായ ജനരോഷത്തിന്റെ പശ്ചാത്തലത്തിലാണ് സെസില്‍ ഇളവ് പ്രഖ്യാപിക്കാനുള്ള മനം മാറ്റത്തിലേക്ക് സർക്കാരിനെ എത്തിച്ചത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച ഉണ്ടായേക്കും.

നികുതി വർധന ഭാഗികമായി പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകൾ സജീവമാണ്. പെട്രോൾ, ഡീസൽ എന്നിവക്ക് ഏർപ്പെടുത്തിയ രണ്ടുരൂപ സെസ് പകുതിയായി കുറക്കണമെന്ന് ഘടകകക്ഷികളിൽ നിന്ന് ശക്തമായ ആവശ്യം ഉണ്ട്. അതോടൊപ്പം വ്യാപക വിലക്കയറ്റത്തിന് ഇടയാക്കുന്ന ഇന്ധന വില വർധനയിൽ പൊതുജനങ്ങളിലും കടുത്ത അമർഷമാണ് ഉയർന്നത്. 

ഭരണ കക്ഷിയിലെ അണികളിൽ നിന്ന് പോലും സർക്കാറിനെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. കേന്ദ്രം ഇന്ധന വില കൂട്ടിയപ്പോഴൊക്കെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ശക്തമായ ഭാഷയിൽ പ്രതികരിച്ചവരാണ്. 

വർധന അനിവാര്യമെന്ന് പറയുമ്പോഴും ബജറ്റിലുള്ളത് നിർദേശങ്ങൾ മാത്രമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. നികുതി വർധിപ്പിക്കുമ്പോൾ പ്രതിഷേധം സ്വാഭാവികമാണെന്നും ധനമന്ത്രി നിയമസഭയിൽ മറുപടി പറയുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. 

അതേസമയം ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ ഇന്ധന നികുതി വർധനയിൽ പ്രശ്നങ്ങളുണ്ടെന്നും കേരളത്തിന് ദോഷമാകുമെന്നും തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇവയെല്ലാം ചൂണ്ടിക്കാട്ടി ജനരോഷം ആളിക്കത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

നികുതി വർധന ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ആരോപിച്ച് യുഡിഎഫ് സമരപരിപാടികൾ ആലോചിക്കാൻ തിങ്കളാഴ്ച മുന്നണി യോഗം വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച എല്ലാ ജില്ലകളിലും കോൺഗ്രസിന്റെ കലക്ടറേറ്റ് മാർച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി. ബുധനാഴ്ച സർക്കാരിന്റെ ഭാഗത്ത് ഇളവ് പ്രഖ്യാപനം ഉണ്ടായേക്കാമെന്ന സൂചനയെ തുടർന്നാണ് മാർച്ച്‌ നേരത്തെയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.