അമേരിക്കയിൽ ബലിപീഠം തകർത്ത അക്രമിയെ സക്രാരി നശിപ്പിക്കുന്നതിൽ നിന്നും തടഞ്ഞത് മാതാവിന്റെ രൂപമെന്ന് വെളിപ്പെടുത്തൽ

അമേരിക്കയിൽ ബലിപീഠം തകർത്ത അക്രമിയെ സക്രാരി നശിപ്പിക്കുന്നതിൽ നിന്നും തടഞ്ഞത് മാതാവിന്റെ രൂപമെന്ന് വെളിപ്പെടുത്തൽ

ലിറ്റിൽ റോക്ക് (അർക്കൻസാസ്): അമേരിക്കൻ സംസ്ഥാനമായ അർക്കൻസാസിലെ ഒരു ബെനഡിക്റ്റൈൻ ആശ്രമത്തിൽ അതിക്രമിച്ച് കടന്ന് സക്രാരി നശിപ്പിക്കാൻ ഒരുങ്ങിയ അക്രമി മാതാവിന്റെ രൂപം കണ്ണിലുടക്കിയതോടെ തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞതായി വെളിപ്പെടുത്തൽ.

ഒക്‌ലഹോമയിലെ സല്ലിസാവ് സ്വദേശിയായ ജെറിഡ് ഫാർനാം (32) എന്ന അക്രമി ജനുവരി ആദ്യവാരമാണ് അർക്കൻസാസിലെ സുബിയാക്കോയിലെ സുബിയാക്കോ ആബിയിൽ അതിക്രമിച്ച് കടന്നത്. തുടർന്ന് തന്റെ കൈയിൽ കരുതിയ മഴു ഉപയോഗിച്ച് ബലിപീഠം തകർത്തു. പിന്നീട് വിശുദ്ധ കുർബാന സൂക്ഷിച്ചിരുന്ന സക്രാരി നശിപ്പിക്കാൻ ഒരുങ്ങവേയാണ് ഫാർനാം അവിടെ സ്ഥാപിച്ചിരുന്ന മാതാവിന്റെ രൂപം കണ്ടത്.

"ഞാൻ തല ഉയർത്തി നോക്കിയപ്പോൾ അവിടെ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപം കണ്ടു. പിന്നീട് ഞാൻ ഉദ്ദേശിച്ചതുപോലെ സക്രാരി നശിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഈ കൃത്യം എനിക്ക് ചെയ്യാൻ കഴിയില്ലെന്ന് മനസിലാക്കി ഞാൻ തീരുമാനത്തിൽ നിന്നും പിന്മാറി" ജെറിഡ് ഫാർനാം പറഞ്ഞു.

സംഭവത്തെ തുടർന്ന് സ്വത്ത് നാശത്തിനും മോഷണത്തിനുമുള്ള വകുപ്പുകൾ ചുമത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. നിലവിൽ വിചാരണ കാത്ത് തടവിലാണ്.


പ്രതിയെ പിടികൂടിയപ്പോൾ തന്നെ അയാൾ കുറ്റം സമ്മതിച്ചിരുന്നുവെന്ന് ലോഗൻ കൗണ്ടി ഷെരീഫ് ഓഫീസിലെ ഷെരീഫ് ജേസൺ മാസി വ്യക്തമാക്കി. മാതാവിന്റെ രൂപം കണ്ടതോടെയാണ് തീരുമാനത്തിൽ നിന്നും പിന്മാറിയതെന്നും രൂപത്തിലേക്ക് നോക്കിയപ്പോൾ താൻ ചെയ്യുന്നത് തെറ്റാണെന്ന് അദ്ദേഹത്തിന് തോന്നിയെന്നും മാസി വിശദീകരിച്ചു.

ജനുവരി അഞ്ചിന് ഒരു സാധാരണ ചുറ്റികയും വലിയ മഴുവും ഉപയോഗിച്ച് ഒരാൾ ആശ്രമത്തിലെ മാർബിൾ ബലിപീഠം നശിപ്പിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. 1878 ൽ സ്ഥാപിതമായ സുബിയാക്കോ ആശ്രമം 39 ബെനഡിക്റ്റൈൻ സന്യാസിമാരുടെ ഒരു സമൂഹമാണ്.

അക്രമി ബലിപീഠത്തിന്റെ മുകളിൽ ഒരു വലിയ വിടവുണ്ടാക്കി. മാത്രമല്ല 1,500 വർഷങ്ങൾക്ക് മുമ്പുള്ള വിശുദ്ധരുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരുന്ന കല്ലുകൾ പാകിയ ഇടം നശിപ്പിക്കുകയും ചെറുതും പിച്ചള നിറത്തിലുള്ള രണ്ട് പെട്ടികളിൽ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ് മോഷ്ടിക്കുകയും ചെയ്തുവെന്നും ലോഗൻ കൗണ്ടി ഷെരീഫിന്റെ ഓഫീസ് ചൂണ്ടിക്കാണിച്ചു.

വിശുദ്ധ ബോണിഫസ്, വിശുദ്ധ ടിബീരിയസ്, വിശുദ്ധ ബെനഡിക്റ്റ് ഓഫ് നഴ്‌സിയ എന്നിവരുടെ തിരുശേഷിപ്പുകളായിരുന്നു ഒന്നിൽ സൂക്ഷിച്ചിരുന്നതെന്ന് ആശ്രമത്തിലെ മഠാധിപതിയായ ഫാദർ എലിജ ഓവൻസ് വ്യക്തമാക്കി. മറ്റൊന്നിൽ വിശുദ്ധ ടിബീരിയസ്, വിശുദ്ധ മാർസെല്ലസ്, വിശുദ്ധ ജസ്റ്റീന എന്നിവരുടെ തിരുശേഷിപ്പുകളും ഉണ്ടായിരുന്നുവെന്നും ഓവൻസ് കൂട്ടിച്ചേർത്തു.

അക്രമി സക്രാരിക്കടുത്തെത്തി, തീരുമാനത്തിൽ നിന്നും പിന്മാറുന്നതിന് മുൻപായി അയാൾ സക്രാരിയുടെ മൂടുപടം നീക്കിയിരുന്നുവെന്ന് ആശ്രമം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. അതേ ദിവസം തന്നെ ഫർനാമിനെ അറസ്റ്റ് ചെയ്യുകയും ആദ്യത്തെ മൂന്ന് തിരുശേഷിപ്പുകൾ ഇയാളിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.

എന്നാൽ വിശുദ്ധ ടിബീരിയസ്, വിശുദ്ധ മാർസെല്ലസ്, വിശുദ്ധ ജസ്റ്റീന എന്നിവരുടെ തിരുശേഷിപ്പുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഫർനാമിന്റെ പിതാവിന്റെ വീട്ടിലെ ചവറ്റുകുട്ടയിൽ നിന്നാണ് അവ കണ്ടെത്തി.

വസ്തുക്കളുടെ സ്വഭാവം അറിയാതെ, തിരുശേഷിപ്പ് അടങ്ങിയ പെട്ടി എടുത്തുവെയ്ക്കുന്നതിനിടെ അതിലെ വസ്തുക്കൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. “ഭാഗ്യവശാൽ ചവറ്റുകുട്ടയിൽ ഭക്ഷണമോ മറ്റ് അവശിഷ്ടങ്ങളോ ഉണ്ടായിരുന്നില്ല. നാശം വരാത്ത നിലയിലാണ് തിരുശേഷിപ്പുകൾ കണ്ടെത്തിയത്” ഷെരീഫ് കൂട്ടിച്ചേർത്തു.

ഫാർനാമിനെതിരെ ചുമത്തിയ ഏഴ് കുറ്റങ്ങളിലൊന്ന് സ്വത്ത് മോഷണമാണെന്നും ഇത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കുറ്റകൃത്യത്തിന്റെ വകുപ്പിൽ ഉൾപ്പെടുന്നതാണെന്നും മാസി പറഞ്ഞു. ആ തിരുശേഷിപ്പുകൾക്ക് പകരമായി ഒരു വിലയും നൽകാനാവില്ല. അവയ്ക്ക് 1,500 വർഷം പഴക്കമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

യേശുവിന്റെ അസ്ഥികൾ അൾത്താരയിൽ ഉണ്ടെന്നും അസ്ഥികൾ നീക്കം ചെയ്യാൻ ദൈവം തന്നോട് പറയുകയായിരുന്നുവെന്നും ഫാർനാം കരുതിയിരുന്നതായി മാസി പറയുന്നു. ഫാർനാം മുമ്പ് ലഹരി ഉപയോഗിച്ചിരുന്ന വ്യക്തിയാണ്. അറസ്റ്റ് നടക്കുമ്പോൾ അയാൾ മദ്യലഹരിയിലായിരുന്നുവെന്നും മാസി കൂട്ടിച്ചേർത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.