മാസിമിലിയാന പാന്‍സ, ഏഞ്ചല മരിയ പുന്നക്കല്‍ എന്നിവര്‍
റാവെല്ലോ: അച്ചടക്ക ലംഘനത്തിന് ഇറ്റലിയില്‍ മലയാളിയടക്കം രണ്ടു കന്യാസ്ത്രീകളെ പുറത്താക്കി വത്തിക്കാന്‍. അമാല്‍ഫിയിലെ ഒരു മഠത്തില്‍ സേവനം അനുഷ്ടിച്ചിരുന്ന സിസ്റ്റര്‍മാരായ മാസിമിലിയാന പാന്‍സ, ഏഞ്ചല മരിയ പുന്നക്കല്‍ എന്നിവെരയാണ് നിരവധി തവണ നല്‍കിയ മുന്നറിയിപ്പുകള്‍ക്കൊടുവില്‍ കന്യാസ്ത്രി പദവിയില്‍ നിന്നും നീക്കിയത്. സ്ഥലം മാറ്റത്തിനുള്ള സഭാധികൃതരുടെ അഭ്യര്‍ത്ഥന നിരന്തരം അവഗണിച്ചതാണ് നടപടിക്കു കാരണം. സന്യാസിനി പദവിയില്‍ മോചിതരാക്കുന്നുവെന്ന്' അറിയിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒപ്പിട്ട കത്ത് ലഭിച്ചതോടെ ഇരുവരും സാന്താ ചിയറ മഠം വിട്ടുപോയി.
അമാല്‍ഫിയില്‍ റാവെല്ലോയിലെ ക്ലിഫ്ടോപ്പ് സിറ്റിയിലെ ഏഴ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഠത്തിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ആകെ മൂന്ന് കന്യാസ്ത്രീകള്‍ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. 97 വയസുള്ള ഒരു കന്യാസ്ത്രീയെ വാര്‍ദ്ധക്യത്തെ തുടര്‍ന്ന് മഠത്തില്‍ തുടരാന്‍ അനുവദിച്ചിരുന്നു.
സ്ഥലം മാറ്റപ്പെട്ട മലയാളി കന്യസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പകരം മറ്റു രണ്ട് കന്യാസ്ത്രീകളെ അവിടേയ്ക്ക് നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ പുറത്തിറക്കിയ ഉത്തരവ് അംഗീകരിക്കാനോ പകരക്കാരെ മഠത്തില്‍ പ്രവേശിപ്പിക്കാനോ ഇപ്പോള്‍ പുറത്താക്കിയ കന്യാസ്ത്രികള്‍ വിസമ്മതിച്ചു.
ഇതേ തുടര്‍ന്ന് സഭയുടെ ഉന്നത പ്രതിനിധി സംഘം എത്തിയെങ്കിലും മഠം തുറക്കാന്‍ പോലും കന്യാസ്ത്രികള്‍ തയ്യാറായില്ല. വത്തിക്കാനുമായി ചര്‍ച്ച നടത്താന്‍ അവര്‍ ശ്രമിച്ചെങ്കിലും സിസ്റ്റര്‍ പാന്‍സയും സിസ്റ്റര്‍ ഏഞ്ചല മരിയ പുന്നക്കലും 'സഭയോട് അനുസരണക്കേട് കാണിച്ചുവെന്നതിനാല്‍ പുറത്താക്കാന്‍ സഭ നിര്‍ബന്ധിതമായി.
സന്യാസ സഭ നല്‍കിയ ശിക്ഷ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥിരീകരിച്ചതിനാല്‍ അവര്‍ക്ക് ഇനി അപ്പീല്‍ നല്‍കാനും കഴിയില്ല. മാര്‍പ്പാപ്പ ഈ ഉത്തരവ് റദ്ധാക്കുകയും അവരെ സന്യാസിനിത്വത്തിലേക്ക് പുനഃസംയോജിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ മാത്രമേ ഇനി ഇവര്‍ക്ക് സഭാ പദവികളില്‍ പ്രവേശിക്കാനാവുകയുള്ളു.
സിസ്റ്റര്‍ പന്‍സ നേപ്പിള്‍സിനടുത്തുള്ള നോലയിലെ കുടുംബ വീട്ടിലേക്ക് മടങ്ങി. മലയാളിയായ സിസ്റ്ററും താല്‍ക്കാലികമായി അവിടെ താമസിക്കും. 1297-ല്‍ പണികഴിപ്പിച്ച മഠവും തൊട്ടടുത്ത പള്ളിയും അടച്ചുപൂട്ടുമെന്ന അവസ്ഥയിലാണ് സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധിച്ചതെന്ന് പുറത്താക്കപ്പെട്ട കന്യാസ്ത്രികള്‍ വ്യക്തമാക്കി. മഠം സംരക്ഷിക്കാന്‍ സ്ഥാപിതമായ ഒരു കമ്മിറ്റിയുടെ പിന്തുണയും പ്രാദേശികമായി അവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ അനുസരണക്കേട് കാണിച്ചുവെന്ന സഭാസമൂഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ഇരുവര്‍ക്കും വിനയായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.