ഉക്രെയ്‌നികളും ഇനി മുതൽ ഡിസംബർ 25 ക്രിസ്മസ് ആയി ആഘോഷിക്കും; പുതിയ തീരുമാനവുമായി ഉക്രെയ്‌ൻ കത്തോലിക്കാ സഭ

ഉക്രെയ്‌നികളും ഇനി മുതൽ ഡിസംബർ 25 ക്രിസ്മസ് ആയി ആഘോഷിക്കും; പുതിയ തീരുമാനവുമായി ഉക്രെയ്‌ൻ കത്തോലിക്കാ സഭ

കീവ്: ഉക്രെയ്‌നിലെ ക്രൈസ്തവർ ഇനി മുതൽ ക്രിസ്തുമസ് ഡിസംബർ 25 ന് തന്നെ ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ച് ഉക്രെയ്‌നിയൻ ഗ്രീക്ക് കാത്തലിക് ചർച്ച് (UGCC). ജൂലിയൻ കലണ്ടർ പിന്തുടര്‍ന്ന് വന്നിരുന്ന സഭ ജനുവരി ഏഴിനാണ് ഇതുവരെ ക്രിസ്തുമസ് ആഘോഷിച്ചിരുന്നത്.

കൂടാതെ ദനഹാതിരുനാൾ ജനുവരി 19 ന് ആചരിച്ചിരുന്ന ഉക്രെയ്‌നിലെ കത്തോലിക്ക സഭ ഇനി മുതൽ അത് ആഗോളസഭയെ പിന്തുടർന്ന് ജനുവരി ആറിന് ആചരിക്കുമെന്നും സഭ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ജൂലിയൻ കലണ്ടർ പ്രകാരം ക്രിസ്മസ് ജനുവരി ഏഴിനും ദനഹാത്തിരുനാൾ ജനുവരി 19 നും ആഘോഷിക്കുന്ന മാർപ്പാപ്പയുടെ കീഴിൽ അവശേഷിക്കുന്ന ചുരുക്കം ചില വിഭാഗങ്ങളിൽ ഒന്നാണ് ഉക്രെയ്‌നിലെ കത്തോലിക്കർ.

ഉക്രെയ്‌നിയൻ കത്തോലിക്കാ സഭയുടെ ആരാധനക്രമ വർഷമായ 2023 സെപ്റ്റംബർ ഒന്നു മുതൽ ആയിരിക്കും പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. 55 ലക്ഷം വിശ്വാസികളാണ് ഉക്രെയ്‌ന്‍ കത്തോലിക്ക സഭയുടെ കീഴിലുള്ളത്. റോമന്‍ കത്തോലിക്ക സഭ ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് ലോകത്തിലെ മഹാഭൂരിപക്ഷം ആളുകളും ഡിസംബർ 25 ന് തന്നെയാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.

അതേസമയം റഷ്യൻ ഓർത്തഡോക്സ് സഭയും, മോസ്കോ പാത്രിയാർക്കറ്റിന്റെ കീഴിൽ വരുന്ന പൗരസ്ത്യ സഭകളും ജനുവരി ഏഴാം തിയതിയാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.

വിശ്വാസികളുടെ നിരവധിയായ അഭ്യർത്ഥനകൾ കണക്കിലെടുത്ത്, വൈദികരോടും, സന്യസ്തരോടും ആരാധനാ കലണ്ടർ നവീകരിക്കുന്നതിനെ സംബന്ധിച്ച് ചർച്ച നടത്തിയാണ് തീരുമാനമെടുത്തതെന്ന് ഉക്രെയ്‌നിലെ ഗ്രീക്കു കത്തോലിക്കാ സഭയുടെ തലവൻ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് പറഞ്ഞു.

നിശ്ചിത ദിവസം വരുന്ന ക്രിസ്തുമസ് പോലുള്ള ആഘോഷങ്ങൾ പാശ്ചാത്യ രാജ്യങ്ങളിലെ തിയതികളിൽ തന്നെ തങ്ങൾ ആഘോഷിക്കുമെന്നും, ഈസ്റ്റർ ആഘോഷങ്ങൾ പോലുള്ളവ പഴയ രീതിയിൽ തന്നെ ആചരിക്കുന്നത് തൽക്കാലത്തേക്ക് തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഈസ്റ്ററും ഒരേ ദിവസം ആഘോഷിക്കുന്നത് സംബന്ധിച്ച് റോമൻ സഭയും, ഗ്രീക്ക് കത്തോലിക്ക സഭയും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. നിഖ്യാ സൂനഹദോസ് നടന്നതിന്റെ ആയിരത്തിഎഴുനൂറാം വാർഷികമായ 2025 ന് മുൻപ് ഒരു ധാരണയിൽ എത്താൻ സാധിക്കുമെന്ന് ഇരു സഭകളും കണക്കുകൂട്ടുന്നു.

റഷ്യയുമായുള്ള യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ജൂലിയൻ കലണ്ടറിൽ നിന്ന് മാറുന്നത് സംബന്ധിച്ച് അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ ഉക്രെയ്‌നിലെ കത്തോലിക്കാ വിശ്വാസികളിൽ 90 ശതമാനത്തിന് മുകളിൽ ആളുകൾ ജൂലിയൻ കലണ്ടറിൽ നിന്നും, റഷ്യയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ആഗ്രഹമുള്ളവർ ആണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.