അനാഥയായി പിറന്നു വീണ അവള്‍ ഇനി 'അയ' എന്നറിയപ്പെടും; തുര്‍ക്കി ഭൂകമ്പത്തില്‍ മരണം 24,000 കടന്നു

അനാഥയായി പിറന്നു വീണ അവള്‍ ഇനി 'അയ' എന്നറിയപ്പെടും; തുര്‍ക്കി ഭൂകമ്പത്തില്‍ മരണം 24,000 കടന്നു

അങ്കാറ: ഭൂകമ്പം തകര്‍ത്തെറിഞ്ഞ സിറിയയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജനിച്ചു വീണ കുഞ്ഞ് ഇനി 'അയ' എന്നറിയപ്പെടും. അത്ഭുത ശിശു എന്ന് വിളിപ്പേര് വീണ കുഞ്ഞിന് അറബിയില്‍ അത്ഭുതം എന്ന് തന്നെ അര്‍ഥം ദ്യോതിപ്പിക്കുന്ന 'അയ' എന്ന് പേരിടുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച്ചയുണ്ടായ ഭൂകമ്പത്തില്‍ ഇടിഞ്ഞു വീണ വീടിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ട ഗര്‍ഭിണി അവിടെ തന്നെ പ്രസവിക്കുകയായിരുന്നു. രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ അമ്മ മരിച്ചിരുന്നു. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടിപോലും അമ്മയില്‍ നിന്ന് അറ്റുവീണിരുന്നില്ല. എന്നാല്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നു. ഈ കുഞ്ഞിനെയും കൈയിലെടുത്ത് രക്ഷാ പ്രവര്‍ത്തകര്‍ ഓടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരാള്‍ കുഞ്ഞുമായി ഓടുകയും മറ്റൊരാള്‍ ടര്‍ക്കിയുമായി കുഞ്ഞിനെ പൊതിയാനെത്തുകയും വേറൊരാള്‍ വാഹനം ലഭ്യമാക്കാനായി ആവശ്യപ്പെടുന്നതുമായ വീഡിയോയാണ് പ്രചരിച്ചിരുന്നത്.


ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ജനിച്ചു വീണ കുഞ്ഞ് ആശുപത്രിയില്‍

കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു. അഞ്ചുനില പാര്‍പ്പിട സമുച്ചയത്തില്‍ കഴിഞ്ഞിരുന്ന കുടുംബത്തിലെ അച്ഛനും അമ്മയും നാലു സഹോദരങ്ങളും ഭൂകമ്പത്തില്‍ മരിച്ചു പോയി. കുടുംബാംഗങ്ങളെല്ലാം മരിച്ചതിനാല്‍ താന്‍ അവളെ വളര്‍ത്തുമെന്ന് കുഞ്ഞിന്റെ പിതാവിന്റെ അമ്മാവന്‍ സലാഹ് അല്‍ ബന്ദ്രാന്‍ അറിയിച്ചു. അദ്ദേഹത്തിന്റെ വീടും ഭൂകമ്പത്തില്‍ തകര്‍ന്നുപോയതാണ്. അദ്ദേഹവും കുടുംബവും നിലവില്‍ ടെന്റിലാണ് താമസിക്കുന്നത്.

ആയിരക്കണക്കിന് പേര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി പരിക്കുകള്‍ കുട്ടിക്കുണ്ട്. ശ്വസന പ്രശ്‌നവും നേരിടുന്നുണ്ട്. അതിശക്തമായ തണുപ്പത്ത് കിടക്കേണ്ടി വന്നതിനാലുള്ള ബുദ്ധിമുട്ടുകളും കുട്ടിക്കുണ്ട്. കുട്ടിയുടെ ശരീരം ചൂടാക്കികൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ചികിത്സിക്കുന്ന ഡോക്ടറുടെ ഭാര്യ അവരുടെ കുഞ്ഞിനൊപ്പം ഈ കുഞ്ഞിനെയും പാലൂട്ടുന്നു.

അതേസമയം, തുര്‍ക്കിയെയും സിറിയയെയും തകര്‍ത്ത ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24,000 പിന്നിട്ടു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. അതിനിടെ രക്ഷാപ്രവര്‍നത്തിനായി കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള സംഘം സിറിയയിലേക്ക് എത്തുന്നുണ്ട്.

തെരച്ചില്‍ വിചാരിച്ചത്ര കാര്യക്ഷമമാക്കാന്‍ സാധിക്കുന്നില്ലെന്ന് ആദിയമാന്‍ പ്രവിശ്യ സന്ദര്‍ശിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചു. സഹായം എത്തിക്കാന്‍ സിറിയയില്‍ അടിയന്തര വെടിനിര്‍ത്തലിന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിട്ടുണ്ട്. സിറിയയില്‍ 5.3 ദശലക്ഷം ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടതായും ഐക്യരാഷ്ട്രസഭ അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നതിന് അനുമതി നല്‍കിയതായി സിറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

യു.എ.ഇ തുര്‍ക്കിയിലേക്കും സിറിയയിലേക്കും സഹായത്തിനായി ഇതുവരെ അയച്ചത് 27 വിമാനങ്ങളാണ്. രക്ഷാപ്രവര്‍ത്തനത്തിന് യുഎന്നിന്റെ ആദ്യ സംഘം സിറിയയിലെത്തി. ലോകബാങ്കും തുര്‍ക്കിക്ക് സഹായധനം വാഗ്ദാനം ചെയ്തിട്ടുണ്ട്. മരണ സംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയടക്കം കണക്കുകൂട്ടുന്നത്.

അതേസമയം, തുര്‍ക്കിയിലുടനീളമുള്ള റസ്റ്റോറന്റ് ഉടമകള്‍ സജീവമായി ദുരിതബാധിതര്‍ക്ക് ചൂടുള്ള ഭക്ഷണം വിതരണം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂകമ്പം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്നായ ഹതേയില്‍ വെള്ളിയാഴ്ച ചോറും കബാബും മറ്റ് ഭക്ഷണ സാധനങ്ങളും അവര്‍ വിതരണം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.