അന്റാക്യ (തുർക്കി): തുർക്കിയിലും സിറിയയിലും നാശംവിതച്ച ഭൂകമ്പം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 33,000 കവിഞ്ഞുവെന്ന് റിപ്പോർട്ട്. അതിനിടെ തുർക്കി അധികൃതർ ദുരന്തമേഖലയിലുടനീളം ക്രമസമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മാത്രമല്ല കെട്ടിടങ്ങൾ തകർന്ന് വീഴുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടികളും ആരംഭിച്ചിട്ടുണ്ട്.
ദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ടാൽ അതിജീവിച്ചവരെ കണ്ടെത്താനുള്ള സാധ്യതകൾ വളരെ കുറവാണ്. 1939 ന് ശേഷം തുർക്കിയിൽ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്. അതുകൊണ്ട് തന്നെ ആകെ മരണം 50,000 കടന്നേക്കുമെന്ന് യുഎൻ ദുരിതാശ്വാസവിഭാഗം മേധാവി മാർട്ടിൻ ഗ്രിഫിത്സ് പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും പതിനായിരക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. ദിവസവും രക്ഷാപ്രവർത്തകർ കൂടുതൽ മൃതദേഹം കണ്ടെടുക്കുന്നുണ്ട്.
രണ്ട് ദിവസമായി മരണക്കണക്ക് പുതുക്കിയിട്ടില്ലെങ്കിലും തുർക്കിയിൽ 29,605 പേരും സിറിയയിൽ 3,500 ലധികം പേരും മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. ഏകദേശം 80,000 പേർ ആശുപത്രിയിലാണെന്നും ഒരു ദശലക്ഷത്തിലധികം ആളുകൾ താൽക്കാലിക ഷെൽട്ടറുകളിലാണെന്നും തുർക്കി അറിയിച്ചു.
തുർക്കിയിൽ മാത്രം 2.6 കോടി ജനങ്ങളെ ഭൂകമ്പം ബാധിച്ചതായാണ് യുഎൻ റിപ്പോർട്ട്. തുർക്കിയിലും സിറിയയിലുമായി അടിയന്തരമായി 8.70 ലക്ഷം പേർക്ക് ഭക്ഷണം ആവശ്യമാണ്. സിറിയയിൽ മാത്രം 53 ലക്ഷം പേർ ഭവനരഹിതരുമായി.
ഭൂകമ്പത്തിൽ കാണാതായ ഇന്ത്യൻ പൗരന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. മൃതദേഹം ഉടൻ നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് തുർക്കിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. തുർക്കിയിലെ ദുരന്തബാധിത പ്രദേശങ്ങളിൽ 10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവർ സുരക്ഷിതരാണെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ നഗരങ്ങളിലൊന്നായ തെക്കൻ തുർക്കിയിലെ അന്റാക്യ മേഖലയിൽ കൊള്ളക്കാർ ചരക്കുകൾ മോഷ്ടിക്കുന്നത് തടയാൻ കട ഉടമകൾ അവരുടെ കടകൾ കാലിയാക്കി. മറ്റ് നഗരങ്ങളിൽ നിന്ന് വന്ന താമസക്കാരും ചില സന്നദ്ധ പ്രവർത്തകരും കടകളിൽ നിന്നും തകർന്ന വീടുകളിൽ നിന്നും വ്യാപകമായി വസ്തുക്കൾ കൊള്ളയടിച്ചുവെന്നാണ് റിപ്പോർട്ട്.
ദുരിതബാധിതമേഖലയിൽ മോഷണം നടത്താൻ ശ്രമിച്ച 98 പേരെ തുർക്കി പൊലീസ് പിടികൂടി. ഇവരിൽ നിന്ന് തോക്കുകൾ ഉൾപ്പെടെ കണ്ടെടുത്തു. മോഷണം ഉൾപ്പെടെ നിയമലംഘനം നടത്തുന്നവർക്കെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ വ്യക്തമാക്കി.
സിറിയയിലെ വിമതമേഖലയിലെ ദുരന്തമേഖലയിൽ സഹായം എത്തിക്കുന്നതിൽ യുഎൻ പരാജയപ്പെട്ടതായി ഐക്യരാഷ്ട്രസംഘടനയുടെ ഉന്നത മാനുഷിക ദുരിതാശ്വാസ ഉദ്യോഗസ്ഥൻ മാർട്ടിൻ ഗ്രിഫിത്ത്സ്. വടക്കുപടിഞ്ഞാറൻ സിറിയ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഇനിയും വരാത്ത അന്താരാഷ്ട്ര സഹായത്തിനായി അവർ കാത്തിരിക്കുന്നു ഗ്രിഫിത്ത്സ് ട്വിറ്ററിൽ കുറിച്ചു.
ഇഡ് ലിബ് പ്രവിശ്യയിലെ ജൻദാരിസിൽ ദുരിതബാധിതരുടെ കുടുംബങ്ങൾ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്ക് മുകളിൽ യുഎൻ പതാക തലകീഴായി ഉയർത്തി. യുഎൻ സഹായം വൈകുന്നതിൽ പ്രതിഷേധിച്ചാണ് നടപടി.
തുർക്കിയിൽ മൃതദേഹങ്ങൾ അടക്കം ചെയ്യാൻ കൂട്ടക്കുഴിമാടങ്ങൾ ഒരുങ്ങി.ഹതായ് പ്രവിശ്യയിലെ പരുത്തിപ്പാടം പൂർണമായി ഭൂകമ്പ ശ്മശാനമായി' മാറി. മൃതദേഹങ്ങൾ ഇവിടെ എത്തിച്ച് അടയാളങ്ങൾ രേഖപ്പെടുത്തി അടക്കം ചെയ്യുന്നു.
ഇതിനിടെ ഭൂകമ്പബാധിതമായ ഹതായ് മേഖലയിൽ വിവിധ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടിയത് രക്ഷാപ്രവർത്തനത്തിൻ തടസ്സമായി. സുരക്ഷാ ഭീഷണിയുള്ളതിനാൽ രക്ഷാപ്രവർത്തനം തുടരാനാകില്ലെന്ന് വ്യക്തമാക്കി ജർമൻ, ഓസ്ട്രിയൻ സംഘം താൽക്കാലികമായി ഭൂകമ്പബാധിത മേഖലയിലെ തിരച്ചിൽ നിർത്തിവച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥർക്ക് സംരക്ഷണം ഒരുക്കുമെന്ന് തുർക്കി സൈന്യം ഉറപ്പുനൽകിയിട്ടുണ്ട്.
തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽനിന്ന് ആയിരങ്ങൾ പലായനം ചെയ്യുന്നു. ഇവർക്കായ് സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്ത് വിമാനകമ്പനികൾ. ടർക്കിഷ് എയർലൈൻസും പെഗാസസ് എയർലൈൻസും ഞായറാഴ്ച ദുരിതബാധിത പ്രദേശങ്ങളിൽനിന്ന് ഇസ്താംബുൾ, അങ്കാറ, അന്റാലിയ എന്നിവിടങ്ങളിലേക്ക് അടക്കം സൗജന്യ യാത്ര പ്രഖ്യാപിച്ചു.
സുരക്ഷിത മേഖലയിൽ വിവിധ കോളേജ്, യൂണിവേഴ്സിറ്റി ഹോസ്റ്റലുകളും ടൂറിസ്റ്റ് റിസോർട്ടുകളും ഹോട്ടലുകളും ദുരിതബാധിതർക്ക് താമസസൗകര്യമൊരുക്കുന്നു. ഗാസിയാന്റെപ്, ഹതായ്, നൂർദാഗി, മരാഷ് എന്നിവിടങ്ങളിൽനിന്ന് ആയിരങ്ങൾ ദുരിതമേഖല ഒഴിഞ്ഞു.
അതിനിടെ രാജ്യത്ത് കെട്ടിടങ്ങളുടെ ഗുണത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഇതോടെ 10 ദുരിതബാധിത പ്രവിശ്യകളിലെ ആയിരക്കണക്കിന് കെട്ടിടങ്ങളിൽ ചിലത് തകർന്നതിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന 131 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് തുർക്കി വൈസ് പ്രസിഡന്റ് ഫുവാട്ട് ഒക്ടേ പറഞ്ഞു.
സിറിയയിൽ വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ ഭാഗത്താണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്. ഒരു പതിറ്റാണ്ട് പഴക്കമുള്ള ആഭ്യന്തരയുദ്ധത്താൽ ഇതിനകം പലതവണ പലായനം ചെയ്ത നിരവധി ആളുകളെ വീണ്ടും ഈ ദുരന്തം ഭവനരഹിതരാക്കിയതായാണ് റിപ്പോർട്ട്. സർക്കാർ അധീനതയിലുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഈ മേഖലയ്ക്ക് വളരെ കുറച്ച് സഹായങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ.
ഈ നൂറ്റാണ്ടിൽ ലോകത്തിലെ ആറാമത്തെ മാരകമായ പ്രകൃതി ദുരന്തമായാണ് ഈ ഭൂകമ്പം കണക്കാക്കപ്പെടുന്നത്. മുമ്പ് 2003 ൽ ഇറാനിൽ ഉണ്ടായ ഭൂകമ്പത്തിൽ 31,000 പേർ കൊല്ലപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.