ഏ. ഡി. 686 ഒക്ടോബര്‍ 21 മുതല്‍ 687 സെപ്റ്റംബര്‍ 21 വരെ തിരുസഭയെ നയിച്ച മാര്‍പ്പാപ്പായാണ് കോനോന്‍ മാര്‍പ്പാപ്പ. ആദ്യകാല മാര്‍പ്പാപ്പമാരുടെ ചരിത്രമടങ്ങിയ ലീബര്‍ പൊന്തിഫിക്കാലിസ് എന്ന ഗ്രന്ഥം കോനോന്‍ മാര്‍പ്പാപ്പ ഗ്രീക്കുകാരനായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ജോണ്‍ അഞ്ചാമന്‍ മാര്‍പ്പാപ്പ കാലം ചെയ്തപ്പോള്‍ പത്രോസിന്‍റെ പുതിയ പിന്‍ഗാമിയെ തിരഞ്ഞെടുക്കുവാന്‍ റോമിൽ ഒത്തുചേര്‍ന്ന വൈദിക ഗണം പീറ്റര്‍ എന്ന പുരോഹിത ശ്രേഷ്ഠനേയും ഭരണ കാര്യങ്ങളില്‍ സ്വാധീനമുണ്ടായിരുന്ന റോമന്‍ സൈന്യം തിയഡോര്‍ എന്ന വൈദികനെയും മാര്‍പ്പാപ്പാ സ്ഥാനാര്‍ത്ഥികളായി ഉയര്‍ത്തിക്കാട്ടി. മാത്രമല്ല റോമന്‍ സൈന്യം വൈദിക സമൂഹത്തെ പുതിയ പാപ്പായുടെ തിരഞ്ഞെടുപ്പിനായി ലാറ്ററന്‍ ബസിലിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി. രണ്ടു പക്ഷക്കാരും ഒരു സമവായത്തിലെത്തുവാന്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും രണ്ടുപേരും പരസ്പരം അംഗീകരിക്കില്ല എന്ന സ്ഥിതി സംജാതമായപ്പോള്‍ പ്രശ്ന പരിഹാരമെന്ന നിലയില്‍ വൈദിക സമൂഹം വയോധികനായ ലാളിത്യവും വിശുദ്ധിയും നിറഞ്ഞ കോനോനെ പുതിയ പാപ്പായായി തിരഞ്ഞെടുത്തു. കോനോന്‍ പാപ്പായുടെ പിതാവ് ആര്‍മി ജനറലായിരുന്നതിനാല്‍ത്തന്നെ റോമന്‍ സൈന്യ വിഭാഗത്തിനും അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പ് സ്വീകാര്യമായിരുന്നു. സഭാചരിത്രകാരന്മാര്‍ കോനോന്‍ പാപ്പായെക്കുറിച്ച് വിവരിക്കുന്നത് അലൗകീകനും വിശുദ്ധനും ലാളിത്യ സ്വഭാവമുള്ളവനും എന്നാല്‍ രോഗാതുരനുമായിരുന്നുവെന്നാണ്. അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പും റോമിലെ ആഭ്യന്തര പ്രശ്നങ്ങളും സഭയില്‍ വിയോജിപ്പുകള്‍ക്ക് കാരണമായി.
കോനോന്‍ മാര്‍പ്പാപ്പ സിസിലിയിലെ പേപ്പല്‍ പൈതൃക സ്വത്തുക്കളുടെമേല്‍ അധികാരമുള്ള റെക്ടറായി സിറാക്കൂസ് എന്ന ഡീക്കനെ നിയമിച്ചു. പ്രസ്തുത പദവി റോമിലെ വൈദിക സമൂഹത്തിലെ ഒരു അംഗത്തിന് മാത്രം മാറ്റിവെയ്ക്കപ്പെട്ടതായിരുന്നു. പേപ്പല്‍ പൈതൃക സമ്പത്തുകളുടെ ചുമതലക്കാരനായി സിറാക്കൂസിനെ പാപ്പാ നിയമിച്ചുവെങ്കിലും പ്രസ്തുത നിയമനം സഭയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നു. കാരണം സിറാക്കൂസ് ചുമതലയേറ്റയുടനെ സ്വത്തുക്കള്‍ കൊള്ളയടിക്കുവാനും നശിപ്പിക്കുവാനും തുടങ്ങി. ഇതിനെത്തുടര്‍ന്ന് പേപ്പല്‍ സ്വത്തുക്കള്‍ പാട്ടത്തിനെടുത്തവര്‍ റെക്ടറിനെതിരെ സംഘടിക്കുകയും പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ വഷളാകുന്നുവെന്ന് മനസ്സിലാക്കിയ സിസിലിയുടെ ഗവര്‍ണര്‍ സിറാക്കൂസിനെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തു.
അയര്‍ലണ്ടില്‍ നിന്നും റോമില്‍, തന്നെ സന്ദര്‍ശിക്കുവാനെത്തിയ സുവിശേഷ പ്രഘോഷകന്‍ വി. കിലിയനയെയും സംഘത്തെയും ഫ്രാങ്കോണിയ പ്രദേശങ്ങളില്‍ സുവിശേഷം പ്രഘോഷിക്കുന്നതിന് പാപ്പാ നിയോഗിച്ചു. ജര്‍മനിയുടെ ഭാഗമായ ബവേറിയ പ്രദേശങ്ങളെ ക്രൈസ്തവവത്ക്കരിക്കുന്നതില്‍ വി. കിലിയന്‍ വലിയ പങ്കുവഹിച്ചു. കോനോന്‍ പാപ്പായോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കുന്നതിനായി ജസ്റ്റീനിയൻ രണ്ടാമന്‍ ചക്രവര്‍ത്തി റോം നല്‍കേണ്ടിയിരുന്ന പല നികുതികളിലും ഇളവുകള്‍ നല്‍കി. ഏ. ഡി. 687 സ്പെറ്റംബര്‍ 21-ന് കോനോന്‍ പാപ്പാ കാലം ചെയ്തു. അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം വി. പത്രോസിന്‍റെ ബസിലിക്കയില്‍ അടക്കം ചെയ്തു.
ഇതിനു മുൻപുളള മാർപ്പാപ്പമാരെ പറ്റി വായിക്കുവാൻ ഇവിടെ അമർത്തുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.