കുട്ടനാട് സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം: പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന കൂട്ടത്തല്ലില്‍ പരുക്കേറ്റവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കുട്ടനാട് സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം: പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന കൂട്ടത്തല്ലില്‍ പരുക്കേറ്റവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കുട്ടനാട്: കുട്ടനാട്ടില്‍ സി.പി.എം പ്രവര്‍ത്തകരുടെ തമ്മിലടിയില്‍ പരിക്കേറ്റ നേതാക്കള്‍ക്കെതിരെയും കേസ്. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രന്‍, രാമങ്കരി ലോക്കല്‍ കമ്മിറ്റി അംഗം ശരവണന്‍ എന്നിവര്‍ക്കെതിരെയാണ് വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ശരവണന്‍ കേസെടുത്തതോടെ ഒളിവില്‍ പോയെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ആക്രമണത്തിന് ഇരയായവര്‍ക്കെതിരായ പൊലീസ് നടപടിയില്‍ കടുത്ത പ്രതിഷേധത്തിലാണ് കുട്ടനാട്ടിലെ ഔദ്യോഗിക വിഭാഗം. ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. വിഭാഗീയത രൂക്ഷമായ രാമങ്കരിയില്‍ ഇന്നലെയുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏറെക്കാലമായി കുട്ടനാട്ടില്‍ വിഭാഗീയത രൂക്ഷമാണ്. അടുത്തിടെ വിഭാഗീയതയെ തുടര്‍ന്ന് 300ഓളം പേര്‍ പാര്‍ട്ടി വിടുന്നത് ചൂണ്ടിക്കാട്ടി കത്തുള്‍പ്പെടെ നല്‍കിയിരുന്നു. അതിനിടയ്ക്കാണ് ഈ പ്രശ്നം സംഘര്‍ഷത്തില്‍ കലാശിച്ചത്.

വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. പരിക്കേറ്റ അഞ്ചില്‍ രണ്ട് പേരുടെ പരിക്ക് സാരമാണ്. രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്‍, ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹി രഞ്ജിത് രാമചന്ദ്രന്‍ എന്നിവരുടെ തലയ്ക്കാണ് പരിക്കേറ്റത്. വാഹനങ്ങളില്‍ കമ്പിവടികളുമായെത്തി ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഔദ്യോഗിക വിഭാഗത്തേയും വിമത വിഭാഗത്തേയും പിന്തുണയ്ക്കുന്നവര്‍ തമ്മില്‍ പ്രദേശത്ത് ഏറെക്കാലമായി തര്‍ക്കം രൂക്ഷമായി തുടരുകയാണ്. തര്‍ക്കം രാമങ്കരിയില്‍ നിന്നും മറ്റ് ലോക്കല്‍ കമ്മിറ്റികളിലേക്കും പടരുകയായിരുന്നു. ഇന്നലെയും തര്‍ക്കം ഉണ്ടായതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

നേരത്തെ, വിഭാഗീയത പരിഹരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം തന്നെ ഇടപെട്ടിരുന്നു. മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവര്‍ കുട്ടനാട്ടിലെത്തുകയും ലോക്കല്‍ കമ്മിറ്റികളില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.