കേരളത്തിന്റെ പൊതു നിരത്തുകളിലൂടെ സഞ്ചരിക്കാന്‍ മുഖ്യമന്ത്രിക്ക് എന്തിനാണിത്ര ഭയം?..

കേരളത്തിന്റെ പൊതു നിരത്തുകളിലൂടെ സഞ്ചരിക്കാന്‍ മുഖ്യമന്ത്രിക്ക് എന്തിനാണിത്ര ഭയം?..

മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിന്റെ പൊതു നിരത്തുകളിലൂടെ ഭയമില്ലാതെ സഞ്ചരിക്കണം... അതിനായി ഒരുക്കിയിട്ടുള്ള സര്‍വ സന്നാഹങ്ങള്‍ കണ്ട് ഭയന്നോടുകയാണ് ജനങ്ങള്‍.

ആര്‍ക്ക് എന്തെല്ലാം അസൗകര്യങ്ങള്‍ നേരിട്ടാലും പ്രശ്‌നമല്ല, മുഖ്യമന്ത്രിയുടെ യാത്ര സുഗമമാക്കണം. അതാണ് പൊലീസിന്റെ നിലപാട്. കാരണം പിണറായീ കോപം ജ്വലിച്ചാല്‍ കാക്കിയും തൊപ്പിയുമൊക്കെ നിമിഷ നേരം കൊണ്ട് ഭസ്മമായി തീരും.

ആംബുലന്‍സ് ഉള്‍പ്പെടെ മുപ്പതിലധികം വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയുടെ യാത്ര. വാഹനവ്യൂഹം കടന്നു പോകുന്ന വഴികളിലെല്ലാം അപ്രഖ്യാപിത ലോക്ഡൗണാണ്. അവിടേക്ക് രോഗികള്‍ക്കോ, മരുന്ന് വാങ്ങാന്‍ പോകുന്നവര്‍ക്കോ, മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യുന്നവര്‍ക്കോ പ്രവേശനമില്ല.

എന്തിനധികം. മുഖ്യമന്ത്രിയുടെ സഞ്ചാര പഥങ്ങളില്‍ ഒരു ഇലയനക്കം പോലും പാടില്ല... എല്ലാം അദേഹത്തിന്റെ സുരക്ഷയെ കരുതി മാത്രം. ഊരിപ്പിടിച്ച വടിവാളുകളെ വകഞ്ഞു മാറ്റി നെഞ്ചു വിരിച്ചു നടന്ന ഒരു കാലം ഈ മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നുവത്രേ. പക്ഷേ, ഇപ്പോള്‍ സ്ഥിതി ആകെ മാറി. വടിവാള്‍ പോയിട്ട് വടിത്തുമ്പില്‍ കെട്ടിയ കരിങ്കൊടികള്‍ കണ്ടാല്‍ പോലും അദേഹത്തിന് ഭയമാണ്.

കേരളം സുരക്ഷിതമല്ലെന്ന് തൊട്ടടുത്ത കര്‍ണാടകയില്‍ വന്ന് പ്രസംഗിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടി കൊടുത്തപ്പോഴും ആര്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ കേരളത്തില്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ മുഖ്യമന്ത്രിക്ക് കേരളത്തില്‍ യാത്ര ചെയ്യണമെങ്കില്‍ 33 ലക്ഷത്തിന്റെ ബുള്ളറ്റ് പ്രൂഫ് കാര്‍ വേണം, മുന്നിലും പിന്നിലും കനത്ത പൊലീസ് അകമ്പടി വേണം.

അപ്പോള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനൊന്നും പ്രസക്തിയില്ല. മുഖ്യമന്ത്രി റോഡിലിറങ്ങിയാല്‍ ജനങ്ങള്‍ വീട്ടിലിരുന്നുകൊള്ളണം എന്നതാണ് സ്ഥിതി. അതാണ് കഴിഞ്ഞ ദിവസം കാലടിയിലും കുറവിലങ്ങാടും കണ്ടത്.

കാലടിയില്‍ മരുന്നു വാങ്ങാനെത്തിയ നാല് വയസുകാരനെയും പിതാവിനെയും മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയ പൊലീസ് ആട്ടിപ്പായിച്ചു. പനിച്ചു വിറച്ചിരിക്കുന്ന കുഞ്ഞിനെ കണ്ടിട്ടും സ്ഥലത്തുണ്ടായിരുന്ന എസ്.ഐ മരുന്നു വാങ്ങാന്‍ അനുവദിച്ചില്ല.

ഇതിനെതിരെ കുട്ടിയുടെ പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കു തന്നെയും പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല.

കുറവിലങ്ങാട് കോഴ ഭാഗത്ത് മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി വാഹനം അപകടകരമായ രീതിയില്‍ പോയതിനെപ്പറ്റി പാലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കുറവിലങ്ങാട് എസ്.എച്ച്.ഒയെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ടു.

മജിസ്ട്രേറ്റിന്റെ വാഹനം ഉള്‍പ്പെടെ അപകടത്തിലാക്കുന്ന വിധത്തിലായിരുന്നു പോലിസ് വാഹനം കടന്നു പോയത്. സാധാരണക്കാര്‍ക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്ന് കോടതി ചോദ്യവുമുന്നയിച്ചു.

മടിയില്‍ കനമില്ലാത്തവന് വഴിയില്‍ ഭയക്കേണ്ടതില്ലെന്ന് ഇടയ്ക്കിടെ ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്ക് കേരളത്തിന്റെ പൊതു നിരത്തുകളിലൂടെ സഞ്ചരിക്കാന്‍ എന്തിനാണിത്ര ഭയം? പ്രാണവായു ഒഴികെ മറ്റെല്ലാ സാധനങ്ങള്‍ക്കും നികുതി ചുമത്തിയിട്ടും ഖജനാവ് കാലിയായ കേരളത്തിന് അധിക ഭാരമല്ലേ അങ്ങയുടെ ഈ യാത്രാ ധൂര്‍ത്ത്.

വിവിധ രാജ്യങ്ങളില്‍ പ്രധാനമന്ത്രിമാര്‍ പോലും സൈക്കിളില്‍ യാത്ര ചെയ്യുന്ന ഒരു ലോകത്താണ് താങ്കള്‍ നാല്‍പതോളം വാഹനങ്ങളുടെ സുരക്ഷാ അകമ്പടിയില്‍ നാട് ചുറ്റുന്നത്... നാട്ടുകാരെ ദുരിതത്തിലാക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.