കെപിസിസി ഭാരവാഹികള്‍ അടക്കം തെറിക്കും; സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ വന്‍ അഴിച്ച് പണിക്ക് ഹൈക്കമാന്‍ഡ്

കെപിസിസി ഭാരവാഹികള്‍ അടക്കം തെറിക്കും; സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ വന്‍ അഴിച്ച് പണിക്ക് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി ഹൈക്കമാന്‍ഡ്. എഐസിസി പ്ലീനറി സമ്മേളനത്തിന് ശേഷം പുനസംഘടനയുണ്ടാകുമെന്ന വിവരമാണ് പുറത്ത് വരുന്നത്.

കെപിസിസി ഭാരവാഹികളെയും പകുതിയോളം ഡിസിസി അധ്യക്ഷന്മാരെയും മാറ്റുമെന്നാണ് കോണ്‍ഗ്രസ് ഉന്നത വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഭിന്നതയില്ലാതെ ഒന്നിച്ചുപോകണമെന്നും ഹൈക്കമാന്റ് നിര്‍ദേശമുണ്ട്.

കെ. സുധാകരന്‍ അധ്യക്ഷനായ ശേഷം ഗ്രൂപ്പ് പ്രതിനിധികളെ പരിഗണിക്കാതെ ഒരു പരീക്ഷണം എന്ന നിലയിലാണ് കെപിസിസി ഭാരവാഹികളെ തീരുമാനിച്ചത്. പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനയ്ക്ക് അല്‍പം പോലും മുന്നോട്ടു പോകാനായില്ലെന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍.

ടീമിനെ മാറ്റണമെന്ന അഭിപ്രായം കെപിസിസി അധ്യക്ഷനുമുണ്ട്. അതേസമയം പ്രസിഡന്റിനെയും മാറ്റണമെന്ന് അഭിപ്രായം പാര്‍ട്ടിയില്‍ ഉണ്ടെങ്കിലും അകാരണമായി മാറ്റിയാല്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമോ എന്ന ആശങ്കയും നിലവിലുണ്ട്.

കൊച്ചിയിലെ ഹാത് സെ ഹാത്ത് ജോഡോ അഭിയാന്‍ പരിപാടിക്ക് മുന്നോടിയായി ഐഐസിസി ജനറല്‍സെക്രട്ടറി താരീഖ് അന്‍വര്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ആലപ്പുഴയില്‍ നടന്ന യോഗത്തില്‍ കെ.സി വേണുഗോപാല്‍, കെ. സുധാകരന്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, എം.എം ഹസന്‍ എന്നീ നേതാക്കളാണ് പങ്കെടുത്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.