ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാലു വരെ നീളും. അറുപത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടിങിനായി 3, 327 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. 28 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപിയെ സിപിഎമ്മും കോൺഗ്രസും കൈകോർത്താണ് നേരിടുന്നത്. പുതിയ ഗോത്ര പാർട്ടിയായ തിപ്ര മോതയും മത്സരരംഗത്തുണ്ട്. മുൻ രാജ കുടുംബത്തിന്റെ പിൻഗാമികൾ രൂപവത്കരിച്ച പ്രാദേശിക പാർട്ടിയാണ് ടിപ്ര മോത.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ത്രിപുര. 400 കമ്പനി സിഎപിഎഫ് , 9000 ത്രിപുര സ്റ്റേറ്റ് റൈഫിൾസ് , 6000 പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഇതിനിടയിൽ ബിശാൽഘട്ടിലും ബെലോനിയയിലും ഇന്നലെ രാത്രി സംഘർഷം ഉണ്ടായി.
മുൻകരുതലായി സംസ്ഥാനത്തുടനീളം 17ന് രാവിലെ ആറുവരെ നിരോധനാജ്ഞ ഏർപ്പെടുത്തിയെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ സംസ്ഥാനത്തേക്ക് കടക്കുന്നത് തടയാൻ അതിർത്തികൾ അടച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ ചില മേഖലകളിൽ ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.