അങ്കാറ: ഭൂമിയിലെ ദൈവിക സ്പർശമുള്ള മാലാഖമാരാണ് നഴ്സുമാർ എന്ന വാക്കുകളെ യാഥാർഥ്യമാക്കി തുർക്കിയിലെ ഗാസിയാൻടെപ്പിലെ ആശുപത്രിയിലെ ഒരു കൂട്ടം നഴ്‌സുമാരുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. മാസം തികയാതെ പിറന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ തങ്ങളുടെ ജീവൻ പണയപ്പെടുത്തുന്ന നഴ്‌സുമാരുടെ സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും കഥയാണ് ഈ ദൃശ്യങ്ങൾ പങ്കുവെയ്ക്കുന്നത്.
കലിതുള്ളി ഭൂമി കുലുങ്ങുമ്പോൾ സ്വന്തം ജീവൻ രക്ഷിക്കാനാണ് എല്ലാവരും ആദ്യം ശ്രമിക്കുക. തകർന്നുവീഴുന്ന കെട്ടിടത്തിനടിയിൽ പെടാതിരിക്കാൻ എല്ലാവരും കെട്ടിടങ്ങൾ വിട്ട് പുറത്തേക്കോടി രക്ഷപെടാൻ ഏവരും ശ്രമിക്കും. എന്നാൽ തുർക്കിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ ആശുപത്രി കെട്ടിടം കുലുങ്ങിയപ്പോൾ നവജാത ശിശു പരിചരണ വിഭാഗത്തിലെ നഴ്സുമാർ സ്വന്തം ജീവൻ രക്ഷിക്കാനല്ല ആദ്യം ഓടിയത്.
തങ്ങൾ പരിചരിക്കുന്ന കുഞ്ഞുങ്ങളെ താഴെ വീഴാതെ രക്ഷപ്പെടുത്തണമെന്ന ആഗ്രഹത്തോടെ അവർ പരിചരണ വിഭാഗത്തിലേക്ക് ഓടിക്കയറി. കുഞ്ഞുങ്ങളെ കിടത്തിയ യൂണിറ്റുകൾ ഇളകി വീഴാതിരിക്കാൻ ഡെവ്‌ലെറ്റ് നിസാം, ഗാസ്വൽ കാലിസ്കൻ എന്നീ നഴ്സുമാർ ചേർത്തു പിടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഭൂകമ്പം അവസാനിക്കുന്നതുവരെ നവജാതശിശുക്കളുടെ അരികിൽ ഇൻകുബേറ്ററുകൾ പിടിച്ച് നഴ്‌സുമാർ നിലകൊണ്ടു. ഇൻകുബേറ്ററുകൾ ശക്തമായി ആടിയുലഞ്ഞാൽ കുഞ്ഞുങ്ങൾ മറിഞ്ഞുവീഴ്ത്താനും അവരുടെ ജീവൻ അപകടത്തിലാകാനും സാധ്യതയുണ്ട്. ആ അപകടത്തെ ഒഴിവാക്കാനായിരുന്നു ഇരുവരുടെയും ശ്രമം.
ഭൂകമ്പത്തിൽ തകർന്ന തുർക്കിയിൽ നിന്നും സിറിയയിൽ നിന്നുമുള്ള നാശത്തിന്റെ ചിത്രങ്ങൾക്കിടയിൽ, ഈ ഭയാനകമായ ദുരന്തത്തിന്റെ കനത്ത ഇരുട്ടിൽ, പ്രതീക്ഷയുടെയും നന്മയുടെയും വെളിച്ചം വീശാൻ സഹായിക്കുന്ന ഈ കാഴ്ച ഗാസിയാൻടെപ്പിലെ ആശുപത്രിയിലെ സിസിടിവി കാമറ ഒപ്പിയെടുക്കുകയായിരുന്നു. പിന്നീട് തുർക്കി രാഷ്ട്രീയക്കാരിയായ ഫാത്മ സാഹിൻ തന്റെ ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
ആശുപത്രിയിലെ നിരീക്ഷണ ക്യാമറകളിൽ സംഭവം പതിഞ്ഞില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ജീവൻ സംരക്ഷിക്കാനുള്ള ഈ അസാധാരണ പ്രവൃത്തിയെക്കുറിച്ച് ലോകം അറിയുമായിരുന്നില്ല. ഭൂകമ്പം എത്രത്തോളം നീണ്ടുനിൽക്കുമെന്നോ അത് എത്രത്തോളം വിനാശകരമായിരിക്കുമെന്നോ നഴ്‌സുമാർക്ക് അറിയില്ല.
എന്നാൽ തങ്ങൾ കുഞ്ഞുങ്ങളെ നോക്കിയില്ലെങ്കിൽ ആ നവജാത ശിശുക്കളുടെ ജീവൻ അപകടത്തിലാകുമെന്ന് അവർക്ക് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ സ്വയം രക്ഷപെടുന്നതിന് പകരം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അവർ തീരുമാനിച്ചു.
സ്ത്രീകൾ ജീവൻ നൽകുന്നു, ജീവൻ സംരക്ഷിക്കുന്നു, അവർ സമാധാനത്തിന്റെ കവചങ്ങളാണ് എന്ന് ഫ്രാൻസിസ് പാപ്പ തന്റെ മാർപ്പാപ്പയായുള്ള പത്തുവർഷത്തെ ജീവിതത്തിനിടയിൽ പലപ്പോഴും നമ്മെ ഓർമ്മിപ്പിച്ചിട്ടുണ്ട്.
ആ ദുരന്തം നിറഞ്ഞ രാത്രിയിൽ രക്ഷപ്പെട്ട കുട്ടികൾ ഈ നഴ്‌സുമാരുടെ സ്വന്തം മക്കളായിരുന്നില്ല. എന്നാൽ ഇപ്പോൾ ആ കുഞ്ഞുങ്ങൾ അവരുടെ മക്കളായിരുന്നു. കാരണം അവരുടെ ധൈര്യത്തിനും സ്നേഹത്തിനും മുന്നിലാണ് ആ നവജാതശിശുക്കൾ ‘രണ്ടാം തവണ ജനിച്ചത്’.
"ഒരു ജീവൻ രക്ഷിക്കുന്നവൻ ലോകത്തെ മുഴുവൻ രക്ഷിക്കുന്നു" എന്ന് താൽമൂഡ് (യഹൂദപാരമ്പര്യ നിയമഗ്രന്ഥം) രേഖപ്പെടുത്തിയിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ആ നഴ്സുമാർ ലോകത്തെ മുഴുവൻ രക്ഷിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://twitter.com/drfahrettinkoca/status/1624567425176899587
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.