വിനയായത് ശിവശങ്കറിന്റെ അതിബുദ്ധി; ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി കൂടുതല്‍ കുരുക്കാകും

വിനയായത് ശിവശങ്കറിന്റെ അതിബുദ്ധി; ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി കൂടുതല്‍ കുരുക്കാകും

കൊച്ചി: തിരുവനന്തപുരത്ത് ലോക്കര്‍ തുറന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിയുന്ന എം. ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ മൊഴി നല്‍കി. സ്വപ്നയെ ഓഫീസില്‍ കൊണ്ടുവന്ന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഇന്നലെയാണ് വേണുഗോപാലിനെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. ഇത് പത്തുമണിക്കൂര്‍ നീണ്ടു നിന്നു. ലോക്കറില്‍ സൂക്ഷിക്കാനുള്ള പണവുമായി ശിവശങ്കര്‍ തന്റെ വീട്ടിലെത്തിയെന്ന് വേണുഗോപാല്‍ വെളിപ്പെടുത്തിയതായാണ് അറിയുന്നത്. ലോക്കര്‍ തുടങ്ങിയതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് ശിവശങ്കര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് വേണുഗോപാല്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കി മൊഴി നല്‍കിയത്. ഇതോടെ ശിവശങ്കര്‍ കൂടുതല്‍ കുരുക്കിലായിരിക്കുകയാണ്.

അറസ്റ്റിലായ ശിവശങ്കര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ വന്നതോടെയാണ് വേണുഗോപാലിനൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ഇ.ഡി തീരുമാനിച്ചത്. ജോയിന്റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നു. പിന്നീട് പലഘട്ടത്തിലായി സ്വപ്ന ഇത് പിന്‍വലിച്ചു. പലപ്പോഴും കൂടുതല്‍ പണം കൊണ്ടുവെച്ചു. അക്കൗണ്ട് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കുറച്ച് സ്വര്‍ണാഭരണങ്ങള്‍ ലോക്കറിലുണ്ടെന്നായിരുന്നു സ്വപ്ന പറഞ്ഞത്. കൂടുതല്‍ പണം ലോക്കറിലെത്തിയതോടെ, ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം ലോക്കറിന്റെ താക്കോല്‍ സ്വപ്നയില്‍ നിന്ന് വാങ്ങിയെന്നും വേണുഗോപാല്‍ വെളിപ്പെടുത്തി.

സെക്രട്ടേറിയറ്റിനടുത്ത് എസ്.ബി.ഐ സിറ്റി ബ്രാഞ്ചിലും ഫെഡറല്‍ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലുമായിരുന്നു ലോക്കറുകള്‍. എത്രകോടികള്‍ ലോക്കറിലെത്തിയെന്ന് ഇനിവേണം കണ്ടെത്താന്‍. ലൈഫ് പദ്ധതിയിലെ കോഴപ്പണം സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ ഒളിപ്പിച്ച അതിബുദ്ധിയാണ് ശിവശങ്കറിന് വിനയായത്. പിടിച്ചെടുത്ത ഒരു കോടി രൂപ നിര്‍മ്മാണക്കമ്പനിയായ യൂണിടാക് നല്‍കിയ കോഴയാണെന്ന് ഇ.ഡി സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രളയബാധിതര്‍ക്ക് വീടുകളും ആശുപത്രികളും നിര്‍മ്മിക്കാന്‍ കിട്ടിയ ഒരുകോടി ദിര്‍ഹത്തിന്റെ സംഭാവന സ്വകാര്യ കരാറുകാരിലെത്തിക്കാന്‍ ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായി ഇ.ഡി പറയുന്നു. യു.എ.ഇയിലെ ജീവകാരുണ്യ സംഘടനയായ റെഡ്‌ക്രെസന്റ് സര്‍ക്കാരുമായി ധാരണാപത്രമൊപ്പിട്ടതിനു പിന്നാലെ യു.എ.ഇ കോണ്‍സല്‍ ജനറലുമായി കരാറുണ്ടാക്കാന്‍ സ്വകാര്യകമ്പനികളെ അനുവദിച്ചു. സി.എ.ജി ഓഡിറ്റൊഴിവാക്കി കോഴ തട്ടാനുള്ള തന്ത്രമായിരുന്നു ഇത്. ശിവശങ്കറിനുള്ള ഒരു കോടി കോണ്‍സുലേറ്റിലെ അക്കൗണ്ടന്റ് ഖാലിദാണ് എത്തിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.