ഓസ്‌ട്രേലിയയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദയാവധം പാഠ്യ പദ്ധതിയുടെ ഭാഗമാക്കാന്‍ നീക്കം; ആശങ്ക പ്രകടിപ്പിച്ച് ഡോക്ടര്‍മാര്‍

ഓസ്‌ട്രേലിയയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദയാവധം പാഠ്യ പദ്ധതിയുടെ ഭാഗമാക്കാന്‍ നീക്കം; ആശങ്ക പ്രകടിപ്പിച്ച് ഡോക്ടര്‍മാര്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ പഠനത്തിന്റെ ഭാഗമായി ദയാവധം പരിശീലിപ്പിക്കാനുള്ള നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഡോക്ടര്‍മാര്‍. ഓസ്ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. സ്റ്റീഫന്‍ പാര്‍നിസാണ് ഈ വിഷയത്തില്‍ തന്റെ ഉത്കണ്ഠ രേഖപ്പെടുത്തിയത്. അസോസിയേഷനിലെ നിരവധി ഡോക്ടര്‍മാരും ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.

ടാസ്മാനിയ, വിക്ടോറിയ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ദയാവധത്തിനായി പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ ക്ഷാമം നേരിടുന്നതാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെ കാരണം. വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ പല തലങ്ങളില്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശത്തിന്മേല്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.

ജനറല്‍ പ്രാക്ടീഷണര്‍മാരുടെ ക്ഷാമം രൂക്ഷമായ ടാസ്മാനിയ സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന ഡോക്ടര്‍മാര്‍ മാത്രമാണ് ദയാവധത്തില്‍ പരിശീലനം നേടിയിട്ടുള്ളത്.

ടാസ്മാനിയയില്‍ ദയാവധം നിയമവിധേയമാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉപരിസഭാ എംപി മൈക്ക് ഗാഫ്‌നിയാണ് ഈ ആവശ്യമുന്നയിച്ച് ടാസ്മാനിയ സര്‍വകലാശാലയിലെ മെഡിക്കല്‍ സ്‌കൂളിനെ സമീപിച്ചത്. മെഡിക്കല്‍ ബിരുദ പഠനത്തില്‍ ദയാവധത്തിനുള്ള പരിശീലനം മുഴുവനായോ ഭാഗികമായോ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.

ഇതേ വിഷയത്തില്‍ സൗത്ത് ഓസ്ട്രേലിയ ആരോഗ്യ വകുപ്പും ആ സംസ്ഥാനത്തെ സര്‍വകലാശാലകളുമായി ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. വിക്ടോറിയയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാന്‍ ദയാവധം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരെ ക്ഷണിച്ചിട്ടുണ്ട്.

ഈ വിഷയം വലിയ തോതില്‍ ചര്‍ച്ചയാകുന്നതും ഇതുസംബന്ധിച്ച നടപടികള്‍ പുരോഗമിക്കുന്നതും മനുഷ്യ സ്‌നേഹികളായ ഡോക്ടര്‍മാരെ ആശങ്കയിലാക്കുന്നുണ്ട്. മെഡിക്കല്‍ ബിരുദങ്ങളില്‍ ദയാവധ പരിശീലനം ഉള്‍പ്പെടുത്തുന്നതില്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഓസ്ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷനിലെ അംഗങ്ങള്‍തന്നെ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്.

വിക്ടോറിയന്‍ എമര്‍ജന്‍സി ഫിസിഷ്യനും അസോസിയേഷന്‍ മുന്‍ ദേശീയ വൈസ് പ്രസിഡന്റുമായ ഡോ. പാര്‍നിസ് ഉള്‍പ്പെടെ നിരവധി ഡോക്ടര്‍മാര്‍ ഈ നീക്കത്തില്‍ കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.