മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഉറ്റ സുഹൃത്തും പ്രതിരോധ വകുപ്പിന്റെ സാമ്പത്തികകാര്യ മേധാവിയുമായിരുന്ന മരീന യാങ്കീന (58) പതിനാറു നില കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ആത്മഹത്യയെന്ന നിലയിലാണ് മരീനയുടെ മരണം അന്വേഷിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ കലിനിസ്‌കി മേഖലയില്‍ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ സുരക്ഷാ ജീവനക്കാരനാണ് മരീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉക്രെയ്ന്‍ യുദ്ധത്തിനായുള്ള പണമിടപാടുകളും ഫണ്ടിംഗും കൈകാര്യം ചെയ്തിരുന്നത് മരീനയായിരുന്നു. റഷ്യയുടെ അഞ്ച് പ്രധാനപ്പെട്ട ജിയോഗ്രഫിക്കല്‍ ബറ്റാലിയനിലുള്‍പ്പെട്ട വെസ്റ്റേണ്‍ മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ സാമ്പത്തിക ഡയറക്ടറും മരീനയായിരുന്നു.
മരീനയ്ക്ക് മുന്‍പ് ചുമതല വഹിച്ചിരുന്നവരെ യുദ്ധം ആരംഭിച്ചതിനു പിന്നാലെ പലവട്ടം റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നീക്കിയിരുന്നു.
മരീന ചില വിലപ്പെട്ട ഫയലുകള്‍ 16-ാമത് നിലയിലെ ബാല്‍ക്കണിയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. മരിക്കുന്നതിന് മുമ്പ് മുന്‍ ഭര്‍ത്താവിനെ വിളിച്ച് താന്‍ ചാടാന്‍ പോകുകയാണെന്ന് മരീന പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
പുടിനുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥര്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിക്കുന്ന സംഭവങ്ങളില്‍ ഒടുവിലത്തേതാണ് മരീനയുടേതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതിരോധ മന്ത്രാലയത്തിലെത്തുന്നതിന് മുന്‍പ് റഷ്യയിലെ ഫെഡറല്‍ ടാക്‌സ് വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു ഇവര്‍. കഴിഞ്ഞ വര്‍ഷം ഉക്രെയ്‌നില്‍ പുടിന്‍ ആക്രമണം ആരംഭിച്ച ശേഷം റഷ്യന്‍ പ്രസിഡന്റിന്റെ വിശ്വസ്തരായ നിരവധി ഉദ്യോഗസ്ഥരാണ് ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചത്. മരീനയ്ക്കു മുന്‍പ് റഷ്യന്‍ ഇന്റീരിയര്‍ മന്ത്രാലയത്തിലെ മേജര്‍ ജനറല്‍ വ്‌ളാഡിമിര്‍ മാക്കറോവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുടിന്റെ സജീവ വിമര്‍ശകനായ പവേല്‍ ആന്റോവ് ഡിസംബറിലാണ് മരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.