ലക്ഷങ്ങള്‍ ശമ്പളം കൈപ്പറ്റാന്‍ കാലാവധി കഴിഞ്ഞും തുടരുന്നു; ചിന്തയെ നീക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

ലക്ഷങ്ങള്‍ ശമ്പളം കൈപ്പറ്റാന്‍ കാലാവധി കഴിഞ്ഞും തുടരുന്നു; ചിന്തയെ നീക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ചിന്ത ജെറോമിനെ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. അനുവദനീയമായതിലും അധികം കാലം പദവിയില്‍ തുടരുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തുവെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

യുവാക്കളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയെടുക്കാന്‍ അവരെ സജ്ജരാക്കുക, യുവാക്കളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് 2014 ല്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ ആക്റ്റ് പ്രകാരം സ്ഥാപിതമായിരിക്കുന്നത്. 2016 ഒക്ടോബര്‍ നാലിനാണ് ചിന്താ ജെറോമിന്റെ നിയമനം ആദ്യം നടന്നത്. മൂന്ന് വര്‍ഷമാണ് നിയമന കാലാവധി.

യുവജന കമ്മീഷന്‍ ആക്റ്റ് അനുസരിച്ച് രണ്ട് തവണയാണ് ഒരാള്‍ക്ക് ഈ തസ്തികയില്‍ നിയമനം നേടാനുള്ള അവകാശമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ചിന്താ ജെറോമിന് നിയമിച്ചിട്ട് ആറ് കൊല്ലം കഴിഞ്ഞു. പക്ഷെ പദവി വിട്ടൊഴിയാന്‍ അവര്‍ തയ്യാറാകുന്നില്ല. പ്രവര്‍ത്തന കാലാവധി അവസാനിച്ചിട്ടും ഗ്രേസ് പിരീഡ് കൂടി ശമ്പളം വാങ്ങിയെടുക്കുവാന്‍ മാത്രം പദവിയില്‍ തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.

ശമ്പള വിവാദം, ആഡംബര റിസോര്‍ട്ടിലെ താമസ വിവാദം തുടങ്ങിയവയ്ക്ക് പിന്നാലെയാണ് ചിന്ത ജെറോമിനെ പുറത്താക്കണമെന്ന ആവശ്യവുമുയരുന്നത്. ചിന്ത ജെറോമിനെതിരെ പ്രതികരിച്ചതിന് തനിക്കെതിരെ വധഭീഷണി ഉണ്ടായി എന്ന് വിഷ്ണു സുനില്‍ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിന്തയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.