സുവിശേഷ ദൗത്യവും സഭാ നിയമങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

സുവിശേഷ ദൗത്യവും സഭാ നിയമങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: സഭയുടെ സുവിശേഷ ദൗത്യവും കാനോൻ നിയമവും തമ്മിൽ വളരെ അടുത്ത ബന്ധമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. റോമൻ റോത്ത സഭാനിയമജ്ഞർക്കും കുടുംബ അജപാലകർക്കുമായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുത്തവരെ വത്തിക്കാനിലെ മാർപ്പാപ്പയുടെ വസതിയിൽ സ്വീകരിച്ചു സംബോധന ചെയ്യവെയായിരുന്നു ഫ്രാൻസിസ് പാപ്പ ഇത് പറഞ്ഞത്.

സുവിശേഷവൽക്കരണം കൂടാതെ കാനോൻ നിയമം നിലനിൽക്കില്ലെന്നും കാനോൻ നിയമമില്ലാതെ സുവിശേഷവൽക്കരണം നടത്താൻ കഴിയില്ലെന്നും മാർപ്പാപ്പ വ്യക്തമാക്കി. കാരണം കാനോൻ നിയമത്തിന്റെ കാതൽ "കൂട്ടായ്മയുടെ ഗുണങ്ങളുമായി, പ്രത്യേകിച്ച് ദൈവവചനവും കൂദാശകളുമായി" ബന്ധപ്പെട്ടിരിക്കുന്നു.

എല്ലാ വ്യക്തികൾക്കും സമൂഹത്തിനും ക്രിസ്തുവിനെ കണ്ടുമുട്ടാനുള്ള അവകാശമുണ്ട്. എല്ലാ മാനദണ്ഡങ്ങളും നിയമ നടപടികളും ആ കൂടിക്കാഴ്ചയുടെ ആധികാരികതയും ഫലപ്രാപ്തിയും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നുവെന്നും പാപ്പ വ്യക്തമാക്കി.

അതിനാൽ, സഭയുടെ നിയമങ്ങൾ സഭാജീവിതവുമായി അടുത്ത ബന്ധമുള്ളതാണ്. സഭയുടെ പ്രധാന ഭാവങ്ങളിലൊന്ന് രക്ഷയുടെ സല്‍ക്കര്‍മ്മങ്ങള്‍ സംരക്ഷിക്കുന്നതിലും കൈമാറുന്നതിലുമുള്ള നീതിയാണെന്നും മാർപ്പാപ്പ വിശദമാക്കി.

നിയമം സ്നേഹത്തിന്റെ അവസ്ഥയാണ്

"നിയമം സ്നേഹത്തിന്റെ അവസ്ഥയാണ്" എന്ന അന്തരിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട്, കാനോൻ നിയമത്തെ സ്നേഹിക്കാൻ ഫ്രാൻസിസ് പാപ്പ അവിടെ കൂടിയിരുന്ന മുന്നൂറോളം പേരടങ്ങിയ സദസിനെ ആഹ്വാനം ചെയ്തു.

വൈയക്തിക സഭകളുടെ ജീവിതത്തിൽ നീതിയുടെ സത്യത്തെ പ്രകാശിപ്പിക്കുന്നതിന് സഭാ നിയമജ്ഞർക്ക് സവിശേഷ ഉത്തരവാദിത്വമുണ്ടെന്നും ഈ ദൗത്യം സുവിശേഷവൽക്കരണത്തിനുള്ള വലിയ സംഭാവനയാണെന്നും മാർപ്പാപ്പ തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി.

ക്രിസ്തുവിന്റെ സദ്‌വാർത്ത പ്രഘോഷണദൗത്യവും സഭാ നിയമങ്ങളും രണ്ടു വ്യത്യസ്ത യാഥാർത്ഥ്യങ്ങളായി കാണുന്നതിനു പകരം സഭയുടെ ഏക ദൗത്യത്തിനുള്ളിൽ അവയെ ഒന്നിപ്പിക്കുന്ന ഘടകം കണ്ടെത്തേണ്ടത് നിർണ്ണായകമാണെന്നും പാപ്പ പറഞ്ഞു.

കാനോൻ നിയമ വിദഗ്‌ദ്ധന്‍ ഒരിക്കലും ആളുകളുടെ അവകാശങ്ങൾ മറക്കരുത്. കാനോൻ അഭിഭാഷകർ പ്രത്യേക സഭകളുടെ ജീവിതത്തിൽ നീതിയുടെ സത്യത്തെ ഉയർത്തിക്കാട്ടണം. ഇത് സുവിശേഷവൽക്കരണത്തിന് വളരെയധികം സംഭാവന നൽകുന്ന ഒരു ദൗത്യമാണെന്നും ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.

നിയമത്തിൽ അന്തർലീനമായ പൊതുനന്മയെ അവഗണിക്കാതെ ഓരോ കേസും കൈകാര്യം ചെയ്യുമ്പോൾ "അടിസ്ഥാനപരമായ നന്മ" വിവേചിച്ചറിയാനാണ് കാനോൻ അഭിഭാഷകർ വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേർത്തു.

കാനോൻ നിയമത്തിലെ സിനഡൽ യാത്ര

കാനോൻ നിയമവും സഭയുടെ സിനഡലിറ്റിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഫ്രാൻസിസ മാർപ്പാപ്പ വിശദീകരിച്ചു.

നിയമപരമായ ചുമതലകളുടെ എല്ലാ മേഖലകളിലും സിനഡൽ ആത്മാവ് ജീവിക്കണം. പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കുമ്പോൾ പരസ്പര ശ്രവിച്ചുകൊണ്ട് ഒരുമിച്ച് യാത്ര ചെയ്യുക എന്നതും, അപരനെ കേൾക്കുന്നതിൽ നീതിയുള്ളവരായിരിക്കുക എന്നതും ഒഴിച്ചുകൂടാനാവാത്തതാണ്.

സഭയെ എങ്ങനെ മികച്ച രീതിയിൽ സേവിക്കാമെന്ന് പഠിക്കുന്നതിന്, എളിമയുടെ മനോഭാവത്തിൽ അവരുടെ കൂടുതൽ പരിചയസമ്പന്നരായ സഹപ്രവർത്തകരുടെ അഭിപ്രായം എപ്പോഴും ചോദിക്കണമെന്ന് മാർപ്പാപ്പ അവിടെ കൂടിയിരുന്നവരോട് അഭ്യർത്ഥിച്ചു.

കുടുംബങ്ങളുടെ അജപാലന പരിപാലനം

കുടുംബങ്ങളുടെ അജപാലന പരിപാലനവും സഭയുടെ നീതിന്യായക്കോടതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഫ്രാൻസിസ് മാർപ്പാപ്പ തന്റെ ചിന്തകൾ പങ്കുവെച്ചു.

കുടുംബങ്ങളുടെ അവിഭാജ്യ അജപാലന പരിപാലനത്തിന് വിവാഹവുമായി ബന്ധപ്പെട്ട നിയമപരമായ ചോദ്യങ്ങളെ അവഗണിക്കാനാകില്ലെന്ന് അസാധുവായ വിവാഹങ്ങളുടെയും പൂർത്തീകരിക്കാത്ത വിവാഹങ്ങളുടെയോ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് മാർപ്പാപ്പ പറഞ്ഞു.

ഒരു പ്രധാന ഇടയ ഘടകവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ്, രണ്ട് സാഹചര്യങ്ങളിലും നീതിന്യായ വ്യവസ്ഥയിൽ പ്രവർത്തിക്കുന്നവർ കൈകാര്യം ചെയ്യുന്നത് എന്നത് ഒരിക്കലും മറക്കാൻ കഴിയില്ല. സത്യം, പ്രവേശനക്ഷമത, വിവേകപൂർണ്ണമായ വേഗത എന്നിവയുടെ ആവശ്യകതകൾ എപ്പോഴും നിങ്ങളുടെ ജോലിയെ നയിക്കണം.

ദമ്പതികളെ അനുരഞ്ജിപ്പിക്കാനോ അവരുടെ ഒരുമ സാധൂകരിക്കാനോ സാധ്യമായതെല്ലാം ചെയ്യാനുള്ള കടമ അവഗണിക്കരുതെന്നും മാർപ്പാപ്പ ഓർമിപ്പിച്ചു. ഓരോ വ്യക്തിക്കും സമൂഹത്തിനും ക്രിസ്‌തുവിനെ കണ്ടുമുട്ടുന്നതിന് അവകാശമുണ്ടെന്നും ആ കൂടിക്കാഴ്ചയ്ക്ക് ആധികാരികത പ്രധാനം ചെയ്യുന്നതും അതിനെ ഫലദായകമാക്കിത്തീർക്കുന്നതുമാകണം സഭയുടെ എല്ലാ നിയമങ്ങളും നിയമ നടപടികളും എന്നും പാപ്പ വിശദീകരിച്ചു.

ആകയാൽ സഭാനിയമം സഭയുടെ ജീവിതവുമായി ഉറ്റ ബന്ധമുള്ളതായി, അതിന്റെ അവശ്യ ഘടകങ്ങളിൽ ഒന്നാണെന്നും പാപ്പ പറഞ്ഞു. ഈ ഒരു അർത്ഥത്തിൽ, സുവിശേഷവത്ക്കരണം എന്നത് ഇടയന്മാരുടെയും അതുപോലെ തന്നെ സകല വിശ്വാസികളുടെയും പ്രാഥമിക നൈയാമിക പ്രതിബദ്ധതയാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

തുടർന്ന് ദൈവവചനത്തിലെ യഥാർത്ഥ നന്മയ്ക്കായി ഗവേഷണം തുടരാൻ ഫ്രാൻസിസ് മാർപ്പാപ്പ കാനോൻ നിയമ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് തന്റെ വാക്കുകൾ ഉപസംഹരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.