എൺപത്തിനാലാം മാർപ്പാപ്പ വി. സെര്‍ജിയൂസ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-84)

എൺപത്തിനാലാം മാർപ്പാപ്പ വി. സെര്‍ജിയൂസ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-84)

തിരുസഭയുടെ ചരിത്രത്തിലെ ശക്തനായ മാര്‍പ്പാപ്പാമാരില്‍ ഒരാളായിരുന്നു തിരുസഭയുടെ എണ്‍പത്തിനാലാമത്തെ മാര്‍പ്പാപ്പയായിരുന്ന സെര്‍ജിയൂസ് ഒന്നാമന്‍ മാര്‍പ്പാപ്പ. പാശ്ചാത്യ സഭയുടെമേല്‍ റോമിന്റെ മെത്രാനുള്ള അധികാരത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു പാപ്പായുടെ നടപടികള്‍. പാശ്ചാത്യ സഭയുടെമേല്‍ കൂടുതല്‍ സ്വാധീനവും അധികാരവും ചെലുത്തുന്നതില്‍ നിന്നും ജസ്റ്റീനിയന്‍ രണ്ടാമന്‍ ചക്രവര്‍ത്തിയെ തടയുന്നതിനായും പൗരസ്ത്യ ദേശത്ത് തന്റെ ഇംഗിതത്തിനനുസരിച്ച് മാര്‍പ്പാപ്പ പെരുമാറണമെന്ന നിര്‍ബന്ധത്തെ ചെറുക്കുവാനും സെര്‍ജിയൂസ് പാപ്പ പരിശ്രമിക്കുകയും അത്തരം നീക്കങ്ങള്‍ക്കു വഴങ്ങാതിരിക്കുകയും ചെയ്തു.

ഈ നീക്കങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി പാപ്പ സ്വീകരിച്ച നടപടികള്‍ പലതായിരുന്നു. ഏ.ഡി. 666-ല്‍ സ്വയംഭരണാധികാരമുള്ള രൂപതയായി ഉയര്‍ത്തിയതിനുശേഷം ആദ്യമായി സെര്‍ജിയൂസ് പാപ്പ റെവേന്ന അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി ഡാമിയനെ അഭിഷേകം ചെയ്തു. ഏ.ഡി. 689-ല്‍ ഇംഗ്ലണ്ടിലെ വാസെക്‌സ് രാജാവായിരുന്ന കാഡ്വലയ്ക്ക് പാപ്പ ജ്ഞാനസ്‌നാനം നല്‍കി. കാന്റർബറി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായ ബെയ്‌ററ്റ്‌വീല്‍ഡിന് അജപാലനാധികാര ചിഹ്നമായ പാലിയം നല്‍കുകയും വില്‍ഫ്രിഡ് മെത്രാനെ യോര്‍ക്കിന്റെ മെത്രാനായി പുനഃസ്ഥാപിക്കുകയും ചെയ്തു. വില്ലിബ്രോഡിന്റെ, ഫ്രിസിയ കേന്ദ്രമാക്കിയുള്ള പ്രേഷിതപ്രവര്‍ത്തനത്തെ സെര്‍ജിയൂസ് പാപ്പ അംഗീകരിക്കുകയും പിന്നീട് അദ്ദേഹത്തെ ഫ്രിസിയ രൂപതയുടെ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്യുകയും ചെയ്തു. പാപ്പായുടെ കാലത്താണ് തിരുസഭയുമായി അനൈക്യത്തില്‍ കഴിഞ്ഞിരുന്ന അക്വീലിയ രൂപത, ഏ.ഡി. 559-ല്‍ ആരംഭിച്ച പിളര്‍പ്പ് അവസാനിപ്പിച്ച് റോമുമായി ഐക്യപ്പെടുകയും സഭയുടെ കൂട്ടായ്മയിലേക്ക് പുനഃപ്രവേശിക്കുകയും ചെയ്തത്.

രണ്ടാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസിന്റെയും മൂന്നാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസിന്റെയും നടപടികള്‍ പ്രകടമായി പൂര്‍ത്തികരിക്കുന്നതിന്റെ ഭാഗമായി ഏ.ഡി. 692 താന്‍ വിളിച്ചു ചേർത്ത കൗണ്‍സില്‍ നടപടികളും തീരുമാനങ്ങളും അംഗീകരിക്കുവാന്‍ ജസ്റ്റീനിയന്‍ രണ്ടാമന്‍ ചക്രവര്‍ത്തി സെര്‍ജിയൂസ് പാപ്പായോട് ആവശ്യപ്പെട്ടപ്പോള്‍ സെര്‍ജിയൂസ് പാപ്പ ചക്രവര്‍ത്തിയുടെ ആവശ്യം നിരാകരിക്കുകയാണ് ചെയ്തത്.

കോണ്‍സ്റ്റാന്റിനോപ്പിളിലെ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിന്റെ താഴികക്കുടമുറിയില്‍ സമ്മേളിച്ചതിനാല്‍ ജസ്റ്റീനിയന്‍ രണ്ടാമന്‍ ചക്രവര്‍ത്തി ഏ.ഡി. 692 വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ അറിയപ്പെട്ടിരുന്നത് ട്രൂളന്‍ കൗണ്‍സില്‍ എന്നായിരുന്നു. പ്രസ്തുത കൗണ്‍സിലിൽ നിന്ന് പാശ്ചാത്യ സഭയില്‍ നിന്നുള്ള മെത്രാന്മാരെ ഒഴിവാക്കുകയും പാശ്ചാത്യ സഭാ നിയമത്തെ അവഗണിക്കുകയും വൈദികരുടെ ബ്രഹ്മചര്യം, നോമ്പുകാലത്തിലുള്ള ശനിയാഴ്ച്ച ഉപവാസം തുടങ്ങി പാശ്ചാത്യ സഭയില്‍ നിലനിന്നിരുന്ന പല ആചാരങ്ങളെയും പാരമ്പര്യങ്ങളെയും നിരോധിക്കുകയും ചെയ്തു. മാത്രമല്ല ചാല്‍സിഡണ്‍ കൗൺസിലിന്റെ ഇരുപത്തിയെട്ടാം കാനൻ പരിഷ്‌കരിച്ചുകൊണ്ട് കോണ്‍സ്റ്റാന്റിനോപ്പിളിന് റോമിന് തുല്യമായ പദവിയും സ്ഥാനവും നല്‍കി. കൗണ്‍സില്‍ നടപടികളെയും തീരുമാനങ്ങളെയും അംഗീകരിക്കുവാന്‍ സെര്‍ജിയൂസ് പാപ്പ തയ്യാറായില്ല എന്ന് മനസ്സിലാക്കിയ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി പാപ്പായെ അറസ്റ്റ് ചെയ്ത് കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുവരുവാനായി തന്റെ കാവല്‍പ്പടയുടെ സേനാനായകനെ റോമിലേക്കയയച്ചു. എന്നാല്‍ പ്രസ്തുത ശ്രമത്തെ റവേന്നയിലെയും ചുറ്റുപാടുമുള്ള രാജകീയ സൈന്യം എതിര്‍ക്കുകയും ചക്രവര്‍ത്തിയുടെ കാവല്‍പ്പട നായകനെ കീഴ്‌പ്പെടുത്തുകയും ചെയ്തു. കാവല്‍പ്പട നായകന്റെ ജീവനുവേണ്ടിയുള്ള പാപ്പായുടെ അപേക്ഷ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു. അപമാനിതനായ ചക്രവര്‍ത്തി ഏ.ഡി. 695 സിംഹാസനത്തില്‍നിന്നും സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തു.

കോനോന്‍ മാര്‍പ്പാപ്പയുടെ മരണത്തേത്തുടര്‍ന്ന് സഭയിലുടലെടുത്ത വിഭാഗീയതയുടെ പരിണിതഫലമായിരുന്നു സെര്‍ജിയൂസ് ഒന്നാമന്‍ പാപ്പായുടെ തിരഞ്ഞെടുപ്പ്. കോനോന്‍ പാപ്പായുടെ മരണത്തേത്തുടര്‍ന്ന് ആര്‍ച്ച്ഡീക്കനായിരുന്ന പാസ്‌ക്കലിനെ അനുകൂലിക്കുന്നവരുടെയും ആര്‍ച്ച്പ്രീസ്റ്റ് ആയിരുന്ന തിയോഡോറിനെ പിന്തുണയ്ക്കുന്നവരുടെയും രണ്ടുവിഭാഗങ്ങള്‍ ലാറ്ററന്‍ ബസിലിക്കയില്‍ വ്യത്യസ്തമായി സമ്മേളിക്കുകയും രണ്ടു വിഭാഗവും പാസ്‌ക്കലിനെയും തിയോഡോറിനെയും ഒരേ സമയം റോമിന്റെ മെത്രാന്മാരായി തിരഞ്ഞെടുക്കുകയും ചെയ്തു. സഭയില്‍ ഉടലെടുത്ത ഈ പ്രതിസന്ധിയെ തുടര്‍ന്ന് റോമിലെ ഉദ്യോഗസ്ഥഗണവും സൈനിക തലവന്മാരും റോമന്‍ വൈദികഗണത്തിലെ ഭൂരിഭാഗം വൈദികരും പലേഷ്യന്‍ കൊട്ടാരത്തില്‍ സമ്മേളിച്ച് സെര്‍ജിയൂസിനെ റോമിന്റെ പുതിയ മെത്രാനും വി. പത്രോസിന്റെ പിന്‍ഗാമിയുമായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.

എന്നിരുന്നാലും വിഘടിച്ചു നിന്നിരുന്ന വിഭാഗക്കാരെയും അവരുടെ മെത്രാന്‍ സ്ഥാനാര്‍ത്ഥികളെയും ലാറ്ററന്‍ ബസിലിക്കയില്‍നിന്നും പുറത്താക്കുന്നതുവരെ സെര്‍ജിയൂസ് പാപ്പായുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും നടന്നില്ല. സെര്‍ജിയൂസ് ഒന്നാമന്‍ പാപ്പാ ഏ.ഡി. 687 ഡിസംബര്‍ 15-ആം തീയതി തിരുസഭയുടെ എണ്‍പത്തിനാലാമത്തെ മാര്‍പ്പാപ്പയായി അഭിഷിക്തനായി. താമസംവിനാ, തിയോഡോര്‍ വി. പത്രോസിന്റെ സിംഹാസനത്തിനുമേലുള്ള അവകാശവാദം പിന്‍വലിക്കുകയും സെര്‍ജിയൂസ് ഒന്നാമന്റെ തിരഞ്ഞെടുപ്പിനെ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ റെവേന്നയുടെ എക്‌സാര്‍ക്ക് റോമിലെത്തുന്നതുവരെ വി. പത്രോസിന്റെ സിംഹാസനത്തിന്‍മേലുള്ള തന്റെ അവകാശവാദം പിന്‍വലിക്കുവാന്‍ പാസ്‌ക്കല്‍ തയ്യാറായില്ല. കാരണം മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുവാനുള്ള പിന്തുണ തനിക്കു നല്‍കിയാല്‍ വലിയൊരു സംഖ്യ കൈക്കൂലിയായി നല്‍കാമെന്ന് പാസ്‌ക്കല്‍ എക്‌സാര്‍ക്കിനോട് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. അതിനാല്‍ തന്നെ മാര്‍പ്പാപ്പയായി വാഴിക്കപ്പെട്ട സെര്‍ജിയൂസ് ഒന്നാമനെ നിഷ്‌കാസിതനാക്കി പാസ്‌ക്കലിനെ പാപ്പായായി വാഴിക്കുവാനായി റോമിലേക്ക് പുറപ്പെട്ട എക്‌സാര്‍ക്ക് റോമിലെത്തിയപ്പോള്‍ സെര്‍ജിയൂസ് ഒന്നാമന്റെ സമൂഹത്തിലുള്ള സ്വീകാര്യതയും സമൂഹം അദ്ദേഹത്തിനു നല്‍കുന്ന പിന്തുണയും കണ്ടപ്പോള്‍ തന്റെ പിന്തുണ സെര്‍ജിയൂസ് ഒന്നാമന്‍ പാപ്പായ്ക്ക് വാഗ്ദാനം ചെയ്യുകയും പാപ്പായുടെ തിരഞ്ഞെടുപ്പിനെ അംഗീകരിച്ചുകൊണ്ടുള്ള രാജകീയ തിട്ടൂരം നല്‍കുകയും ചെയ്തു. എന്നാല്‍ പാസ്‌കല്‍ തനിക്ക് വാഗ്ദാനം ചെയ്ത നൂറ് പൗണ്ട് സ്വര്‍ണ്ണം തനിക്കു നല്‍കുവാന്‍ സെര്‍ജിയൂസ് ഒന്നാമന്‍ പാപ്പാ സമ്മതിക്കുന്നതുവരെ റെവേന്നയിലെ എക്‌സാര്‍ക്ക്, പാപ്പായുടെ തിരഞ്ഞെടുപ്പിനുള്ള രാജകീയ അംഗീകാരം നല്‍കുവാനായി വിസ്സമ്മതിച്ചിരുന്നു.

സെര്‍ജിയൂസ് പാപ്പ തന്റെ ഭരണകാലത്ത് വി. പത്രോസിന്റെയും വി. പൗലോസിന്റെയും ബസിലിക്കകളും റോമിലെ മറ്റു ദേവാലയങ്ങളും പുനഃരുദ്ധരിച്ചു. അതുപോലെതന്നെ പെട്ടന്നു ശ്രദ്ധ കടന്നു ചെല്ലാത്ത കബറിടത്തില്‍ അടക്കം ചെയ്തിരുന്ന മഹാനായ വി. ലിയോ മാർപ്പാപ്പയുടെ ഭൗതികാവശിഷ്ടങ്ങള്‍ വി. പത്രോസിന്റെ ബസിലിക്കയിലെ പ്രധാനഭാഗത്ത് അലങ്കരിച്ച ഒരു കല്ലറയിലേക്ക് മാറ്റി അടക്കം ചെയ്തു. നിപുണനായ സംഗീതജ്ഞനായിരുന്ന സെര്‍ജിയൂസ് പാപ്പാ വി. കുര്‍ബാനയിലും പരിശുദ്ധ കന്യകാ മറിയത്തിന്റെ പ്രധാനപ്പെട്ട നാലു തിരുനാളുകളിലെ പ്രദിക്ഷണങ്ങളിലും ആഞ്ഞൂസ് ദെയി എന്ന പ്രാര്‍ത്ഥന ഗാനരൂപത്തില്‍ പാടുന്ന രീതി ആരംഭിച്ചു.

ഏകദേശം ഒന്നര ദശാബ്ദത്തോളം തിരുസഭയെ സുദീര്‍ഘമായി നയിച്ച സെര്‍ജിയൂസ് പാപ്പ ഏ.ഡി. 701 സെപ്റ്റംബര്‍ 8 -ാം തീയതി ദിവംഗതനായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്തു.


ഇതിനു മുൻപുള്ള പാപ്പമാരെ പറ്റി വായിക്കുവാൻ ഇവിടെ നോക്കുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.