അത്യപൂര്‍വ്വ ശില്‍പം ബലൂണാണെന്നു കരുതി തൊടാന്‍ ശ്രമിച്ചു; താഴെ വീണുടഞ്ഞത് 34.7 ലക്ഷത്തിന്റെ സ്ഫടിക ശില്‍പം

അത്യപൂര്‍വ്വ ശില്‍പം ബലൂണാണെന്നു കരുതി തൊടാന്‍ ശ്രമിച്ചു; താഴെ വീണുടഞ്ഞത് 34.7 ലക്ഷത്തിന്റെ സ്ഫടിക ശില്‍പം

മിയാമി: അമേരിക്കയില്‍ ആര്‍ട്ട് എക്സിബിഷന്‍ ഉദ്ഘാടനത്തിന് എത്തിയ വി.ഐ.പി സന്ദര്‍ശക അബദ്ധത്തില്‍ തട്ടിയുടച്ചത് 42,000 ഡോളറിന്റെ (ഏകദേശം 34.7 ലക്ഷം രൂപ) സ്ഫടിക ശില്‍പം. കലാകാരനായ ജെഫ് കൂണ്‍സിന്റെ പ്രശസ്തമായ 'ബലൂണ്‍ ഡോഗ്' സീരീസിന്റെ ഭാഗമായ നീല ശില്‍മാണ് മിയാമിയില്‍ നടന്ന പ്രദര്‍ശനത്തിനിടെ താഴെ വീണ് ചിന്നിച്ചിതറിയത്. ശില്‍പം ബലൂണാണെന്നു കരുതി യുവതി കൈ തട്ടിയപ്പോഴാണ് താഴെ വീണത്.

പ്രദര്‍ശന നഗരിയില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ വില വരുന്ന ശില്‍പം ഇവരുടെ കൈ തട്ടി നിലത്തുവീണു പൊട്ടിപ്പോവുകയായിരുന്നു. 16 ഇഞ്ച് നീളവും 19 ഇഞ്ച് ഉയരവും ഉണ്ടായിരുന്ന ശില്‍പം ബെല്‍-എയര്‍ ഫൈന്‍ ആര്‍ട്ട് ഗാലറിയിലായിരുന്നു പ്രദര്‍ശനത്തിനായി വെച്ചിരുന്നത്. യുവതി ശില്‍പത്തില്‍ സ്പര്‍ശിച്ചപ്പോള്‍ അത് സൂക്ഷിച്ചിരുന്ന പീഠത്തില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് ആര്‍ട്ട് കളക്ടറും ആര്‍ട്ടിസ്റ്റുമായ സ്റ്റീഫന്‍ ഗാംസണ്‍ പറഞ്ഞത്.


ജെഫ് കൂണ്‍സ് തന്റെ ശില്‍പത്തിനൊപ്പം

നിലത്ത് വീണ ശില്‍പത്തിന്റെ കഷണങ്ങള്‍ യുവതി തന്നെ ചൂലുകൊണ്ട് അടിച്ചുകളയുന്നത് കണ്ടാണ് താന്‍ ശ്രദ്ധിച്ചതെന്നും ഉടന്‍ തന്നെ ശില്‍പത്തിന്റെ ഉടമയായ കലാകാരനെ വിവരമറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ശില്‍പം നിലത്തു ചിന്നിച്ചിതറുന്ന ഒച്ച കേട്ട് ഗാലറിയിലുണ്ടായിരുന്ന ആളുകള്‍ ഉടന്‍ തന്നെ അവിടേക്ക് ഓടിക്കൂടുകയും പലരും സംഭവത്തിന്റെ ബാക്കി ദൃശ്യങ്ങള്‍ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ഇദ്ദേഹം പറയുന്നു.


ശില്‍പം താഴെ വീണുടഞ്ഞപ്പോള്‍

കൂണ്‍സിന്റെ കുടുംബപ്പേര് ആലേഖനംചെയ്ത ശില്‍പത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. അതിനാല്‍ തട്ടിയുടച്ച സ്ത്രീക്ക് പണം അടയ്‌ക്കേണ്ടി വരില്ല.

ഇതൊരു യഥാര്‍ത്ഥ ബലൂണാണെന്ന് കരുതിയാണ് സത്രീ ശില്‍പത്തില്‍ തട്ടിയത്. അബദ്ധത്തില്‍ സംഭവിച്ചതായതിനാല്‍ തട്ടിമറിച്ച സ്ത്രീക്കെതിരെ നടപടിയുണ്ടാകില്ല. പല നിറങ്ങളില്‍ ജെഫ് കൂണ്‍സ് ഒരുക്കിയ ബലൂണ്‍ നായ ശില്‍പങ്ങള്‍ 91 ദശലക്ഷം ഡോളറിനുവരെ വിറ്റു പോയിട്ടുണ്ട്.

ഇതാദ്യമായല്ല അദ്ദേഹത്തിന്റെ സൃഷ്ടി തകരുന്നത്. 2016-ല്‍, ഡിസൈന്‍ മിയാമി പ്രദര്‍ശനത്തിനിടെ മജന്ത നിറമുള്ള ബലൂണ്‍ നായ ഡിസ്‌പ്ലേ കേസില്‍ നിന്ന് താഴെ വീണിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.