ഉക്രെയ്‌നില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ്; സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്നു

ഉക്രെയ്‌നില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ്; സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്നു

കീവ്: ഉക്രെയ്‌നില്‍ അമേരിക്കന്‍് പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത സന്ദര്‍ശനം. റഷ്യന്‍ അധിനിവേശത്തിന് ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ബൈഡന്റെ സന്ദര്‍ശനം. ഉക്രെയ്‌നുള്ള അമേരിക്കയുടെ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചാണ് ബൈഡന്‍ തലസ്ഥാനമായ കീവിലെത്തിയത്. ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചശേഷം ആദ്യമായിട്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ഉക്രെയ്ന്‍ സന്ദര്‍ശിക്കുന്നത്.

ബൈഡന്റെ സന്ദര്‍ശനം റഷ്യക്ക് തുറന്ന മുന്നറിയിപ്പാണെന്ന് വിദഗ്ധര്‍ വിലയിരുത്തി. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് യുഎസ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സന്ദര്‍ശനമെന്നതും ശ്രദ്ധേയം. റഷ്യയെ സഹായിക്കുന്നതിനെതിരെ ചൈനയ്ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്നായിരുന്നു റഷ്യയുടെ തിരിച്ചടി.

മ്യൂണിക്കില്‍ ശനിയാഴ്ച നടന്ന സുരക്ഷാ ഉച്ചകോടിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി വാങ് യീയോടാണു റഷ്യന്‍ അധിനിവേശത്തിനു പിന്തുണ നല്‍കിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പുനല്‍കിയത്. എന്നാല്‍ ചൈന കൈകെട്ടി നോക്കി നില്‍ക്കുകയോ എരിതീയില്‍ എണ്ണയൊഴിക്കുകയോ ചെയ്യില്ലെന്ന് വാങ് യി പ്രതികരിച്ചു. ബൈഡന്റെ സന്ദര്‍ശനത്തോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായേക്കും.

ജര്‍മനി ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ ബൈഡന്റെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് രംഗത്തുവന്നിട്ടുണ്ട്. ബൈഡന്റെ സന്ദര്‍ശനത്തോട് റഷ്യ പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.