കല്‍പറ്റ: സംസ്ഥാന ബജറ്റിലെ അമിത നികുതി നിര്‍ദേശങ്ങള്‍ക്കെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 28ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തും. ഇതിനു മുന്നോടിയായി ജില്ലയില്‍ സംഘടിപ്പിക്കുന്ന പ്രചാരണ വാഹനജാഥ നാളെ രാവിലെ ഒമ്പതിന് കല്‍പറ്റയില്‍ ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറര്‍ ഇ.ഹൈദ്രു അധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് കെ. കുഞ്ഞിരായിന്‍ ഹാജി ജാഥാക്യാപ്റ്റന് പതാക കൈമാറും. ജാഥ സമാപന സമ്മേളനം 25ന് വൈകുന്നേരം അഞ്ചിന് മാനന്തവാടിയില്‍ ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് കെ.ഉസ്മാന്‍ അധ്യക്ഷത വഹിക്കും.
ബജറ്റിലെ നികുതി നിര്‍ദേശങ്ങളില്‍ പലതും ചെറുകിട വ്യാപാര മേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന സാഹചര്യത്തിലാണ് വ്യാപാരികള്‍ പ്രക്ഷോഭത്തിനു നിര്‍ബന്ധിതരായതെന്ന് സമിതി ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവന്‍, ജനറല്‍ സെക്രട്ടറി ഒ.വി.വര്‍ഗീസ്, സെക്രട്ടറി അഷ്‌റഫ് കൊട്ടാരം, ട്രഷറര്‍ ഇ.ഹൈദ്രു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങള്‍ക്കു ചുമത്തുന്ന രണ്ട് ശതമാനം സെസ് സമസ്ത വസ്തുക്കളുടെയും വിലക്കയറ്റത്തിന് കാരണമാകും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വ്യാപാര മേഖലയില്‍ കുത്തകകള്‍ക്ക് തഴച്ചുവളരുന്നതിന് സഹായകമായ നയങ്ങളാണ് പിന്തുടരുന്നത്. നാടിന്റെ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന ചെറുകിട വ്യാപാരി സമൂഹത്തിന്റെ പ്രസക്തി ഭരണാധികാരികള്‍ തിരിച്ചറിയാത്തതു ഖേദകരമാണ്.
വ്യാപാരി ക്ഷേമ പെന്‍ഷന്‍ 5,000 രൂപയാക്കുക, കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉറപ്പുവരുത്തുക, ചുരം ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കുക, വാടക കുടിയാന്‍ കാലോചിതമായി പരിഷ്‌കരിക്കുക, വന്യജീവി ശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ജാഥയെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.