ടോക്കിയോ: ജപ്പാൻ കടൽ തീരത്ത് ഒഴുകിയെത്തിയ അസാധാരണ വലിപ്പമുള്ള ലോഹഗോളം എന്താണെന്ന് തിരിച്ചറിയാൻ കഴിയാതെ അധികൃതർ. ലോഹഗോളം ചാര ബലൂണാണെന്നും അന്യഗ്രഹ വസ്തുവാണെന്നും ഡ്രാഗൺ ബോളാണെന്നും തുടങ്ങി നിരവധി ഊഹാപോഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
എന്നാൽ ലോഹഗോളം എന്താണെന്നോ, എങ്ങനെ വന്നുവെന്നോ തങ്ങൾക്കറിയില്ലെന്ന് പ്രദേശത്തെ താമസക്കാരും പോലീസും വ്യക്തമാക്കുന്നു. എന്നാൽ ഇതൊരു സ്ഫോടക വസ്തു അല്ലെന്നും പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യതകൾ ഇല്ലെന്നും അധികാരികൾ ഉറപ്പ് നൽകി.
ഏകദേശം 1.5 മീറ്റർ വ്യാസമുള്ള ഈ ഗോളം രാജ്യത്തിന്റെ പസഫിക് തീരത്തെ ഹമാമത്സു നഗരത്തിലെ എൻഷു ബീച്ചിലാണ് അടിഞ്ഞത്. പിന്നീട് എക്‌സ്‌റേ സാങ്കേതികവിദ്യ ഉപയോഗിച്ച് വിദഗ്ധർ വസ്തുവിന്റെ ഉൾഭാഗം പരിശോധിച്ച് പൊള്ളയാണെന്ന് കണ്ടെത്തി. ഇതോടെ ലോഹഗോളം ഒരു ദിശതെറ്റി ഒഴുകിയെത്തിയ സ്ഫോടക വസ്തുവാകും എന്ന ഭയം ഒഴിവായി.
ലോഹഗോളം
ജപ്പാന്റെ അയൽ രാജ്യങ്ങളായ ഉത്തരകൊറിയയുടെയോ ചൈനയുടെയോ ചാരവൃത്തിയുടെ ഭാഗമാണ് ഈ ലോഹഗോളം എന്നതിനും നിലവിൽ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.
ഓറഞ്ച്-തവിട്ട് നിറത്തിലുള്ള തുരുമ്പിന്റെ ഇരുണ്ട പാടുകൾ പോലെ കാണപ്പെടുന്ന ഗോളം പോലീസ് പരിശോധിക്കുന്നുണ്ട്. ഈ ആഴ്ച ആദ്യം കടൽ തീരത്ത് നടക്കാൻ പോയ സ്ത്രീയാണ് കരയിൽ നിന്ന് മീറ്ററുകൾ മാത്രം അകലെ മണലിൽ അടിഞ്ഞ ലോഹഗോളം ആദ്യം കണ്ടതെന്ന് പ്രാദേശിക മാധ്യമമായ ആസാഹി ടിവി റിപ്പോർട്ട് ചെയ്തു.
പിന്നീട് ഉദ്യോഗസ്ഥർ പ്രദേശം വളയുകയും കൂടുതൽ അന്വേഷണത്തിനായി സംരക്ഷിത വസ്ത്രം ധരിച്ച സ്ഫോടകവസ്തു വിദഗ്ധരെ വിളിക്കുകയും ചെയ്തു. എന്നാൽ ഈ ഗോളം എന്താണെന്നോ എവിടെ നിന്നാണ് വന്നതെന്നോ അധികാരികൾക്ക് ഇപ്പോഴും അറിയില്ലെന്നാണ് റിപ്പോർട്ടുകൾ.
വിദഗ്ധർ ലോഹഗോളം പരിശോധിക്കുന്നു
കൂടുതൽ പരിശോധനയ്ക്കായി ലോഹ ഗോളത്തിന്റെ വിവിധ ദൃശ്യങ്ങൾ ജാപ്പനീസ് സ്വയം പ്രതിരോധ സേനയ്ക്കും കോസ്റ്റ് ഗാർഡിനും അയച്ചിട്ടുണ്ട്.
അതേസമയം എന്തുകൊണ്ടാണ് ലോഹഗോളം പെട്ടെന്ന് ശ്രദ്ധാകേന്ദ്രമായതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് കടൽത്തീരത്ത് സ്ഥിര സന്ദർശകനായി പ്രദേശവാസി പറയുന്നു. ഈ ലോഹഗോളം ഒരു മാസമായി അതെ സ്ഥലത്ത് ഉണ്ടെന്നും, താൻ അത് തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിദഗ്ധർ സ്ഥലത്തെത്തി വസ്തുവിന്റെ മേലുള്ള ദുരൂഹത പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടപ്പോൾ ഈ ലോഹഗോളത്തിന് ചുറ്റുമുള്ള 200 മീറ്റർ ചുറ്റളവിൽ പോലീസ് ആളുകളെത്തുന്നത് തടഞ്ഞു.
ജനപ്രിയ മാംഗ സീരീസായ ഡ്രാഗൺ ബോളിനോട് ഇതിന് സാമ്യമുള്ളതായി ചിലർ പറഞ്ഞിരുന്നു. മാത്രമല്ല അന്യഗ്രഹ ജീവികളുടെ സ്വാധീനത്താൽ ആകാശത്ത് നിന്ന് വീണ വസ്തുവാകാമെന്നും മറ്റുചിലർ വിശ്വസിക്കുന്നു.
സമീപ വർഷങ്ങളിൽ നിരവധി ചൈനീസ് ചാര ബലൂണുകൾ തങ്ങളുടെ പ്രദേശത്ത് കണ്ടെത്തിയതായി "ശക്തമായി സംശയിക്കുന്നു" എന്ന് ജപ്പാൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ലോഹഗോളം പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത്. ഗോളത്തിന്റെ ഉപരിതലത്തിൽ ഉയർത്തിയ രണ്ട് ഹാൻഡിലുകളുടെ സാന്നിധ്യം അത് മറ്റെന്തെങ്കിലും വസ്തുക്കളുമായി ബന്ധിപ്പിച്ചിരുന്നിരിക്കാം എന്നാണ് സൂചിപ്പിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.