വടക്കൻ ക്വീൻസ്‌ലാന്റിൽ വിനോദസഞ്ചാരിക്ക് നേരെ മുതലയുടെ ആക്രമണം: ജലാശയങ്ങൾക്കരികിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

 വടക്കൻ ക്വീൻസ്‌ലാന്റിൽ വിനോദസഞ്ചാരിക്ക് നേരെ മുതലയുടെ ആക്രമണം: ജലാശയങ്ങൾക്കരികിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ബ്രിസ്‌ബേൻ: വടക്കൻ ക്വീൻസ്‌ലാന്റിൽ നായയുമായി നടക്കാനിറങ്ങിയ വിനോദ സഞ്ചാരിയെ മുതല ആക്രമിച്ചതായി റിപ്പോർട്ട്. പ്രാദേശിക സമയം ഇന്നലെ ഉച്ചകഴിഞ്ഞ് 5.30 ഓടെ കുക്ക്‌ടൗണിന് തെക്ക് ബ്ലൂംഫീൽഡിലെ എയ്‌ടൺ ബോട്ട് റാംപിൽ വെച്ചാണ് 37 കാരൻ ആക്രമിക്കപ്പെട്ടത്. മുതലയിൽ നിന്ന് സ്വയം മോചിതനായ അദ്ദേഹത്തെ വിമാനമാർഗം കെയ്‌ൻസ് ഹോസ്പിറ്റലിൽ എത്തിച്ചു. നിലവിൽ വിനോദസഞ്ചാരിയുടെ ആരോഗ്യനില തൃപ്തികരമാനിന്നും അധികൃതർ വ്യക്തമാക്കി.

വൈകുന്നേരത്തോടെ നടക്കാനിറങ്ങിയതാണ് വിനോദ സഞ്ചാരിയും അദ്ദേഹത്തിന്റെ നായയും. നായയെ വെള്ളം കുടിപ്പിക്കുന്നതിനായി ജലാശയത്തിനരികിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു വലിയ മുതല ആക്രമിക്കുകയായിരുന്നുവെന്ന് ജബൽബിന അബോറിജിനൽ കോർപ്പറേഷന്റെ ജനറൽ മാനേജർ ജോഷ്വ പാറ്റേഴ്സൺ പറഞ്ഞു.

വിനോദ സഞ്ചാരിയുടെ കാലിലാണ് മുതല ആക്രമിച്ചത്. എങ്കിലും അദ്ദേഹം മുതലയിൽ നിന്നും സ്വയം രക്ഷപ്പെടുകയും സുരക്ഷിതമായ സ്ഥലത്തേക്ക് ഇഴഞ്ഞുമാറുകയും ചെയ്തു. ഉടൻ സഹായത്തിനായി അദ്ദേഹം പാറ്റേഴ്സണിന്റെ അംഗരക്ഷകരുമായി ബന്ധപ്പെട്ടു. അംഗരക്ഷകൻ കൃത്യസമയത്ത് ഇടപെടുകയും അടിയന്തിര സേവനങ്ങളുമായി ബന്ധപ്പെടുകയും ചെയ്തുവെന്നും പാറ്റേഴ്സൺ വിശദമാക്കി.

മുതലകളുടെ ആവാസകേന്ദ്രമെന്ന് അറിയപ്പെടുന്ന ഒരു പ്രദേശമാണിതെന്ന് പാറ്റേഴ്സൺ പറഞ്ഞു. ജലാശയത്തിന്റെ അരികിലേക്ക് പോകുന്നത് എപ്പോഴും അപകടകരമാണ്. പ്രത്യേകിച്ച് നദികളിൽ വെള്ളപ്പൊക്കമുണ്ടാകുന്ന ഈ സമയത്ത്. കൂടാതെ വൈകുന്നേരങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആളുകൾ മുതലകളെക്കുറിച്ച് അറിവുള്ളവരാകണം, ഇത്തരം അപകടങ്ങളെ വളരെ ഗൗരവമായി കാണുകയും വേണം. ആളുകൾ സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം എയ്‌ടൺ ബോട്ട് റാമ്പിന് സമീപം പ്രത്യേക മുതല സാന്നിധ്യമുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് വുജൽ വുജൽ അബോറിജിനൽ ഷയർ കൗൺസിൽ മേയർ ബ്രാഡ്‌ലി ക്രീക്ക് പറഞ്ഞു. എന്നാൽ ഏകദേശം 8 കിലോമീറ്റർ അകലെയുള്ള വുജൽ വുജൽ ബോട്ട് റാമ്പിൽ ഒരു വലിയ മുതലയെ കണ്ടതായി അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ മുതലയുടെ സാന്നിധ്യത്തെക്കുറിച്ച് അറിയാമായിരുന്നെന്നും അന്വേഷണത്തിനായി ഒരു സംഘത്തെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും ക്വീൻസ്‌ലൻഡ് എൻവയോൺമെന്റ് ആന്റ് സയൻസ് വകുപ്പ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.