തിരിച്ചറിവ് വിദ്യാര്‍ഥികളില്‍ ലഹരിയായി മാറട്ടെ...

തിരിച്ചറിവ് വിദ്യാര്‍ഥികളില്‍ ലഹരിയായി മാറട്ടെ...

യക്കു മരുന്നുകള്‍ വിഷയമാകുന്ന വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ അടുത്ത കാലത്ത് വരെ ഉപയോഗിച്ചിരുന്ന പ്രധാന തലക്കെട്ടുകളിലൊന്ന് 'ലഹരിയില്‍ മയങ്ങുന്ന യൗവ്വനം' എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്ന് മാറ്റിപ്പിടിക്കേണ്ട കാലം അതിക്രമിച്ചു. 'ലഹരിയില്‍ മയങ്ങുന്ന കൗമാരം' എന്ന സ്ഥിതിയിലെത്തി ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനം കൊള്ളുന്ന കേരളം.

വെറും ഒരു വര്‍ഷത്തിനിടെയുണ്ടായ മാറ്റമാണിത്. മനുഷ്യാവയവങ്ങളെ ഒന്നിനു പുറകേ മറ്റൊന്നായി ക്യാന്‍സര്‍ കാര്‍ന്നു തിന്നുന്നതുപോലെ. യൗവ്വനം... കൗമാരം... ഇനിയത് ശൈശവം വരെയെത്താം. അതായത് പിറന്നു വീഴുന്ന ഓരോ പിഞ്ചു കുഞ്ഞും അമ്മിഞ്ഞപ്പാലിന് പകരം നുണയുന്നത് മയക്കു മരുന്നാവാം. അത്രയ്ക്ക് അരികിലെത്തിക്കഴിഞ്ഞു ലഹരി അടക്കി വാഴുന്ന അധോലോകങ്ങള്‍.

വെറുതേ വായിച്ചു തള്ളേണ്ട ഒരു വിഷയമല്ലിത്. കാരണം നമ്മുടെ കുഞ്ഞുങ്ങള്‍ തീര്‍ത്തും സുരക്ഷിതരല്ല. അതി സാഹസികമായ അപകട മുനമ്പുകളിലൂടെയാണ് അവരുടെ യാത്ര. അവര്‍ പഠിക്കുന്ന സ്‌കൂളുകളുടെ, എന്തിനധികം നമ്മുടെ ഭവനങ്ങളുടെ പോലും വിളിപ്പാടകലെ അവരുണ്ട്... ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ഇദി അമീനുകള്‍... ആറ്റം ബോംബുകളെക്കാള്‍ പ്രഹര, വികിരണ ശേഷിയുള്ള മയക്ക് മരുന്ന് മാഫിയകള്‍.

ആന്റിമാരായും അങ്കിള്‍മാരായും ചേട്ടന്‍മാരായും ചേച്ചിമാരായും കൂട്ടുകാരായും പലപല വേഷപ്പകര്‍ച്ചകളിലാണ് ലഹരി മാഫിയ കുരുന്നു മനസുകളിലേക്ക് ചേക്കേറുന്നത്. പിന്നീട് ഒരുതരം മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് (എം.എല്‍.എം) തന്ത്രമാണ് പയറ്റുന്നത്. ഒരു കുട്ടിയെ വലയിലാക്കിയാല്‍ അതുവഴി മറ്റ് പലരിലേക്ക് പടര്‍ന്നു പന്തലിക്കുന്നു. 'എടുക്കുമ്പോള്‍ ഒന്ന്... തൊടുക്കുമ്പോള്‍ പത്ത്... കൊള്ളുമ്പോള്‍ ഒരു കോടിയൊരുകോടി' എന്ന വയലാറിന്റെ വരികള്‍ പോലെ.

സഹപാഠികളില്‍ നിന്ന് ഒരു മിഠായി പോലും വാങ്ങി കഴിക്കാന്‍ പറ്റാത്ത സാമൂഹിക അന്തരീക്ഷത്തിലാണ് നമ്മുടെ കുട്ടികള്‍ വളര്‍ന്നു വരുന്നത്. ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യം. ഇതിന്റെയൊക്കെ ഉത്തരവാദികള്‍ ആരെന്ന ചോദ്യത്തിന് എവിടെ നിന്നും മറുപടിയില്ല എന്നതാണ് കൂടുതല്‍ ഭയപ്പെടുത്തുന്നത്.

വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങി വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ആധുനിക സാങ്കേതിക വിദ്യകളാണ് കുരുന്നു മനസുകളിലേക്ക് നുഴഞ്ഞു കയറാനുള്ള ലഹരി മാഫിയകളുടെ പ്രധാന സഞ്ചാര പഥം.

അടുത്തയിടെ കോഴിക്കോട് ഒന്‍പതാം ക്ലാസുകാരിയെ അയല്‍വാസിയായ യുവാവ് ലഹരിക്കെണിയില്‍ പെടുത്തിയതും ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ റോയല്‍ ഡ്രഗ്‌സ് എന്ന ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു ഇടപാടുകള്‍. ഉപയോഗിക്കേണ്ട രീതിയും ഗ്രൂപ്പിലൂടെ നല്‍കിയിരുന്നു.

ഇതേ സ്‌കൂളിലെ മറ്റ് നാലു പേര്‍ കൂടി ലഹരി ഉപയോഗിച്ചിരുന്നതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഇവരെ പിന്നീട് സംഘം ക്യാരിയറാക്കിയെന്നും ഒരു ഗ്രാം 1000 രൂപയ്ക്കാണ് വിറ്റിരുന്നതെന്നും ഇതില്‍ 700 രൂപ വരെ തനിക്ക് ലഭിച്ചിരുന്നതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ലഹരി മാത്രമല്ല, ചെറു പ്രായത്തില്‍ രഹസ്യമായി കൈയില്‍ വരുന്ന പണവും പല കുട്ടികളേയും ഇതിലേക്ക് ആകര്‍ഷിക്കുന്നു.

സംസ്ഥാനത്തെ ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് കേരള പൊലീസ് നടത്തിയ സര്‍വേയിലും അമ്പരപ്പിക്കുന്ന വിവരങ്ങളാണുള്ളത്. മയക്കു മരുന്നിന് ഇരകളായ 21 വയസില്‍ താഴെയുള്ളവര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ അവരില്‍ 40 ശതമാനം പേരും 18 വയസിന് താഴെയുള്ളവരാണെന്നാണ് കണ്ടെത്തല്‍.

ലഹരി മരുന്നിന് അടിമപ്പെടുന്ന കുട്ടികളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണെന്നതാണ് കൂടുതല്‍ ഞെട്ടലുളവാക്കുന്നത്. ഇവരെ ക്യാരിയറുകളായും ലഹരി മരുന്ന് മാഫിയ ഉപയോഗിക്കുന്നു. പിന്നീട് ലൈംഗിക ചൂഷണത്തിനും ഇരയാക്കുന്നു.

ലഹരി എന്ന മഹാ വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് യുവജനങ്ങള്‍ക്കും കൗമാരക്കാര്‍ക്കും അവബോധം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയാണ് 'വിമുക്തി'. ലഹരി വിമുക്ത കേരളം എന്നതാണ് വിമുക്തി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഇതുവഴി വിദ്യാര്‍ഥികളിലും യുവ തലമുറയിലും പൊതു ജനങ്ങളിലും ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനുള്ള വിവിധ കര്‍മ്മ പരിപാടികള്‍ എക്സൈസ് വകുപ്പ് സംസ്ഥാന തലത്തില്‍ നടപ്പിലാക്കി വരുന്നു.

വിവിധ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ ശ്രമത്തിലൂടെയാണ് വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ എക്സൈസ് വകുപ്പ് നടപ്പിലാക്കുന്നത്. വിമുക്തിയുടെ കീഴില്‍ സ്‌കൂള്‍, കോളജ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത ക്ലബ്ബുകള്‍, സ്റ്റൂഡന്റ് പൊലീസ് കേഡറ്റുകള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീമുകള്‍, കുടുംബശ്രീ, റെസിഡന്‍സ് അസോസിയേഷനുകള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, ലഹരി വിമുക്ത ഓര്‍ഗനൈസേഷനുകള്‍, വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ്മകള്‍ എന്നിവയിലൂടെയാണ് വിമുക്തി മിഷന്‍ ലഹരിയ്ക്കെതിരെ പോരാടുന്നത്.

വിമുക്തിയുടെ കീഴില്‍ 14 ജില്ലകളിലും ലഹരി വിമുക്ത സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൗണ്‍സിലിങ് സെന്ററുകളും പ്രവര്‍ത്തിച്ചു വരുന്നു. എന്നാല്‍ വരും തലമുറയെ നിര്‍ദാക്ഷിണ്യം നശിപ്പിക്കുന്ന ഈ കൊടിയ സാമൂഹ്യ തിന്‍മയ്‌ക്കെതിരെ ഗൗരവകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നത് സംശയാസ്പദമാണ്. വിമുക്തി പോലുള്ള ബൃഹത് പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ധനസഹായം ബജറ്റില്‍ പോലും വകയിരുത്തിയിട്ടില്ല.

മാത്രമല്ല, 'വേലി തന്നെ വിളവ് തിന്നുന്നു' എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി മുഖ്യ ഭരണ കക്ഷിയായ സിപിഎമ്മിന്റെ ചില നേതാക്കളും പ്രവര്‍ത്തകരും ലഹരിക്കടത്ത് കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നു. ഇത്തരം കേസുകളില്‍പ്പെടുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാതെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന് ലഹരി മാഫിയയ്‌ക്കെതിരെ എങ്ങനെ ആത്മാര്‍ത്ഥമായ നിലപാട് സ്വീകരിക്കാന്‍ കഴിയും എന്ന ചോദ്യം അവശേഷിക്കുകയാണ്.

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വിവിധയിനം മയക്കു മരുന്നുകള്‍ ഇന്ത്യയിലെത്തുന്നത്. സാമ്പത്തികമായി തകര്‍ന്ന ഈ രാജ്യങ്ങളുടെ ഇപ്പോഴത്തെ പ്രധാന വരുമാന മാര്‍ഗം ലഹരിക്കച്ചവടമാണ്. ഇവര്‍ ലക്ഷ്യമിടുന്ന പ്രധാന വിപണിയും ഇന്ത്യ തന്നെ.

മയക്കു മരുന്നെന്ന ഈ മാരക വിപത്തിനെതിരെ പാല രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഒരു വര്‍ഷം മുന്‍പ് നല്‍കിയ മുന്നറിയിപ്പിനെ വര്‍ഗീയവല്‍ക്കരിച്ച് വെല്ലുവിളികളുമായി തെരുവിലിറങ്ങിയവരും അവര്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കിയ സര്‍ക്കാരും ഒന്നോര്‍ക്കണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് കേരളത്തില്‍ ഏറ്റവുമധികം കൗമാര പ്രായക്കാര്‍ മയക്കു മരുന്നിന് അടിമകളായി മാറിയത്. 25,240 കേസുകളാണ് 2022 ല്‍ മാത്രം കേരള പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.