മനുഷ്യന്റെ ജീവന് തീര്‍ത്തും വിലയില്ലാത്ത നാടായി മാറുകയാണ് കേരളം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഐവിന്‍ ജിജോ എന്ന ഇരുപത്തിനാലുകാരന്റെ അതിനിഷ്ഠൂരമായ കൊലപാതകം. നെടുമ്പാശേരി എയര്‍പോര്‍ട്ടിന് സമീപം രണ്ട് കാറുകള്‍ തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം ഒരു കുടുംബത്തിന്റെ അത്താണിയായ ചെറുപ്പക്കാരന്റെ ജീവനെടുത്തു.
സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് പ്രതികള്‍. നിയമം അറിയാത്തവരല്ല, നിയമം പരിപാലിക്കേണ്ടവരാണ്... അത് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടവരാണ് ഈ കൊടും ക്രൂരത ചെയ്തത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
തര്‍ക്കത്തിനിടെ തങ്ങളുടെ കാറിന് മുന്നില്‍ നിന്ന യുവാവിനെ ഇടിച്ചു തെറിപ്പിച്ച് കാര്‍ മുന്നോട്ടെടുക്കുകയും ബോണറ്റില്‍ പിടിച്ചു കിടന്ന ഐവിനുമായി ഏതാണ്ട് ഒരു കിലോ മീറ്റര്‍ സഞ്ചരിക്കുകയും അവസാനം ആ ചെറുപ്പക്കാരന്‍ കാറിനടിയില്‍പ്പെട്ട് മരണപ്പെടുകയുമായിരുന്നു. തലയ്ക്കും ശരീരമാസകലവും ഏറ്റ പരിക്കുകളുമാണ് ഐവിന്റെ മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
പ്രതികളായ സിഐഎസ്എഫ് എസ്‌ഐ വിനയകുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ കുമാര്‍ എന്നിവര്‍ മദ്യ ലഹരിയിലായിരുന്നു എന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
മദ്യപിച്ച് വാഹനമോടിച്ചതിന് പിഴയൊടുക്കി തീര്‍ക്കാവുന്ന വിഷയമാണ് പ്രതികളുടെ അഹങ്കാരവും അധികാര പ്രമാണിത്വവും മൂലം ജീവപര്യന്തം ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാക്കി തീര്‍ത്തത് എന്ന് മാത്രമല്ല, അത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്‌നങ്ങളും തകര്‍ത്തെറിയുകയും ചെയ്തു.
നെടുമ്പാശേരിയില്‍ വിമാന കമ്പനികള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കുന്ന സ്വകാര്യ സ്ഥാപനത്തിലെ ഷെഫായിരുന്നു കൊല ചെയ്യപ്പെട്ട ഐവിന്‍. ജോലിയില്‍ കയറിയിട്ട് അധികനാള്‍ ആയിരുന്നില്ല. വിദേശത്തേക്ക് പോകുവാനുള്ള ഒരുക്കത്തിലായിരുന്നു അവന്‍.
എത്ര വലിയ പ്രതീക്ഷയിലായിരുന്നു ആ കുടുംബം എന്നോര്‍ക്കണം. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. ഇന്നവന്‍ തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയിലെ ആറടി മണ്ണില്‍ അന്ത്യ വിശ്രമത്തിലാണ്.
മാസങ്ങള്‍ക്ക് മുന്‍പാണ് എറണാകുളം നഗരത്തില്‍ ഇത്തരമൊരു സംഭവമുണ്ടായത്. റോഡില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇടിച്ചു തെറിപ്പിച്ചപ്പോള്‍ കാറിന്റെ ബോണറ്റിലേക്ക് വീണ യുവാവ് അവിടെ പിടിച്ചു തൂങ്ങി കിടന്നതിനാല്‍ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. രാസ ലഹരിയുടെ അടിമകളായിരുന്നു പ്രതികള്‍.
ഗുണ്ടാ സംഘങ്ങള്‍ അടക്കി വാഴുന്ന മുംബൈയിലെ അധോലോക കേന്ദ്രങ്ങളിലും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റുമാണ് ഇത്തരം കൊടും ക്രൂരതകള്‍ മുന്‍പ് നമ്മള്‍ കേട്ടിട്ടുള്ളത്. എന്നാല്‍ അതിപ്പോള്‍ കേരളത്തിലും പതിവാകുകയാണ്.
കാല്‍നടയായോ, വാഹനത്തിലോ റോഡിലേക്ക് ഇറങ്ങാനാകാത്ത അവസ്ഥ. ഇങ്ങോട്ട് വന്ന് മുട്ടിയാല്‍ പോലും ഒന്നും പറയാനാകില്ല. എന്തെങ്കിലും പറഞ്ഞാല്‍ ഒന്നുകില്‍ പിച്ചാത്തിയെടുക്കും... അല്ലെങ്കില്‍ വടിവാള്‍... അതുമല്ലെങ്കില്‍ തോക്ക്.
നിയമപാലകരും നീതി നിര്‍വഹണ സംവിധാനങ്ങളും ഭരണകൂടവുമെല്ലാം വെറും നോക്കുകുത്തികളായി മാറിയതോടെ കേരളത്തില്‍ എവിടെയും ഇത്തരം അരക്ഷിതാവസ്ഥയാണ്. കൊലവിളികളും കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസങ്ങളില്ല. കലാലയങ്ങള്‍, ഓഫീസുകള്‍, പൊതു നിരത്തുകള്‍, എന്തിനധികം സ്വന്തം വീടുകളില്‍ പോലും ആരും സുരക്ഷിതരല്ല.
അപ്പോഴും നമ്മുടെ ഭരണകര്‍ത്താക്കള്‍ പറയുന്നത് ക്രമസമാധാന പാലനത്തില്‍ കേരളം മുന്‍പന്തിയിലാണന്ന്. നിങ്ങള്‍ക്ക് എല്ലാം ഒറ്റപ്പെട്ട സംഭവമായിരിക്കാം. പക്ഷേ, ഒന്നോര്‍ക്കുക... കേളി കൊട്ടുയരുന്ന കേരളം ഇന്ന് കൊലവിളി ഉയരുന്ന കേരളമായി മാറിക്കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.