വാഷിങ്ടണ്‍: ലോകബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജന്‍ അജയ് ബംഗയെ നിര്‍ദ്ദേശിച്ച് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനാണ് അജയ് ബംഗയുടെ പേര് നിര്‍ദ്ദേശിച്ചത്. നിലവിലെ ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് അജയ് ബംഗയ്ക്ക് സാധ്യതയേറിയത്. നിലവില്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്ലാന്റിക്കില്‍ വൈസ് ചെയര്‍മാനാണ് അജയ് ബംഗ. 
സാധാരണയായി ലോക ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് അമേരിക്കക്കാരും രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) തലപ്പത്ത് യൂറോപ്യന്‍കാരുമാണ് എത്താറുള്ളത്. ഇതാദ്യമായിട്ടാണ് 189 അംഗരാജ്യങ്ങളുള്ള ലോകബാങ്ക് തലപ്പത്തേക്ക് ഒരു ഇന്ത്യാക്കാരന്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. ബംഗയെ ലോകബാങ്ക് തലപ്പത്ത് നിയോഗിക്കാനുള്ള നീക്കത്തെ ഇന്ത്യയും പിന്തുണച്ചേക്കാനാണ് സാധ്യത. 
കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തനായ വ്യക്തിയാണ് ബംഗയെന്ന് പേര് നിര്‍ദ്ദേശിച്ചുകൊണ്ട് ബൈഡന്‍ പറഞ്ഞു. വ്യക്തികളെയും സംവിധാനങ്ങളെയും കൈകാര്യം ചെയ്യുന്നതിലും ലോകമെമ്പാടുമുള്ള ആഗോള നേതാക്കളുമായി പങ്കാളിത്തത്തോടെ നന്നായി പ്രവര്‍ത്തിച്ചതിനും മികച്ച ട്രാക്ക് റെക്കോര്‍ഡുള്ളയാളാണ് അജയ് ബംഗയെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. 
പൂനെയില്‍ ജനിച്ച് ഡല്‍ഹിയില്‍ വിദ്യാഭ്യാസം നേടിയ അജയ് ബംഗയെ മികവിന്റെ പേരില്‍ 2016-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. മാസ്റ്റര്‍ കാര്‍ഡിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്ന അദ്ദേഹം 12 വര്‍ഷത്തെ സേവനത്തിന് ശേഷം 2021 ലാണ് സ്ഥാനമൊഴിഞ്ഞത്. അമേരിക്കന്‍ റെഡ്ക്രോസ്, ക്രാഫ്റ്റ് ഫുഡ്സ്, ഡൗ ഇന്‍ക് എന്നിവയുടെ ബോര്‍ഡുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അമേരിക്കയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 30 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അജയ് ബംഗയ്ക്ക് ലോകബാങ്കിലും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.