തുര്‍ക്കി ഭൂകമ്പത്തില്‍ തകര്‍ന്നത് ഒന്നരലക്ഷത്തിലേറെ കെട്ടിടങ്ങള്‍; കരാറുകാരടക്കം 612 പേര്‍ക്കെതിരെ അന്വേഷണം

തുര്‍ക്കി ഭൂകമ്പത്തില്‍ തകര്‍ന്നത് ഒന്നരലക്ഷത്തിലേറെ കെട്ടിടങ്ങള്‍; കരാറുകാരടക്കം 612 പേര്‍ക്കെതിരെ അന്വേഷണം

അങ്കാറ: ഭൂകമ്പത്തില്‍ 44,000-ലധികം പേര്‍ മരിച്ച തുര്‍ക്കിയില്‍ കെട്ടിട നിര്‍മാണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. 600ലേറെ പേര്‍ക്കെതിരെ അന്വേഷണം അരംഭിച്ചതായി തുര്‍ക്കി സാമൂഹിക നീതി വകുപ്പ് മന്ത്രി വ്യക്തമാക്കി. കെട്ടിട നിര്‍മാണ കരാറുകാരും കെട്ടിട ഉടമകളും മാനേജര്‍മാരുമടക്കമാണ് അന്വേഷണം നേരിടുന്നത്. കെട്ടിടങ്ങള്‍ വ്യാപകമായി തകര്‍ന്നതാണ് തുര്‍ക്കിയില്‍ ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതെന്ന വിമര്‍ശനം സര്‍ക്കാരിനെതിരെ ഉയരുന്ന പശ്ചാത്തലത്തിലാണ് ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുന്നത്.

ഫെബ്രുവരി ആറിന് ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ തെക്കന്‍ തുര്‍ക്കിയില്‍ 44,000ത്തോളം പേരാണ് മരിച്ചത്. വടക്കന്‍ സിറിയയില്‍ മരണം 5,500.

തുര്‍ക്കിയില്‍ 1,73,000 കെട്ടിടങ്ങള്‍ തകരുകയോ കാര്യമായ തകരാര്‍ സംഭവിക്കുകയോ ചെയ്തു. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാത്തതാണ് ഇത്രയേറെ പേരുടെ ജീവനെടുത്തതെന്നാണ് സര്‍ക്കാരിനെതിരായ പ്രധാന ആക്ഷേപം. കുറ്റവാളികളെന്ന് സംശയിക്കുന്ന 612 പേരില്‍ 184 പേരെ വിചാരണ കൂടാതെ ജയിലിലടച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് അടുത്തുള്ള നുര്‍ദാഗി പട്ടണത്തിന്റെ മേയറെയും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതിനിടെ തുര്‍ക്കിയില്‍ കഴിഞ്ഞ ദിവസും നേരിയ ഭൂചലനമുണ്ടായി. 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ആദ്യ ഭൂചലനത്തിന് പിന്നാലെ 9,470 തുടര്‍ ചലനങ്ങള്‍ മേഖലയില്‍ ഉണ്ടായെന്ന് തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സി വ്യക്തമാക്കുന്നു. രണ്ട് വര്‍ഷത്തോളമെങ്കിലും ഈ പ്രവണതയുണ്ടാകുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.