ഹൈദരാബാദിനോട് അടിതെറ്റി; സ്വന്തം കാണികള്‍ക്ക് മുന്നില്‍ അവസാന ലീഗ് പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിന് പരാജയം

ഹൈദരാബാദിനോട് അടിതെറ്റി; സ്വന്തം കാണികള്‍ക്ക് മുന്നില്‍ അവസാന ലീഗ് പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിന് പരാജയം

കൊച്ചി: സ്വന്തം മൈതാനത്ത് അവസാന ലീഗ് പോരാട്ടത്തിന് ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് അടിത്തെറ്റി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി ഫൈനല്‍ ഉറപ്പിച്ച ഹൈദരാബാദിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് തോറ്റു മടങ്ങി. 29-ാം മിനിട്ടില്‍ വിദേശതാരം ബോര്‍ജയുടെ ഗോളിലാണ് ഹൈദരാബാദിന്റെ വിജയം. ലീഗ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 20 കളിയില്‍ നിന്ന് 10 ജയവും ഒരു സമനിലയും ഒമ്പത് തോല്‍വിയുമായി 31 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. 

പ്ലേ ഓഫിലേയ്ക്ക് യോഗ്യത നേടിയത് കൊണ്ട് തന്നെ ചില മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെതിരെ ഇറങ്ങിയത്. ആയിഷ് അധികാരിയും മലയാളിതാരം വിബിന്‍ മോഹനും ആദ്യ പതിനൊന്നില്‍ ഇടം കിട്ടി. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ സൂപ്പര്‍ താരം അഡ്രിയന്‍ ലൂണയെയും പരിശീലകന്‍ ഇവാന്‍ വുക്കമനോവിച്ച് ആദ്യ ഇലവനില്‍ ഇറക്കി. മറുവശത്ത് സെമിഫൈനല്‍ ഉറപ്പിച്ചതു കൊണ്ടു തന്നെ ഗോളടിയന്ത്രം ഒഗ്ബച്ചേ അടക്കമുള്ള താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് ജാവിയന്‍ സെവിരിയോയെ മുന്നേറ്റത്തില്‍ ഇറക്കിയാണ് ഹൈദരാബാദ് കളത്തിലിറങ്ങിയത്. 

നാലാം മിനിറ്റില്‍ ഹൈദരാബാദിന് അനുകൂലമായി വീണുകിട്ടിയ കോര്‍ണര്‍ കിക്കോടെയാണ് കളി ചൂടുപിടിച്ചത്. എന്നാല്‍ സാഹചര്യം അനുകൂലമാക്കാന്‍ ഹൈദരാബാദിനായില്ല. തുടക്കം മുതല്‍ പന്തിന്റെ നിയന്ത്രണം ഹൈദരാബാദിന്റെ കാലുകളിലായിരുന്നു. ആദ്യ 10 മിനിട്ടില്‍ അനവധി അവസരങ്ങളാണ് ഹൈദരാബാദ് സൃഷ്ടിച്ചത്. മിന്നായം പോലെ ചില നീക്കങ്ങള്‍ മഞ്ഞപ്പടയില്‍ നിന്നുമുണ്ടായെങ്കിലും കാര്യമുണ്ടായില്ല. 

21-ാം മിനിട്ടിലാണ് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായ ഒരു നീക്കമുണ്ടായത്. 30 വാരെ അകലെ നിന്ന് ലഭിച്ച ഫ്രീകിക്ക് എടുത്ത ലൂണയ്ക്ക് പക്ഷെ പിഴച്ചു. അധികം താമസിക്കാതെ ഹൈദരാബാദ് ലക്ഷ്യം കണ്ടു. മൈതാന മധ്യത്ത് ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ജെസല്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തിയ പിഴവ് മുതലെടുത്താണ് ഹൈദരാബാദ് ഗോള്‍ നേടിയത്. ബോക്‌സിനുള്ളില്‍ കിട്ടിയ പന്ത് ബോര്‍ജ മനോഹരമായി വലയിലാക്കി. 

ഗോളാരവം അവസാനിപ്പിക്കുന്നതിന് മുമ്പ് തന്നെ വീണ്ടും ഹൈദരാബാദ് ബ്ലാസ്‌റ്റേഴ്‌സിന്റെ വല വീണ്ടും കുലുക്കി. ആരാധകര്‍ തലയില്‍വച്ച് നിന്നപ്പോള്‍ റഫറിയുടെ ഓഫ്‌സൈഡ് ഫഌഗ് ഉയര്‍ന്നു. ഗോളാഘോഷം തുടങ്ങിയ ഹൈദരാബാദ് താരങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ചുനിന്നു.  

രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങള്‍ക്ക് അല്‍പ്പം ബലംവച്ചു. എന്നാല്‍ മധ്യനിരയ്ക്ക് താളം തെറ്റിയതാണ് മഞ്ഞപ്പടയ്ക്ക തിരിച്ചടിയായത്. 60-ാം മിനിട്ടില്‍ ജിയാനുവും ഡാനിഷും പകരക്കാരായി ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മൈതാനത്തെത്തി. ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ക്ക് അല്‍പ്പം ജീവന്‍ വച്ചതും ഈ പകരക്കാരിലൂടെയാണ്. ആദ്യപകുതിയില്‍ നിന്ന് വിഭിന്നമായി ചില നീക്കങ്ങള്‍ ഹൈദരാബാദ് ബോക്‌സിലേയ്ക്ക് നടത്താനും പിന്നീട് ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചു. പക്ഷെ ഗോള്‍ ക്ഷാമം പരിഹരിക്കാന്‍ പോന്നതായിരുന്നില്ല ആ നീക്കങ്ങള്‍. 

സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആരാധകരെ യാത്രയാക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ചില പ്രത്യാക്രമണങ്ങളും കളിയുടെ അവസാന മിനിട്ടില്‍ ആതിഥേയരുടെ ഭാഗത്ത് നിന്നുണ്ടായി. ഇനി മാര്‍ച്ച് മൂന്നിന് ബാംഗ്ലൂരിനെതിരെ പ്ലേ ഓഫീനായി ബ്ലാസ്‌റ്റേഴ്‌സിന് ഒരുങ്ങാം. വീഴ്ച്ചയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫീല്‍ മിന്നും പ്രകടനം കാഴ്ച്ചവയ്ക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് മഞ്ഞപ്പടയുടെ ആരാധകര്‍ മൈതാനം വിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.