ജക്കാര്‍ത്ത: ദ്വീപ് രാജ്യമായ പാപ്പുവ ന്യൂ ഗിനിയയില്‍ വിഘടനവാദി സംഘടനകള്‍ ബന്ദികളാക്കിയ ഓസ്ട്രേലിയന്‍ പ്രൊഫസറെയും രണ്ട് സഹപ്രവര്‍ത്തകരെയും വിട്ടയച്ചു. ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്ങാണ് മോചന വാര്‍ത്ത പുറത്തുവിട്ടത്.
ന്യൂസിലന്‍ഡ് പൗരനും സതേണ്‍ ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ആര്‍ക്കിയോളജി പ്രൊഫസറുമായ ബ്രൈസ് ബാര്‍ക്കര്‍, അദ്ദേഹത്തിന്റെ ഗവേഷണ സംഘത്തിലെ അംഗങ്ങളായ കാത്തി അലക്സ്, പാപുവ ന്യൂ ഗിനിയ നാഷണല്‍ മ്യൂസിയം ഗവേഷക ജെമിന ഹാരോ, പി.എച്ച്.ഡി വിദ്യാര്‍ത്ഥിനി ടെപ്സി ബെനി എന്നിവരെയാണ് മോചിപ്പിച്ചത്.
സുരക്ഷിതവും സമാധാനപരവുമായ മോചനം ഉറപ്പാക്കുന്നതില്‍ പാപ്പുവ ന്യൂ ഗിനിയ സര്‍ക്കാരിന് നന്ദിയെന്ന് പെന്നി വോങ് ഞായറാഴ്ച ട്വീറ്റ് ചെയ്തു.
പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങളോട് മാപ്പ് പറയുകയും അവരുടെ മോചനത്തിനായി തന്റെ സര്‍ക്കാര്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്നു വെളിപ്പെടുത്തുകയും ചെയ്തു.
രാജ്യത്തെ വിദൂര മേഖലയായ ബോസാവി പര്‍വത പ്രദേശത്ത് ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന സംഘത്തെ കഴിഞ്ഞ 19 നാണ് 20 പേരടങ്ങുന്ന സായുധ സംഘം പിടികൂടിയത്. ഒരാഴ്ചയിലേറെ തടവില്‍ കഴിഞ്ഞ ശേഷമാണ് മോചനം. 1.5 മില്യണ്‍ ഡോളര്‍ മോചനദ്രവ്യം ലക്ഷ്യമിട്ടായിരുന്നു തട്ടിക്കൊണ്ടു പോകല്‍. ഒടുവില്‍ വളരെ ചെറിയ തുക നല്‍കിയാണ് ഗവേഷക സംഘത്തെ മോചിപ്പിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍. പ്രദേശം സൈനികരും പോലീസും വളഞ്ഞിരുന്നു. സൈനികര്‍ മോചനദ്രവ്യം കൈമാറിയ ഉടന്‍ സായുധ സംഘം കാട്ടിലേക്ക് ഓടിപ്പോയി.
പ്രദേശത്ത് വളരെക്കാലമായി പ്രവര്‍ത്തിക്കുന്ന മിഷനറിമാരുടെ മധ്യസ്ഥതയിലാണ് സായുധ സംഘവുമായി ചര്‍ച്ചകള്‍ നടത്തിയത്. മോചന ശ്രമങ്ങള്‍ക്ക് പോലീസിന്റെയും സൈന്യത്തിന്റെയും പ്രാദേശിക നേതാക്കളുടെയും സഹായമുണ്ടായിരുന്നു. അതീവ രഹസ്യമായാണ് മോചനത്തിനുള്ള നീക്കങ്ങള്‍ നടത്തിയത്.
പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാപുവ ന്യൂ ഗിനിയ വഴിയാണോ ഓസ്ട്രേലിയയിലേക്കുള്ള ആദ്യത്തെ മനുഷ്യ കുടിയേറ്റം നടന്നത് എന്നാണ് ബാര്‍ക്കറുടെ സംഘം അന്വേഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26