റോം: ഇറ്റലിയുടെ തെക്കന്‍ തീരത്തെ കടലില്‍ അഭയാര്‍ത്ഥികളുടെ ബോട്ട് തകര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60 പേര്‍ മരിച്ചു. 80 പേര്‍ രക്ഷപ്പെട്ടു. ഇറ്റാലിയന്‍ തീരസംരക്ഷണസേന 42 മൃതദേഹം കണ്ടെടുത്തു. കാലാബ്രിയ മേഖലയിലെ തീരദേശ നഗരമായ ക്രോട്ടോണിന് സമീപം ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്ന് ഇറ്റലിയുടെ ആഭ്യന്തര മന്ത്രി മറ്റിയോ പിയാന്റെദോസി വ്യക്തമാക്കി.
കപ്പലില്‍ 160 കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തീരത്തിന് ഏതാനും മീറ്റര്‍ അകലെ പാറയില്‍ ഇടിച്ചാണ് ബോട്ട് തകര്‍ന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സൊമാലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. തുര്‍ക്കിയില്‍ നിന്നാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. അപകടത്തില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ ബോട്ട് പാറയില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിലയിരുത്തല്‍. കരയ്‌ക്കെത്താന്‍ ചെറിയ ദൂരം ഉള്ളപ്പോഴാണ് അപകടമുണ്ടായത്. മരം കൊണ്ടുള്ള ബോട്ടിന്റെ അവശിഷ്ടങ്ങള്‍ തീരത്തടിഞ്ഞു. കോസ്റ്റ് ഗാര്‍ഡിനോടൊപ്പം അഗ്‌നിശമന സേനാംഗങ്ങള്‍, പോലീസ്, റെഡ്‌ക്രോസ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അനധികൃതമായി അഭയാര്‍ഥികളെ എത്തിക്കുന്നതു കര്‍ശനമായി തടയുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
യൂറോപ്പിലേക്ക് കടല്‍ മാര്‍ഗം എത്താന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളുടെ പ്രധാന ലാന്‍ഡിംഗ് പോയിന്റുകളില്‍ ഒന്നാണ് ഇറ്റലി. സെന്‍ട്രല്‍ മെഡിറ്ററേനിയന്‍ റൂട്ട് എന്ന് വിളിക്കപ്പെടുന്ന ഈ പാത ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ഒന്നായിട്ടാണ് അറിയപ്പെടുന്നത്. 2022 ല്‍ മാത്രമായി ഒരു ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ കടല്‍ മാര്‍ഗം ഇറ്റലിയില്‍ എത്തി എന്നാണ് കണക്കുകള്‍. ജീവന്‍ പണയപ്പെടുത്തിയാണ് കുടുംബത്തോടെയുള്ള സാഹസിക യാത്ര.
സംഘര്‍ഷവും ദാരിദ്ര്യവും മൂലം ആഫ്രിക്കയില്‍ നിന്ന് വലിയൊരു വിഭാഗം ആളുകള്‍ ഓരോ വര്‍ഷവും ഇറ്റലിയിലേക്കു പലായനം ചെയ്യുന്നുണ്ട്. 2014 മുതല്‍ 20,334 പേരാണ് ബോട്ടപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ മിസിങ് മൈഗ്രന്റ്‌സ് പ്രോജക്റ്റ് പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.