ഡല്‍ഹിയില്‍ കഴിഞ്ഞ ഞായറാഴ്ച 32.3 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഈ സീസണിലെ ശരാശരിയേക്കാള്‍ ഏഴ് പോയിന്റ് കൂടുതലാണിതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പറയുന്നു. അഞ്ച് പതിറ്റാണ്ടിനിടെ മൂന്നാമത്തെ വലിയ ചൂടേറിയ ദിവസത്തിനാണ് രാജ്യതലസ്ഥാനം ഫെബ്രുവരി 21 ന് സാക്ഷ്യം വഹിച്ചത് (33.6 ഡിഗ്രി സെല്‍ഷ്യസ്).
വടക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, മധ്യ ഇന്ത്യ എന്നിവിടങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഒഡീഷയിലെ ചില പ്രദേശങ്ങളില്‍ മാര്‍ച്ച് മാസത്തിലെ ആദ്യത്തെ ആഴ്ച താപനില 40 മുതല്‍ 42 ഡിഗ്രി ഉയരാമെന്ന് കലിംഗ ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ മിക്ക തീരപ്രദേശങ്ങളിലും പടിഞ്ഞാറന്‍ ഭാഗങ്ങളിലും താപനില മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ ഉയരുമെന്നും വടക്കന്‍, ദക്ഷിണ ഒഡീഷ ജില്ലകളിലെ പകല്‍ സമയത്തെ താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉഷ്ണതരംഗ സൂചനയോ?
പടിഞ്ഞാറന്‍ കാറ്റിലുണ്ടായ കുറവും തല്‍ഫലമായി മഴയുടെ അളവ് കുറഞ്ഞതുമാണ് ഈ വര്‍ഷം ഇത്ര നേരത്തേ തന്നെ താപനില ഉയരാന്‍ കാരണമെന്ന് സ്‌കൈമെറ്റ് വെതര്‍ സര്‍വീസസ് പ്രസിഡന്റ് ജിപി ശര്‍മ പറയുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കാര്യമായ പടിഞ്ഞാറന്‍ കാറ്റ് ഉണ്ടായിരുന്നില്ല. സമതലപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലുമെല്ലാം മഴയുടെ കുറവുണ്ട്. ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ താപനിലയില്‍ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൂട് കൂടുന്നതില്‍ ലാ നിന പ്രതിഭാസത്തിനും പങ്കുണ്ടെന്നും ജിപി ശര്‍മ പറഞ്ഞു. ഇതു മൂലം ശരാശരിയേക്കാള്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. തുടര്‍ന്നുള്ള മാസങ്ങളില്‍ ചൂട് ഇനിയും കൂടുമെന്നും ജിപി ശര്‍മ പറഞ്ഞു. ചൂട് ഇനിയും കൂടാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ഉച്ചക്കു ശേഷം 3 മണി വരെ പുറത്തിറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതോടൊപ്പം, അയഞ്ഞതും ധരിക്കാന്‍ എളുപ്പമുള്ളതുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കാനും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്താണ് പടിഞ്ഞാറന്‍ കാറ്റ്?
മെഡിറ്ററേനിയന്‍ മേഖലയില്‍ രൂപം കൊള്ളുന്ന ഒരു ഉഷ്ണമേഖലാ കാറ്റാണിത്. വടക്കേ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ശൈത്യകാല മഴക്ക് കാരണമാകുന്നത് ഈ കാറ്റാണ്. ഇത് കിഴക്ക് വടക്കന്‍ ബംഗ്ലാദേശ് മുതല്‍, തെക്ക്-കിഴക്കന്‍ നേപ്പാള്‍ വരെ വ്യാപിക്കുന്നു.
ലാ നിനയും എല്‍ നിനോയും
സാധാരണയായി എല്‍ നിനോ പ്രതിഭാസം ഇന്ത്യയിലെ കാലവര്‍ഷത്തെ പ്രതികൂലമായും ലാ നിന പ്രതിഭാസം അനുകൂലമായുമാണ് ബാധിക്കുന്നത്. പക്ഷെ ഇത്തവണ ലാ നിന ഇന്ത്യയിലെ കാലവര്‍ഷത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് കാലാവസ്ഥാ വിഗദ്ധര്‍ പറയുന്നത്. ഭൂമധ്യ രേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്ന പ്രതിഭാസത്തെയാണ് ലാ നിന എന്നു പറയുന്നത്. പസഫിക് സമുദ്രത്തിന്റെ തെക്കുകിഴക്കന്‍ ഭാഗം ചൂടു പിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ എന്നറിയപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.