നികുതി പിരിവിലെ കെടുകാര്യസ്ഥത: അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

നികുതി പിരിവിലെ കെടുകാര്യസ്ഥത: അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: നികുതി പിരിവിലെ കെടുകാര്യസ്ഥത സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വിഷയം സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കര്‍ റൂളിംഗ് നടത്തുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.

ഐജിഎസ്ടി വിഹിതം ലഭ്യമാക്കുന്നതിലും നികുതി ചോര്‍ച്ച തടയുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടിക്കണക്കിന് രൂപയുടെ നികുതി നഷ്ടമുണ്ടായതായും ചൂണ്ടിക്കാട്ടിയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. പ്രതിപക്ഷത്ത് നിന്നും റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

നികുതിപിരിവ് ഗൗരവമുള്ള വിഷയമാണെന്നും ചര്‍ച്ചയില്ലെങ്കില്‍ പിന്നെ എന്ത് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. സര്‍ക്കാരിന് ചര്‍ച്ചയെ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട്  ഐജിഎസ്ടി പൂളില്‍  നിന്ന് പിരിച്ചെടുക്കാനുള്ളത്   25000 കോടി രൂപയാണ്. ഇത് ചരക്ക് ഗതാഗതത്തില്‍ നിന്ന് സംസ്ഥാനത്തിന് കിട്ടേണ്ട തുകയാണ്. ഐജിഎസ്ടി ഇനത്തില്‍ ഏറ്റവും കൂടുതല്‍ നികുതി ലഭിക്കേണ്ട സംസ്ഥാനമാണ് കേരളമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഒരുവര്‍ഷം ശരാശരി അയ്യായിരം കോടിയുടെ നഷ്ടം കേരളത്തില്‍ ഉണ്ടാകുന്നുണ്ട്. ജിഎസ്ടി സംവിധാനത്തില്‍ പുനക്രമീകരണം നടത്തണമെന്ന് പ്രതിപക്ഷം പലയാവര്‍ത്തി ആവശ്യപ്പെട്ടിട്ടും ചെയ്തില്ല. ജിഎസ്ടി ഇന്റലിജന്‍സ്, സര്‍വയലന്‍സ്, എന്‍ഫോഴ്സ്മെന്റ് എന്നിവയുടെ പ്രവര്‍ത്തനം നടക്കുന്നില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

നികുതി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. ഇത് നിയമസഭയില്‍ ചര്‍ച്ച ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുമോ? ഇന്ന് വീണ്ടും പ്രതിരോധത്തിലാകാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരമാണ് സ്പീക്കര്‍ നോട്ടീസിന് അനുമതി നിഷേധിച്ചതെന്നും അദേഹം ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.