നൈജീരിയയില്‍ ബോല അഹമ്മദ് ടിനുബു പ്രസിഡന്റ് പദവിയിലേക്ക്; വോട്ടെണ്ണലില്‍ കൃത്രിമം ആരോപിച്ച് കത്തോലിക്കാ ബിഷപ്പുമാരടക്കം രംഗത്ത്

നൈജീരിയയില്‍ ബോല അഹമ്മദ് ടിനുബു പ്രസിഡന്റ് പദവിയിലേക്ക്; വോട്ടെണ്ണലില്‍ കൃത്രിമം ആരോപിച്ച് കത്തോലിക്കാ ബിഷപ്പുമാരടക്കം രംഗത്ത്

അബുജ: നൈജീരിയയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഓള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ബോല അഹമ്മദ് ടിനുബു(70) പ്രസിഡന്റ് പദവിയിലേക്ക്. അതേസമയം ഫലം പുറത്തുവന്നതിനു പിന്നാലെ വോട്ടെണ്ണലില്‍ കൃത്രിമം ആരോപിച്ച് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കത്തോലിക്കാ ബിഷപ്പുമാര്‍ ഉള്‍പ്പെടെ, വോട്ടെണ്ണല്‍ കൈകാര്യം ചെയ്തതില്‍ നൈജീരിയന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ നിശിതമായി വിമര്‍ശിച്ചു. വോട്ടര്‍മാരും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ഉന്നയിക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അടുത്തയാഴ്ച ബോല ടിനുബു പ്രസിഡന്റായി സ്ഥാനമേല്‍ക്കും. രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ടിനുബു. തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ വിലകുറച്ച് കാണരുതെന്നും കൃത്രിമം നടത്തിയതിന് തെളിവുണ്ടെങ്കില്‍ ഹാജരാക്കാനും ആവശ്യപ്പെട്ട് നിലവിലെ പ്രസിഡന്റ് മുഹമ്മദു ബുഹാരി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.

യൊറൂബ വംശീയ ഗോത്രത്തില്‍ നിന്നുള്ള മുസ്ലീം മതവിശ്വാസിയായ രാഷ്ട്രീയക്കാരനാണ് ടിനുബു. നിലവിലെ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ പാര്‍ട്ടിയെയാണ് ടിനുബു പ്രതിനിധീകരിക്കുന്നത്. രണ്ടു ടേം പൂര്‍ത്തിയാക്കിയതിനാല്‍ ബുഹാരി വീണ്ടും മത്സരിക്കാന്‍ യോഗ്യനല്ല. 1999ല്‍ രാജ്യം ജനാധിപത്യ ഭരണ സംവിധാനം സ്വീകരിച്ചശേഷം, തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചാമത്തെ പ്രസിഡന്റാണ് ടിനുബു.

മതം, രാഷ്ട്രീയം, വംശം, പ്രാദേശികവാദം എന്നിവയെല്ലാം സ്വാധീനിച്ച തിരഞ്ഞെടുപ്പായിരുന്നു നൈജീരിയയില്‍ ഇത്തവണ നടന്നത്. ഭരണകക്ഷിയായ ഓള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസും പ്രതിപക്ഷമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും സ്വതന്ത്ര നിലപാടുകളുള്ള ലേബര്‍ പാര്‍ട്ടിയും തമ്മിലായിരുന്നു പ്രധാന മത്സരം.

നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെയായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. അടുത്തിടെ 200, 500, 1000 എന്നിവയുടെ പഴയ നോട്ടുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ പകരം പുതിയ നോട്ടുകള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും വ്യാപക പ്രക്ഷോഭത്തിന് കാരണമാകുകയും ചെയ്തു. അതിര്‍ത്തികളെല്ലാം അടച്ച് കനത്ത സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്.

നൈജീരിയന്‍ ജനതയില്‍ ഏറെയും മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ടവരാണ്. സാമ്പത്തിക മുരടിപ്പും അരക്ഷിതാവസ്ഥയും നിറഞ്ഞതായിരുന്നു ബുഹാരിയുടെ ഭരണം. രാജ്യത്തൊട്ടാകെ നടമാടുന്ന തട്ടിക്കൊണ്ടുപോകലുകള്‍, വടക്കുകിഴക്കന്‍ മേഖലയിലെ സജീവമായ ഭീകരവാദം, തെക്കുകിഴക്കന്‍ മേഖലയിലെ വിഘടനവാദം മുതലായ പ്രശ്‌നങ്ങളില്‍ ക്രൈസ്തവ വിശ്വാസികളാണ് കൂടുതല്‍ ഇരയാക്കപ്പെടുന്നത്. ബെന്യൂ സംസ്ഥാനത്തെ ക്രിസ്ത്യന്‍ കര്‍ഷകരുടെ കൂട്ടക്കൊലകള്‍ മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധിയുടെ ഉദാഹരണമാണ്.

ശനിയാഴ്ച വോട്ട് ചെയ്തതിന് ശേഷം 10 പൗരന്മാരെങ്കിലും രാത്രി വൈകി അവരുടെ വാസസ്ഥലങ്ങളില്‍ കൊല്ലപ്പെട്ടതായി മകുര്‍ദിയിലെ കത്തോലിക്കാ പുരോഹിതനായ ഫാദര്‍ റെമിജിയൂസ് ഇഹ്യുല പറഞ്ഞു.

നൈജീരിയയിലാണ് ക്രൈസ്തവര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഇസ്ലാമിക തീവ്രവാദികള്‍, പതിനായിരക്കണക്കിന് ക്രൈസ്തവരെയാണ് നൈജീരിയയില്‍ കൊല്ലപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.