ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രിമാരുടെ യോഗവും തീരുമാനമാകാതെ പിരിഞ്ഞതില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ. ബംഗളൂരുവില്‍ നടന്ന ജി20 ധനമന്ത്രിമാരുടെ യോഗവും സമവായത്തിലെത്തിയിരുന്നില്ല. ഉച്ചകോടി ലക്ഷ്യം കാണാതെ പോകരുതെന്ന് വിദേശകാര്യ മന്ത്രാലയം അംഗ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ഉക്രെയ്ന്‍ യുദ്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇന്നലെ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗം തീരുമാനം ആകാതെ പിരിഞ്ഞിരുന്നു. ജി20 അധ്യക്ഷനും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായ മോഡിയുടെ സമാധാന ആഹ്വാനം തള്ളിക്കൊണ്ടാണ് രാജ്യങ്ങള്‍ കൊമ്പുകോര്‍ത്തത്. ഇന്നലെയാണ് ഇന്ത്യയുടെ അധ്യക്ഷതയില്‍ ജി 20 രാജ്യങ്ങളിലെ മന്ത്രിമാരുടെ രണ്ടാമത്തെ യോഗം നടന്നത്.
റഷ്യ, അമേരിക്ക, ചൈന, ജര്‍മ്മനി തുടങ്ങി നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. രാഷ്ട്രപതി ഭവനിലെ കള്‍ച്ചറല്‍ സെന്ററിലാണ് യോഗം നടന്നത്. എന്നാല്‍ ഉക്രെയ്ന്‍ യുദ്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യോഗം അലസിപ്പിരിയുകയായിരുന്നു.
നേരത്തെ ബെംഗുളൂരുവില്‍ നടന്ന ജി20 ധനമന്ത്രിമാരുടെ യോഗത്തില്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധം എന്ന വാക്ക് ഉപയോഗിക്കുന്നതിലെ അഭിപ്രായ വ്യത്യാസമായിരുന്നു പ്രശ്‌നം. ഇതേത്തുടര്‍ന്ന് യോഗം പ്രമേയം പാസാക്കാതെ പിരിയുകയായിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ഏത് സമാധാന ശ്രമങ്ങള്‍ക്കും ഇന്ത്യ ഭാഗമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.