നാടന്‍ കോഴികളെപ്പോലെ ധാന്യങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും മാത്രം തീറ്റയായി കൊടുത്ത് രാത്രി മാത്രം കൂട്ടിലിട്ട് വളര്‍ത്തുന്ന, ബംഗളൂരുവിലെ ചാബ്രോ ഇനം ഇറച്ചിക്കോഴി ഇപ്പോള്‍ കേരളത്തിലും ലഭ്യമാണ്. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴിലുള്ള ബംഗളൂരു സെന്‍ട്രല്‍ പൗള്‍ട്രി ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനും കേന്ദ്രസര്‍ക്കാരിന്റെ രജിസ്ട്രേഷനുള്ള തൃശൂരിലെ സില്‍വര്‍ ഫേണ്‍ കര്‍ഷക ഉത്പാദക സംഘടനയും ചേര്‍ന്നാണ് 'ബാസഗി' എന്ന ബ്രാന്‍ഡില്‍ കോഴിയിറച്ചി തൃശൂരിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെത്തിക്കുന്നത്.
സെന്‍ട്രല്‍ പൗള്‍ട്രി ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനാണ് കോഴിയെ വികസിപ്പിച്ചത്. ബംഗളൂരുവില്‍ നിന്ന് ഒരു മുട്ട 22 രൂപയ്ക്ക് കര്‍ഷക ഉത്പാദക സംഘടന വാങ്ങി ജില്ലാ പഞ്ചായത്ത് ഹാച്ചറിയില്‍ വിരിയിച്ചെടുക്കും. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പണം നല്‍കി കോഴിക്കുഞ്ഞുങ്ങളെ രണ്ട് മാസം വളര്‍ത്തും. പിന്നീട്, വെറ്ററിനറി സര്‍വകലാശാലയുടെ മണ്ണുത്തിയിലെ മാംസ സംസ്‌കരണ യൂണിറ്റില്‍ നിന്നും സംസ്‌കരണ പ്രക്രിയയ്ക്ക് വിധേയമാക്കി ശീതീകരിച്ച് വിപണിയിലെത്തിക്കും. ഒരു കിലോഗ്രാമിന് 400-500 രൂപയാണ് ഈടാക്കുക.
കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളുടെ സഹകരണവും സംയോജനവും ഉള്ളതിനാല്‍ പദ്ധതി എല്ലാ ജില്ലകളിലും വിപുലമാക്കുകയാണ് ലക്ഷ്യം. പരീക്ഷണ അടിസ്ഥാനത്തില്‍ മൂന്ന് മാസം മുന്‍പ് മുട്ടകള്‍ വാങ്ങി വിരിയിച്ചിരുന്നു. ചിക്കന്‍ ഫ്രൈ ഉണ്ടാക്കി അയ്യന്തോളിലെ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ വില്‍പന തുടങ്ങി.
മറ്റ് സവിശേഷതകള്‍
*ബ്രോയിലര്‍ കോഴികളുടെ ഇറച്ചി പോലെ മൃദുലം
*ഔഷധഗുണവും രോഗപ്രതിരോധ ശേഷിയും
*രണ്ട് മാസത്തെ വളര്‍ച്ചയ്ക്ക് വേണ്ടത് 1,300 ഗ്രാം തീറ്റ
*നാടന്‍ കോഴിയിറച്ചിയുടെ രുചിയും ഗുണവും
പലനിറമുള്ള സങ്കരയിനം
മുട്ടയ്ക്കും ഇറച്ചിക്കുമായി വീട്ടുവളപ്പില്‍ വളര്‍ത്താന്‍ കഴിയുന്ന ഗ്രാമീണ ഇനമാണ് വിവിധ വര്‍ണങ്ങളിലുള്ള സങ്കരയിനം കോഴിയായ ചാബ്രോ. മുട്ടകള്‍ വിരിയാന്‍ 21 ദിവസം. രണ്ട് മാസം വളര്‍ച്ചയെത്തുമ്പോള്‍ 600 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെയുണ്ടാകും. പരമാവധി തൂക്കം ഒന്നരകിലോഗ്രാം വരെ മാത്രം. ചാബ്രോ കോഴികള്‍ മറ്റ് കൃത്രിമ ഭക്ഷണം കഴിക്കാത്തതു കൊണ്ട് ഇറച്ചിക്കും ആ ഗുണമുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v