'കോയമ്പത്തൂര്‍, മംഗളൂരു സ്ഫോടനത്തിന് പിന്നില്‍ തങ്ങളുടെ സഹോദരങ്ങള്‍'; ദക്ഷിണേന്ത്യയിലെ ഇസ്ലാമിക ഭീകരരെ പുകഴ്ത്തി ഐഎസ് മുഖപത്രം

'കോയമ്പത്തൂര്‍, മംഗളൂരു സ്ഫോടനത്തിന് പിന്നില്‍ തങ്ങളുടെ സഹോദരങ്ങള്‍'; ദക്ഷിണേന്ത്യയിലെ ഇസ്ലാമിക ഭീകരരെ പുകഴ്ത്തി ഐഎസ് മുഖപത്രം

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ സജീവമായ ഇസ്ലാമിക ഭീകരര്‍ക്ക് കോയമ്പത്തൂര്‍, മംഗളൂരു സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് ഐഎസിന്റെ മുഖപത്രം. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രവിശ്യയുടെ (ഐഎസ്‌കെപി) മീഡിയ ഫൗണ്ടേഷനായ അല്‍-അസൈം പുറത്തിറക്കിയ 68 പേജുള്ള 'വോയ്സ് ഓഫ് ഖൊറാസന്‍' എന്ന മുഖപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോയമ്പത്തൂര്‍ സ്ഫോടനം നടന്ന് നാല് മാസവും മംഗളൂരു സ്ഫോടനത്തിന് ശേഷം മൂന്ന് മാസവും പിന്നിടുന്ന വേളയിലാണ് ഭീകരസംഘടന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന രണ്ട് ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ ദക്ഷിണേന്ത്യയിലെ ഭീകരര്‍ക്ക് പ്രധാന പങ്കുണ്ടെന്ന് മുഖപത്രത്തില്‍ വ്യക്തമാക്കുന്നു. ഇംഗ്ലീഷ് ഭാഷയിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23 ന് കോയമ്പത്തൂരില്‍ നടന്ന കാര്‍ സ്‌ഫോടനവും, നവംബര്‍ 19ന് മംഗളൂരുവിലെ ഓട്ടോറിക്ഷയില്‍ വച്ചുനടന്ന പ്രഷര്‍ കുക്കര്‍ ബോംബ് സ്‌ഫോടനവും നടത്തിയത് ഐഎസ് ബന്ധമുള്ള തീവ്രവാദികളാണെന്ന് മുഖപത്രത്തില്‍ പരാമര്‍ശിക്കുന്നു.

''കോയമ്പത്തൂര്‍, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നടത്തിയ ഞങ്ങളുടെ ആക്രമണങ്ങള്‍ നോക്കൂ, അവിടെ നമ്മുടെ സഹോദരങ്ങള്‍ നമ്മുടെ മതത്തിന്റെ മഹത്വത്തിന് വേണ്ടി പ്രതികാരം ചെയ്യുകയും കുഫാറിനെ (ഇതര മുസ്ലീങ്ങളെയും അവിശ്വാസികളെയും വിശേഷിപ്പിക്കുന്ന പദം) ഭയപ്പെടുത്തുകയും ചെയ്തു.''- മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം ദക്ഷിണേന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഭീകരര്‍ സജീവമായിട്ടുള്ളതെന്ന് വോയ്സ് ഓഫ് ഖൊറാസനില്‍ വ്യക്തമാക്കുന്നില്ല. മുഖപത്രത്തില്‍ പരാമര്‍ശിക്കുന്ന ഭീകരര്‍ കൂടുതലും കേരളത്തിലാണ് സജീവമെന്നും അവര്‍ തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും വ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നുമുള്ള വിലയിരുത്തലുകള്‍ വെളിപ്പെടുത്തലിന് പിന്നാലെ ഉയരുന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഐഎസ് അനുഭാവികളെന്ന് സംശയിക്കുന്ന പ്രതികള്‍ക്കായി കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ 60 ലധികം സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി രണ്ടാഴ്ചയ്ക്ക് പിന്നാലെയാണ് ഭീകര സംഘടന ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയത് എന്നുള്ളതും ശ്രദ്ധേയമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.