ഇറാനിൽ പെൺകുട്ടികൾക്കു നേരെ വീണ്ടും വിഷപ്രയോഗം ; മുപ്പതോളം വിദ്യാർത്ഥിനികൾ അശുപത്രിയിൽ

ഇറാനിൽ പെൺകുട്ടികൾക്കു നേരെ വീണ്ടും വിഷപ്രയോഗം ; മുപ്പതോളം വിദ്യാർത്ഥിനികൾ അശുപത്രിയിൽ

ടെഹ്റാൻ: ഇറാനിൽ ആശങ്കയേറ്റി വീണ്ടും പെൺകുട്ടികൾക്ക് നേരെ വിഷപ്രയോഗം. അഞ്ച് പ്രവിശ്യകളിൽ നിന്നുള്ള മുപ്പതോളം വിദ്യാർത്ഥിനികളെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോ‍ർട്ട് ചെയ്തു.

പടിഞ്ഞാറൻ ഹമീദാൻ, സ‌ൻജാൻ, പടിഞ്ഞാറൻ അസർബൈജാൻ, ആൽബോർസ് പ്രവിശ്യകളിലാണ് വിഷപ്രയോഗം നടന്നതായി റിപ്പോർട്ടുകൾ ഉയർന്നിട്ടുള്ളത്. സംഭവത്തെ തുടർന്ന് സ്കൂളുകൾ അടച്ചുപൂട്ടി.

ആശുപത്രികളിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനികൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് നേരിടുന്നത്. ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, ഇറാന്റെ ശത്രുക്കളാണ് ഇതിന് പിന്നിലെന്നും കുറ്റപ്പെടുത്തി.

വിദ്യാർത്ഥിനികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ വിഷപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ ഉള്ളതായി ഇറാൻ ആഭ്യന്തര മന്ത്രിയും വ്യക്തമാക്കി. ഇറാനിൽ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നത് തടയാൻ വ്യാപകമായി വിഷപ്രയോഗം നടത്തിയെന്ന് ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു.

നവംബർ അവസാനത്തോടെ ടെഹ്റാനടുത്തുള്ള ക്വാമിൽ നൂറ് കണക്കിന് വിദ്യാർത്ഥിനികൾ ചികിത്സ നേടിയതിന് പിന്നാലെയായിരുന്നു ഈ വെളിപ്പെടുത്തൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.