കത്തിലെ പ്രസക്ത ഭാഗങ്ങള്‍:
നമ്മുടെ രാജ്യം കെട്ടിപ്പടുക്കുന്നതില്‍ ക്രിസ്ത്യാനികളുടെ പങ്ക് വളരെ വലുതാണ്.
സിവില്‍ സര്‍വീസുകളിലും സായുധ സേനകളിലും ക്രിസ്ത്യാനികളുടെ പങ്കാളിത്തം ദേശീയ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്.
ഒരു ക്രിസ്ത്യന്‍ സ്ഥാപനവും അതിന്റെ നേട്ടങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നില്ല. എല്ലാ മതങ്ങളില്‍ നിന്നുമുള്ളവര്‍ ഇതിന്റെയൊക്കെ ഗുണഭോക്താക്കളാണ്.
ഒന്നാം നൂറ്റാണ്ട് മുതല്‍ നമ്മുടെ രാജ്യം ക്രിസ്തു മതത്തിന്റെ ഭവനമാണ്.
എന്നിട്ടും ദേവാലയങ്ങള്‍ തകര്‍ക്കുക, രൂപങ്ങള്‍ മലിനമാക്കുക, വിശ്വാസികളെ മര്‍ദിക്കുക, വംശഹത്യയ്ക്കുള്ള പരസ്യമായ ആഹ്വാനങ്ങള്‍ നടത്തുക എന്നിവ ഇപ്പോഴും തുടരുന്നു.
ക്രിസ്ത്യാനികള്‍ക്കിടയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും അവരെ പാര്‍ശ്വവത്കരിക്കുകയും ചെയ്യുന്നു.
ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന ആക്രമണങ്ങളില്‍ ആശങ്കയും പ്രതിഷേധവുമറിയിച്ച് 93 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.
ബിജെപിയുമായി ബന്ധപ്പെട്ടവരും അനുബന്ധ സംഘടനകളില്‍പ്പെട്ടവരും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ നടത്തുന്ന അക്രമങ്ങളെ അങ്ങേയറ്റം അപലപിക്കുകയാണെന്നും ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും തങ്ങള്‍ എതിര്‍ക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്ത നിഷ്പക്ഷതയിലും ഇന്ത്യന്‍ ഭരണഘടനയോടുള്ള പ്രതിബദ്ധത പങ്കിടുന്നതിലും വിശ്വസിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അഖിലേന്ത്യാ, കേന്ദ്ര സര്‍വീസുകളിലെ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് തങ്ങളെന്ന വാക്കുകളോടെയാണ് കത്ത് ആരംഭിക്കുന്നത്.
മതവിശ്വാസങ്ങള്‍ക്ക് അതീതമായി എല്ലാ വിഭാഗങ്ങളെയും തുല്യരായി പരിഗണിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുമെതിരായ അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. രാജ്യത്ത് 1951 ല്‍ ഉണ്ടായിരുന്ന 2.3 ശതമാനമോ അതില്‍ കുറവോ ആണ് ഇപ്പോഴും ക്രൈസ്തവ ജനസംഖ്യ.
എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ആരോപണം ഉന്നയിച്ചാണ് വിവിധ ക്രൈസ്തവ സമുദായങ്ങള്‍ക്കെതിരേ നിരന്തരം അക്രമം അരങ്ങേറുന്നത്. നമ്മുടെ രാജ്യം കെട്ടിപ്പടുക്കുന്നതില്‍ ക്രിസ്ത്യാനികളുടെ പങ്ക് വളരെ വലുതാണ് എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്.
സിവില്‍ സര്‍വീസുകളിലും സായുധ സേനകളിലും ക്രിസ്ത്യാനികളുടെ പങ്കാളിത്തവും നേതൃത്വവും സമൂഹത്തിന്റെ ദേശീയ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്. എന്നിട്ടും ഈ സമുദായത്തിനെതിരേ വെറുപ്പും വിദ്വേഷവും അക്രമവും തുടരുന്നതായാണ് കാണാന്‍ കഴിയുന്നതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
ഇന്ത്യയിലെ ക്രൈസ്തവര്‍ മുന്നണികളില്‍ സജീവമാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പരിഷ്കരണം, ഇവ വിദൂരവും അപ്രാപ്യവുമായ പ്രദേശങ്ങളിലേക്കും ഏറ്റവും പിന്നാക്ക വിഭാഗങ്ങളിലേക്കും ദളിതരിലേക്കും ആദിവാസികളിലേക്കും എത്തിക്കാന്‍ ക്രൈസ്തവ സമൂഹം വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണ്.
എല്ലാ മതങ്ങളില്‍ നിന്നുമുള്ളവരാണ് ഇതിന്റെയൊക്കെ ഗുണഭോക്താക്കള്‍. ക്രിസ്തീയതയുടെ അച്ചടക്കം, ത്യാഗം, സേവനം തുടങ്ങിയ മൂല്യങ്ങള്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ മുഖമുദ്രയാണ്. സമീപകാല പകര്‍ച്ച വ്യാധിയുടെ സമയത്ത് ആയിരത്തിലധികം ക്രിസ്ത്യന്‍ ആശുപത്രികള്‍ രോഗികളുടെ ചികിത്സയ്ക്കായി എളുപ്പത്തില്‍ തുറന്നിട്ടു.
വിദ്യാഭ്യാസമോ, ആരോഗ്യമോ ഏത് മേഖലയിലെ ക്രിസ്ത്യന്‍ സ്ഥാപനവും അതിന്റെ നേട്ടങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നില്ല. ഇന്ത്യയിലെ നഴ്സുമാരില്‍ 30 ശതമാനവും ക്രൈസ്തവരാണ്. ഛത്തീസ്ഗഡ്, അസം, യു.പി, മധ്യപ്രദേശ്, ഒഡീഷ, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും നേരേ കൂടുതലും ആക്രമണങ്ങള്‍ നടക്കുന്നത്.
ഏറ്റവുമൊടുവില്‍ ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ നടന്ന അക്രമ സംഭവം ഉള്‍പ്പെടെയുള്ളവ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ നടക്കുന്ന എല്ലാ അക്രമങ്ങള്‍ക്കും അടിയന്തരമായി അറുതി വരുത്തണം. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഇതിനായി പ്രത്യേക നടപടികള്‍ സ്വീകരിക്കണമെന്നും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കത്തില്‍ ആവശ്യപ്പെടുന്നു.
വിദ്വേഷ പ്രസംഗം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. മുസ്ലിം വിരുദ്ധതയില്‍ നിന്ന് ക്രിസ്ത്യന്‍ വിരുദ്ധതയിലേക്ക് പ്രകടമായി ചാഞ്ചാട്ടം നടക്കുന്നു. ദേവാലയങ്ങള്‍ തകര്‍ക്കുക, രൂപങ്ങള്‍ മലിനമാക്കുക, വിശ്വാസികളെ മര്‍ദിക്കുക, വംശഹത്യയ്ക്കുള്ള പരസ്യമായ ആഹ്വാനങ്ങള്‍ നടത്തുക എന്നിങ്ങനെയുള്ള പ്രകോപനങ്ങളുടെ പരമ്പരയാണുള്ളത്. ക്രിസ്ത്യാനികള്‍ക്കിടയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും അവരെ പാര്‍ശ്വവത്കരിക്കുകയും ചെയ്യുന്നു.
സുസംഘടിതമായ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികളുള്ള വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ഇത് അങ്ങനെയാകണമെന്നില്ല. എന്നാല്‍ കക്ഷിരാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇത് ആവര്‍ത്തിച്ച് പ്രകടമാകുന്നു. ഒന്നാം നൂറ്റാണ്ട് മുതല്‍ നമ്മുടെ രാജ്യം ക്രിസ്തു മതത്തിന്റെ ഭവനമാണ്. എങ്കിലും ഇന്ന് വാസ്തവത്തില്‍ ക്രിസ്ത്യാനികള്‍ ന്യൂനപക്ഷങ്ങളും സ്വന്തം രാജ്യത്ത് അപരിചിതരുമാക്കപ്പെടുകയാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഉന്നത നേതാക്കളില്‍ നിന്നുള്ള ഒരു വാക്ക് കൊണ്ട് എല്ലാ അക്രമങ്ങളും ഉടനടി തടയാനാകും. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ നിശബ്ദത കൂടുതല്‍ അക്രമത്തിന് കാരണമാകുമെന്ന് ഞങ്ങള്‍ക്കറിയാം.
എല്ലാ ഇന്ത്യക്കാരെയും പോലെ ക്രിസ്ത്യാനികള്‍ക്കും നിയമത്തിന്റെ തുല്യവും പക്ഷപാതരഹിതവുമായ നീതി ഉറപ്പാക്കേണ്ടതുണ്ട്. പ്രധാനമന്ത്രി അവര്‍ക്ക് ഈ ഉറപ്പ് നല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്ന വാക്കുകളോടെയാണ് കത്ത് അവസാനിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.