വത്തിക്കാന്‍ സിറ്റി: യേശുവിന്റെ രൂപാന്തരീകരണത്തില്‍ തെളിയുന്ന ദൈവിക സൗന്ദര്യവും മഹത്വവും സ്‌നേഹത്തിന്റെയും സേവത്തിന്റെയും ദൈനംദിന പ്രവൃത്തികളിലൂടെ നാം മറ്റുള്ളവരിലേക്കും പങ്കിടണമെന്ന് ഫ്രാന്‍സിസ് പാപ്പ.
നോമ്പുകാലത്തിന്റെ രണ്ടാം ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഒത്തുകൂടിയ, വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ.
ദിവ്യബലി മധ്യേ വായിച്ച മത്തായിയുടെ സുവിശേഷം പതിനേഴാം അദ്ധ്യായം ഒന്നു മുതല്‍ 9 വരെയുള്ള വാക്യങ്ങളെ ആധാരമാക്കിയായിരുന്നു പാപ്പയുടെ സന്ദേശം. അതായത്, താബോര്‍ മലയില്‍ വച്ച് യേശു രൂപാന്തരപ്പെടുന്ന സംഭവം വിവിരിക്കുന്ന സുവിശേഷ ഭാഗമായിരുന്നു അത്.
'ദൈവത്തിന്റെ മഹത്വവും സൗന്ദര്യവും ശിഷ്യന്മാര്‍ക്കു വെളിപ്പെട്ട അതിമനോഹരമായ അനുഭവമാണ് മാര്‍പ്പാപ്പ പങ്കുവച്ചത്. ദൈവത്തിന്റെ വിശുദ്ധിയുടെ പ്രകാശം യേശുവിന്റെ മുഖത്തും വസ്ത്രത്തിലും തിളങ്ങുന്നതിന് അവര്‍ സാക്ഷ്യം വഹിക്കുന്നു. ദൈവത്തിന്റെ സൗന്ദര്യം എന്നാല്‍ ദൈവസ്‌നേഹമാണ്. ക്രിസ്തുവില്‍ അവതരിക്കപ്പെട്ട ദിവ്യസ്‌നേഹത്തിന്റെ സൗന്ദര്യവും തേജസും ശിഷ്യന്മാര്‍ അവരുടെ കണ്ണുകളാല്‍ കണ്ടു. ആ നിമിഷം അവര്‍ക്ക് പറുദീസയുടെ അനുഭവം എന്താണെന്ന് മുന്‍കൂട്ടി അനുഭവിക്കാന്‍ കഴിഞ്ഞു' - തിരുവചനഭാഗത്തെ വ്യാഖ്യാനിച്ച് പാപ്പാ പറഞ്ഞു.
രൂപാന്തരീകരണത്തിന്റെ സൗന്ദര്യം അവരെ കീഴടക്കിയപ്പോള്‍ ശിഷ്യന്മാര്‍ അപാരമായ സന്തോഷവും വിസ്മയവും ആശ്ചര്യവും അനുഭവിച്ചതായി പാപ്പാ പറഞ്ഞു.
'യേശു ഈ അനുഭവത്തിലൂടെ ശിഷ്യന്മാരെ രൂപപ്പെടുത്തുകയായിരുന്നു. കുറച്ചു കഴിഞ്ഞ് യേശുവിനെ ക്രൂശിക്കുകയും അവിടുത്തെ മുഖം വികൃതമാക്കുകയും ചെയ്യുമ്പോള്‍ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ അതേ സൗന്ദര്യം തിരിച്ചറിയാന്‍ ശിഷ്യന്മാരെ തന്റെ രൂപാന്തരീകരണത്തിലൂടെ ഒരുക്കുകയായിരുന്നു.
രൂപാന്തരീകരണത്തിന്റെ അത്ഭുതകരമായ അനുഭവം ദീര്‍ഘിപ്പിക്കാന്‍ പത്രോസ് ആഗ്രഹിക്കുന്നു. എന്നാല്‍ യേശു അത് അനുവദിച്ചില്ല, കാരണം അവിടുത്തെ പ്രകാശത്തെ ഒരു 'മാന്ത്രിക നിമിഷം' ആയി ചുരുക്കാന്‍ യേശു ആഗ്രഹിച്ചില്ല. പകരം, അവരുടെ വിശ്വാസത്തിലും ജീവിത യാഥാര്‍ത്ഥ്യത്തിലും വഴികാട്ടുന്ന വെളിച്ചമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു.
മരുഭൂമിയില്‍ അഗ്‌നിസ്തംഭം ജനതയെ നയിച്ചതു പോലെ യാത്രയില്‍ വഴികാട്ടുന്ന വെളിച്ചമാണ് ക്രിസ്തു. യേശുവിന്റെ സൗന്ദര്യം ശിഷ്യന്മാരെ ജീവിത യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകറ്റുന്നില്ല, മറിച്ച് ജെറുസലേമിലേക്കുള്ള എല്ലാ വഴികളിലും കുരിശിലേക്കുള്ള വഴിയിലും അവിടുത്തെ അനുഗമിക്കാനുള്ള ശക്തി അവര്‍ക്ക് പ്രദാനം ചെയ്യുന്നു.
ഈ സുവിശേഷം നമുക്കും ഒരു പാത തെളിച്ചു തരുന്നു: യേശു നമുക്കായി പറയുന്നതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളും മനസിലാക്കുക എളുപ്പമല്ലെങ്കില്‍പ്പോലും അവനോടൊപ്പം ആയിരിക്കുക എത്ര പ്രധാനമാണെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. ഓരോ ദിവസവും നമ്മോടൊപ്പം നടക്കുന്ന ആളുകളുടെ മുഖത്ത് അവിടുത്തെ സൗന്ദര്യം തിരിച്ചറിയാന്‍ ഈ നോമ്പുകാലം നമ്മെ ക്ഷണിക്കുന്നു. എത്രയോ മുഖങ്ങള്‍ നാം അനുദിനം കാണുന്നു. ചിരിക്കുന്ന മുഖങ്ങള്‍, കണ്ണുനീര്‍ നിറഞ്ഞ മുഖങ്ങള്‍... അവയെല്ലാം സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുന്നു! അവരെ തിരിച്ചറിയാനും ഹൃദയം നിറയ്ക്കാനും നമുക്ക് പഠിക്കാം' - പാപ്പാ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ ആത്മാര്‍ത്ഥതയോടെ സ്‌നേഹിക്കുകയും സേവിക്കുകയും ക്ഷമിക്കുകയും ചെയ്തുകൊണ്ട് നമ്മുടെ ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ ഉദാരമായിരിക്കാന്‍ മാര്‍പ്പാപ്പ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.
കാല്‍വരിയിലെ ഇരുട്ടിലും തന്റെ പുത്രന്റെ വെളിച്ചം ഹൃദയത്തില്‍ സൂക്ഷിച്ച മറിയം സ്‌നേഹത്തിന്റെ പാതയില്‍ എപ്പോഴും നമ്മെ തുണയ്ക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചാണ് പാപ്പ പ്രഭാഷണം അവസാനിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.